ഉഗാണ്ടൻ ഒളിമ്പ്യൻ റെബേക്ക ചെപ്തെഗെയിയെ തീകൊളുത്തി കൊന്നു; മാരത്തണ്‍ താരത്തെ ആക്രമിച്ചത് മുൻ ആണ്‍സുഹൃത്ത്
ഒളിമ്പ്യനും ഉഗാണ്ടയുടെ മാരത്തണ്‍ താരവുമായ റെബേക്ക ചെപ്തെഗെയിയെ മുൻ ആണ്‍സുഹൃത്ത് തീകൊളുത്തി കൊലപ്പെടുത്തി. ഞായറാഴ്ചയായിരുന്നു ആരാധാനായലത്തില്‍ നിന്ന് മക്കളോടൊപ്പം വീട്ടില്‍ തിരിച്ചെത്തിയ റെബേക്കയ്ക്ക് നേരെ ആക്രമണമുണ്ടായത്. ചികിത്സയില്‍ കഴിഞ്ഞിരുന്ന താരത്തിന്റെ മരണം ഇന്നാണ് സ്ഥിരീകരിച്ചത്.
ഇരുവരും തമ്മില്‍ ഭൂമിയെച്ചൊല്ലി തർക്കം നിലനിന്നിരുന്നതായാണ് പ്രദേശിക ഭരണാധികാരി വ്യക്തമാക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തീപിടുത്തത്തില്‍ പരുക്കേറ്റ റബേക്കയുടെ മുൻ സുഹൃത്തും ചികിത്സയില്‍ കഴിയുകയാണ്. കഴിഞ്ഞ പാരീസ് ഒളിമ്പിക്‌സില്‍ മാരത്തണില്‍ താരം മത്സരിച്ചിരുന്നു. 44-ാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്.
മകളുടെ മരണത്തില്‍ കെനിയൻ സർക്കാർ നീതി ഉറപ്പാക്കണമെന്ന് റെബേക്കയുടെ പിതാവ് ജോസഫ് ചെപ്തെഗെയ് ആവശ്യപ്പെട്ടു. റെബേക്കയുടെ മരണത്തില്‍ അതിയായ ദുഃഖമുണ്ടെന്ന് ഉഗാണ്ടയുടെ അത്‌ലെറ്റിക്‌സ് ഫെഡറേഷൻ അറിയിച്ചു. ഇത്തരം ആക്രമണങ്ങളെ അപലപിക്കുന്നതായും നീതി ഉറപ്പാക്കണമെന്നും ഫെഡറേഷനും ആവശ്യപ്പെട്ടു.
വീടിന് പുറത്ത് ഇരുവരും വാക്കേറ്റത്തില്‍ ഏർപ്പെട്ടിരുന്നതായും പിന്നീട് സുഹൃത്ത് റബേക്കയുടെ ശരീരത്തിലേക്ക് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നെന്നും പോലീസ് ഉദ്യോഗസ്ഥനായ ജെർമിയ അറിയിച്ചു.
തായ്‌ലൻഡില്‍ 2022ല്‍ നടന്ന വേള്‍ഡ് മൗണ്ടെയ്‌ൻ ആൻഡ് ട്രയല്‍ റണ്ണിങ് ചാമ്പ്യൻഷിപ്പില്‍ റെബേക്ക സ്വർണം നേടിയിരുന്നു. വനിത കായികതാരങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ കെനിയയില്‍ വർധിക്കുന്നതായി വിമർശനമുണ്ട്. കഴിഞ്ഞ ഒക്ടോബറിന് ശേഷം കൊല്ലപ്പെടുന്ന മൂന്നാമത്തെ വനിത കായികതാരമാണ് റെബേക്ക.
2021ല്‍ ഈസ്റ്റ് ആഫ്രിക്കൻ താരങ്ങളായ ആഗ്നെസ് ടിരോപ്പും 2022ല്‍ ദമാരിസ് മുത്വായും കൊല്ലപ്പെട്ടിരുന്നു. രണ്ട് സംഭവത്തിന് പിന്നിലും മാതാപിതാക്കളാണെന്നാണ് കണ്ടെത്തല്‍. കെനിയയില്‍ 34 ശതമാനത്തോളും സ്ത്രീകളും തങ്ങള്‍ ആക്രമണത്തിന് ഇരയായിട്ടുള്ളതായി ദേശീയ തലത്തില്‍ നടത്തിയ സർവേയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.