Paralympics 2024 | ബാഡ്മിന്റണില്‍ ഇന്ത്യയുടെ മെഡല്‍ക്കൊയ്ത്ത്; പാരീസില്‍ അത്ലറ്റിക്‌സിലും മുന്നേറ്റം
പാരീസ് പാരാലിമ്പിക്‌സില്‍ മെഡല്‍വേട്ട തുടർന്ന് ഇന്ത്യ. ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സ് എസ്എല്‍ 4 വിഭാഗത്തില്‍ സുഹാസ് യതിരാജ് വെള്ളി നേടി. ഫൈനലില്‍ ഫ്രാൻസിന്റെ ലുക്കാസ് മസൂറിനോടാണ് താരം പരാജയപ്പെട്ടത്. ആധികാരികമായായിരുന്നു ഫ്രഞ്ച് താരത്തിന്റെ ജയം. സ്കോർ 9-21, 13-21.
പാരീസില്‍ ഇന്ത്യ നേടുന്ന അഞ്ചാമത്തെ വെള്ളിയാണിത്. ഇതോടെ ഇന്ത്യയുടെ മെഡല്‍നേട്ടം 12 ആയി ഉയർന്നിട്ടുണ്ട്. മെഡല്‍ പട്ടികയില്‍ 22-ാം സ്ഥാനത്താണ് ഇന്ത്യ.
പാരീസില്‍ ഇന്ത്യയുടെ രണ്ടാം സ്വർണം ഇന്ന് നിതേഷ് കുമാർ നേടി. ബാഡ്‌മിന്റണ്‍ പുരുഷ സിംഗിള്‍സ് എസ് എല്‍ 3 വിഭാഗത്തില്‍ ഇംഗ്ലണ്ടിന്റെ ഡാനിയേല്‍ ബെതെല്ലിനെ കീഴടക്കിയായിരുന്നു നിതേഷിന്റെ നേട്ടം. സ്കോർ 21-14, 18-21, 23-21.
ആദ്യ ഗെയിം അനായാസം സ്വന്തമാക്കിയ നിതേഷ് അതിവേഗം സ്വർണത്തിലേക്ക് അടുക്കുമെന്ന് കരുതിയിരുന്നെങ്കിലും ഇംഗ്ലണ്ട് താരം മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു. രണ്ടാം ഗെയിം 18-21 എന്ന സ്കോറില്‍ ഡാനിയേല്‍ നേടി. നിർണായകമായ മൂന്നാം ഗെയിം ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ഇരുവരും കാഴ്ചവെച്ചത്. 23 പോയിന്റെ വരെ നീണ്ട ഗെയിം ഒടുവില്‍ നിതേഷ് സ്വന്തമാക്കുകയായിരുന്നു.
ബാഡ്മിന്റണ്‍ വനിത സിംഗിള്‍സ് എസ് യു 5 വിഭാഗത്തിലായിരുന്നു ഇന്ത്യയുടെ മറ്റൊരു മെഡല്‍ നേട്ടം. തുളസിമതി മുരുഗേശൻ വെള്ളിനേടി. ചൈനയുടെ യാങ് ക്യുക്സിയയോടാണ് ഫൈനലില്‍ പരാജയപ്പെട്ടത്. സ്കോർ 17-21, 10-21.
ഇതേവിഭാഗത്തില്‍ വെങ്കലവും ഇന്ത്യയ്ക്കായിരുന്നു. ഡെന്മാർക്കിന്റെ കാത്രിൻ റോസെൻഗ്രെന്നിനെ മനീഷ രാമദാസാണ് കീഴടക്കിയത്. സ്കോർ 21-12, 21-18.
പുരുഷന്മാരുടെ ഡിസ്കസ് ത്രൊ എഫ്56 വിഭാഗത്തില്‍ ഇന്ത്യയുടെ യോഗേഷ് കത്തുനിയ വെള്ളി സ്വന്തമാക്കി. 42.22 മീറ്റർ എറിഞ്ഞായിരുന്നു വെള്ളി നേട്ടം. ബ്രസീലിന്റെ ക്ലോഡിനി ബാറ്റിസ്റ്റയ്ക്കാണ് സ്വർണം. 46.86 മീറ്ററായിരുന്നു ക്ലോഡിനി എറിഞ്ഞത്. ഗ്രീസിന്റെ കോണ്‍സ്റ്റാന്റിനോസ് സൂനിസിനാണ് വെങ്കലം.