Paralympics 2024 | സ്വർണനേട്ടം രണ്ടക്കത്തിലേക്ക് എത്തിക്കുമോ ഇന്ത്യ? ഇവർ മെഡല്‍ പ്രതീക്ഷകള്‍
ചരിത്രത്തിലാദ്യമായി ഒരു പാരാലിമ്പിക്‌സ് ആതിഥേയത്വം വഹിക്കാൻ സജ്ജമായിരിക്കുകയാണ് പാരീസ്. നാളെ (ഓഗസ്റ്റ് 28) ഇന്ത്യൻ സമയം രാത്രി 11.30നാണ് 17-ാമത് പാരാലിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങുകള്‍.
2020 ടോക്കിയോ പാരാലിമ്പിക്‌സില്‍ ഗെയിംസിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇന്ത്യ പുറത്തെടുത്തത്. അഞ്ച് സ്വർണം, എട്ട് വെള്ളി, ആറ് വെങ്കലം എന്നിങ്ങനെ 19 മെഡലുകളായിരുന്നു നേട്ടം. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സംഘവുമായാണ് ഇത്തവണ ഇന്ത്യ പാരീസിലെത്തുന്നത്. 12 വിഭാഗങ്ങളിലായി 84 അത്ലീറ്റുകള്‍ മത്സരിക്കുമ്പോള്‍ മെഡല്‍ നേട്ടം ടോക്കിയോയേക്കാള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവുമുണ്ട്. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ ആരോക്കെയെന്ന് പരിശോധിക്കാം.
സുമിത് ആന്റില്‍ (പാര ജാവലിൻ ത്രോ )
പുരുഷന്മാരുടെ എഫ്64 ഡിവിഷൻ ജാവലിൻ ത്രോയില്‍ മൂന്ന് തവണ സ്വന്തം റെക്കോഡ് തിരുത്തിയ താരമാണ് സുമിത് ആന്റില്‍. 68.55 മീറ്റർ എറിഞ്ഞ് റെക്കോഡിട്ടായിരുന്നു പാരീസില്‍ സുമിത് സ്വർണം നേടിയത്. പിന്നീട് 2023 ലോക പാര ചാമ്പ്യൻഷിപ്പിലും ഏഷ്യൻ ഗെയിംസിലും താരം റെക്കോഡുകള്‍ തിരുത്തി.
ആവണി ലേഖര (പാര ഷൂട്ടിങ്ങ്)
പാരാലിമ്പിക്‌സില്‍ സ്വർണ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യൻ വനിത താരമാണ് ആവണി. എസ്എച്ച്1 ഡിവിഷൻ 10 മീറ്റർ എയർ റൈഫിളില്‍ ടോക്കിയോയിലായിരുന്നു സ്വർണനേട്ടം. 249.6 പോയിന്റ് നേടി റെക്കോഡോടെയായിരുന്നു നേട്ടം.
കൃഷ്ണ നാഗർ (പാര ബാഡ്മിന്റണ്‍)
ടോക്കിയോയില്‍ ഹോങ് കോങ്ങിന്റെ ചു മാൻ കായിയെ പരാജയപ്പെടുത്തിയായിരുന്നു കൃഷ്ണ നാഗർ സ്വർണം സ്വന്തമാക്കിയത്. ടോക്കിയോയിലെ ഇന്ത്യയുടെ രണ്ടാമത്തെ സ്വർണമായിരുന്നു ഇത്. പാരീസിലും താരത്തിന് ചാമ്പ്യൻപട്ടം നിലനിർത്താനാകുമെന്ന പ്രതീക്ഷയാണുള്ളത്.
മനിഷ് നർവാള്‍ (പാര ഷൂട്ടിങ്)
പി4 മിക്സഡ് 50 മീറ്റർ പിസ്റ്റള്‍ എസ്‌എച്ച്1 ഡിവിഷനിലായിരുന്നു മനിഷിന്റെ ടോക്കിയോയിലെ സ്വർണനേട്ടം. 218.2 പോയിന്റായിരുന്നു ഫൈനലില്‍ നേടിയത്.
ശീതള്‍ ദേവി (പാര അമ്പയ്ത്ത്)
2023 പാര ഏഷ്യൻ ഗെയിംസില്‍ രണ്ട് സ്വർണമെഡല്‍ നേടിയ ആത്മവിശ്വാസത്തിലാണ് ശീതള്‍ ദേവി പാരീസിലെത്തുന്നത്. ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷകളിലൊരാളാണ് ശീതള്‍.
മാനസി ജോഷി (പാര ബാഡ്മിന്റണ്‍)
ഏഴ് തവണ ബാഡ്മിന്റണ്‍ ലോക ചാമ്പ്യൻഷിപ്പ് മെഡല്‍ ജേതാവാണ് മാനസി ജോഷി. കഴിഞ്ഞ ഏഷ്യൻ ഗെയിംസില്‍ ഡബിള്‍സില്‍ വെള്ളി മെഡലും സ്വന്തമാക്കിയിരുന്നു. മാനസി ഇന്ത്യയുടെ സ്വർണ മെഡല്‍ പ്രതീക്ഷകളിലൊന്നാണ്.