ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍; ചരിത്രം കുറിച്ച് ഇന്ത്യയുടെ നീതു ഘഗാസ്
ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടി ഇന്ത്യയുടെ ബോക്‌സിങ് താരം നീതു ഘഗാസ്. വിജയത്തോടെ ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടുന്ന ആറാമത്തെ ഇന്ത്യന്‍ വനിതാ ബോക്‌സറായിരിക്കുകയാണ് നീതു ഘഗാസ്. ഫൈനലില്‍ മംഗോളിയയുടെ ലുട്‌സായ്ഖാന്‍ അള്‍ട്ടാന്‍സെറ്റ്‌സെഗിനെ തകര്‍ത്താണ് ഇന്ത്യന്‍ താരം സ്വര്‍ണമെഡല്‍ നേടിയത്. 48 കിലോഗ്രാം മത്സരവിഭാഗത്തിലാണ് 5.0 സ്‌കോറില്‍ നീതു ചരിത്ര നേട്ടം കരസ്ഥമാക്കിയത് .
ടൂര്‍ണമെന്റ് ചരിത്രത്തില്‍ തന്നെ സ്വര്‍ണമെഡല്‍ നേടുന്ന ആറാമത്തെ വനിതാ ഇന്ത്യന്‍ താരം എന്ന ബഹുമതിയും നീതു ഘഗാസിന് സ്വന്തം. മേരി കോം,ലായ്ശ്രാം സരിത ദേവി ജെന്നി, ലേഖ, നിഖാന്ത സരിന്‍ എന്നിവരാണ് ഇതിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയത്. ഫൈനലില്‍ മംഗോളിയ താരത്തിന് പ്രതിരോധിക്കാന്‍ അവസരം നല്‍കാതെയായിരുന്നു താരത്തിന്‍റെ പ്രകടനം. ന്യൂഡല്‍ഹിയാണ് ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയത്വം വഹിക്കുന്നത്. രണ്ട് തവണ യൂത്ത് ചാമ്പ്യൻഷിപ്പ് സ്വർണ മെഡൽ ജേതാവായ നീതുവിന്‍റെ ആദ്യത്തെ കോമൺവെൽത്ത് ഗെയിംസാണിത്. 2018 ൽ ബുഡാപെസ്റ്റിൽ നടന്ന യൂത്ത് ഗെയിംസിലും 2017 ൽ ഗുവാഹത്തിയിൽ നടന്ന യൂത്ത് ഗെയിംസിലും നീതു സ്വർണ മെഡലുകൾ നേടി.