Paralympics 2024 | ഇടതുകാല്‍ നഷ്ടമായത് ട്രെയിൻ അപകടത്തില്‍, ഐഐടി ബിരുദധാരി; പാരീസില്‍ രണ്ടാം സ്വർണം സമ്മാനിച്ച് നിതേഷ്
പാരീസ് പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം നേടിക്കൊടുത്തിരിക്കുകയാണ് നിതേഷ് കുമാർ. ബാഡ്‌മിന്റണ്‍ പുരുഷ സിംഗിള്‍സ് എസ് എല്‍ 3 വിഭാഗത്തില്‍ ഇംഗ്ലണ്ടിന്റെ ഡാനിയേല്‍ ബെതെല്ലിനെ കീഴടക്കിയായിരുന്നു നിതേഷിന്റെ നേട്ടം. സ്കോർ 21-14, 18-21, 23-21.
ആദ്യ ഗെയിം അനായാസം സ്വന്തമാക്കിയ നിതേഷ് അതിവേഗം സ്വർണത്തിലേക്ക് അടുക്കുമെന്ന് കരുതിയിരുന്നെങ്കിലും ഇംഗ്ലണ്ട് താരം മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു. രണ്ടാം ഗെയിം 18-21 എന്ന സ്കോറില്‍ ഡാനിയേല്‍ നേടി. നിർണായകമായ മൂന്നാം ഗെയിം ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ഇരുവരും കാഴ്ചവെച്ചത്. 23 പോയിന്റെ വരെ നീണ്ട ഗെയിം ഒടുവില്‍ നിതേഷ് സ്വന്തമാക്കുകയായിരുന്നു.
പാരീസില്‍ ഇന്ത്യയ്ക്കായി സ്വർണം നേടുന്ന രണ്ടാമത്തെ താരമാണ് നിതേഷ്. നേരത്തെ വനിതകളുടെ ഷൂട്ടിങ് 10 മീറ്റർ എയർ റൈഫിള്‍ സ്റ്റാൻഡിങ് എസ്എച്ച്1 വിഭാഗത്തില്‍ അവനി ലെഖ്രയാണ് ആദ്യ സ്വർണം സ്വന്തമാക്കിയത്.
കൈകാലുകള്‍ക്ക് വൈകല്യമുള്ള താരങ്ങള്‍ പങ്കെടുക്കുന്ന വിഭാഗമാണ് എസ്എല്‍3. പ്രസ്തുത വിഭാഗത്തില്‍ ടോക്കിയോയില്‍ പ്രമോദ് ഭഗത് ഇന്ത്യയ്ക്കായി സ്വർണം നേടിയിരുന്നു. ഇതേ വിഭാഗത്തില്‍ തന്നെ മനോജ് സർക്കാർ വെങ്കലവും സ്വന്തമാക്കിയിരുന്നു.
2009ലുണ്ടായ ട്രെയിൻ അപകടത്തിലാണ് നിതേഷിന് ഇടതുകാല്‍ നഷ്ടമാകുന്നത്. മാസങ്ങളോളം കിടപ്പിലായിരുന്നു നിതേഷ്. കിടപ്പിലായിരുന്ന സമയത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (ഐഐടി) എൻട്രൻസ് പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു നിതേഷ്. 2013ല്‍ ഐഐടി മന്ദിയില്‍ ചേർന്ന നാളുകളിലായിരുന്നു ബാഡ്മിന്റണിനോട് താല്‍പ്പര്യമുണ്ടായത്.
പാരാബാഡ്മിന്റണില്‍ താരം കരിയർ ആരംഭിക്കുന്നത് 2016ലാണ്. ഹരിയാനയെ പ്രതിനിധീകരിച്ചത് പാരാ നാഷണല്‍ ചാമ്പ്യൻഷിപ്പിലും പങ്കെടുത്തു.
2017ലാണ് ആദ്യ അന്താരാഷ്ട്ര കിരീടം നിതേഷ് നേടുന്നത്. ഐറിഷ് പാരാ ബാഡ്മിന്റണ്‍ അന്താരാഷ്ട്ര കിരീടം സ്വന്തമാക്കി. ബിഡബ്ല്യുഎഫ് പാരാ ബാഡ്മിന്റണ്‍ വേള്‍ഡ് സർക്യൂട്ട്, ഏഷ്യൻ പാരാ ഗെയിംസ് എന്നിവയും നേടി. ഹരിയാന സ്പോർട്‌സ് ആൻഡ് യൂത്ത് അഫേഴ്‌സില്‍ സീനിയർ ബാഡ്മിന്റണ്‍ പരിശീലകനായും നിതേഷ് പ്രവർത്തിക്കുന്നുണ്ട്.