അര്‍ജന്റീന എങ്ങനെ തോറ്റു? മൊറോക്കോയ്‌ക്കെതിരായ മത്സരത്തില്‍ എന്താണ് സംഭവിച്ചത്?

ഇരുടീമുകളും രണ്ടുഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞ മത്സരമെങ്ങനെ ഇരുട്ടിവെളുത്തപ്പോൾ അർജന്റീനയുടെ തോൽവിയിൽ കലാശിച്ചു?

ആൽബിസെലസ്റ്റകളുടെ ഗംഭീര തിരിച്ചുവരവ് എന്നൊക്കെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട് സുഖമായി ഉറങ്ങിയ അർജന്റീന ആരാധകർക്ക് ഞെട്ടിക്കുന്ന ഒരു പ്രഭാതമായിരുന്നിരിക്കാം ഇന്നത്തേത്. ഒളിമ്പിക് ഫുട്‌ബോളിൽ തങ്ങളുടെ ടീം മെറോക്കോയോട് ഒന്നിനെതിരേ രണ്ടുഗോളുകൾക്ക് തോറ്റെന്ന വാർത്തയായിരുന്നു അവരെ കാത്തിരുന്നത്. ഇരുടീമുകളും രണ്ടുഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞ മത്സരമെങ്ങനെ ഇരുട്ടിവെളുത്തപ്പോൾ അർജന്റീനയുടെ തോൽവിയിൽ കലാശിച്ചു? എന്താണ് ഇന്നലെ നടന്ന അർജന്റീന-മൊറോക്കോ മത്സരത്തിൽ സംഭവിച്ചത്?

ഒളിമ്പിക് ഫുട്‌ബോളിൽ ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ അർജന്റീനയും മൊറോക്കോയും ഇന്നലെ രാത്രി ആറിന് പാരീസിലെ സ്റ്റാഡ് ഗോഫോയ് ഗ്യൂഷ സ്‌റ്റേഡിയത്തിലാണ് കൊമ്പുകോർത്തത്. ഇരുപകുതികളിലുമായി സൗഫിയാൻ റഹീമി നേടിയ എണ്ണംപറഞ്ഞ രണ്ടുഗോളുകൾക്ക് മൊറോക്കോ ലീഡ് നേടുകയും ചെയ്തു.

എന്നാൽ 68-ാം മിനിറ്റിൽ ഗ്യൂലിയാനോ സിമിയോണി നേടിയ ഗോളിൽ അർജന്റീന തിരിച്ചുവരവ് ആരംഭിച്ചു. ഒടുവിൽ നിശ്ചിത സമയം കടന്ന് 15 മിനിറ്റ് പിന്നിട്ടപ്പോൾ മത്സരമവസാനിക്കാൻ സെക്കൻഡുകൾ ശേഷിക്കെ ക്രിസ്റ്റിയൻ മെദീനയുടെ ഹെഡ്ഡറിലൂടെ സമനില നേടുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് എങ്ങനെ അർജന്റീന തോറ്റു?

ഒട്ടാമെന്‍ഡിയുടെ ഷോട്ട് ക്രോസ്ബാറില്‍ തട്ടുന്നു.
ഒട്ടാമെന്‍ഡിയുടെ ഷോട്ട് ക്രോസ്ബാറില്‍ തട്ടുന്നു.

മെദീനയുടെ ഗോളിലാണ് എല്ലാത്തിന്റെയും തുടക്കം. സീനിയർ ടീം താരം നിക്കോളാസ് ഒട്ടാമെൻഡി നടത്തിയ നീക്കമാണ് ഗോളിൽ കലാശിക്കുന്നത്. ഒട്ടാമെൻഡിയുടെ ഷോട്ട് മൊറോക്കോൻ ഗോൾകീപ്പറുടെ തോളിൽത്തട്ടി ദിശമാറി ക്രോസ് ബാറിൽ ഇടിച്ചുമടങ്ങി.

അമിയോണിന്റെ ഹെഡ്ഡര്‍ ക്രോസ്ബാറില്‍ തട്ടിത്തെറിക്കുന്നു
അമിയോണിന്റെ ഹെഡ്ഡര്‍ ക്രോസ്ബാറില്‍ തട്ടിത്തെറിക്കുന്നു

റീബൗണ്ട് എത്തിയത് ബോക്‌സിനുള്ളിൽ നിന്ന് ബ്രൂണോ അമിയോണിന്റെ തലയ്ക്കുപാകത്തിന്. എന്നാൽ അമിയോണിന്റെ ഹെഡ്ഡറിന് ക്രോസ്ബാർ വിലങ്ങുതടിയായി. പന്ത് തിരിച്ചുവീണ്ടും മൊറോക്കൻ ബോക്‌സിൽ. തക്കംപാർത്ത് നിന്ന മെദീന ഹെഡ്ഡറിലൂടെ വലകുലുക്കുകയും ചെയ്തു.

ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്ന ക്രിസ്റ്റിയന്‍ മെദീന
ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്ന ക്രിസ്റ്റിയന്‍ മെദീന

ഈ ഗോൾ ഗ്യാലറിയിൽ വലിയ ബഹളമാണുണ്ടാക്കിയത്. മൊറോക്കൻ ആരാധകർ ഇളകി. അവർ വെള്ളക്കുപ്പിയും പടക്കങ്ങളും മറ്റും ഗ്രൗണ്ടിലേക്ക് എറിയാൻ ആരംഭിച്ചു. ചിലർ ഗ്രൗണ്ടിൽ ഇറങ്ങുകയും ചെയ്തു. ഇതോടെ മത്സരം നിർത്തിവച്ചു താരങ്ങൾ ഗ്രൗണ്ടിൽ നിന്നു മടങ്ങുകയും ചെയ്തു.

ഗ്രൗണ്ട് കൈയേറി മൊറോക്കന്‍ ആരാധകനെ പിടിച്ചുമാറ്റുന്ന സെക്യൂരിറ്റി ജീവനക്കാരന്‍
ഗ്രൗണ്ട് കൈയേറി മൊറോക്കന്‍ ആരാധകനെ പിടിച്ചുമാറ്റുന്ന സെക്യൂരിറ്റി ജീവനക്കാരന്‍

കളിയവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു സംഭവം. മത്സരം സമനിലയിൽ കലാശിച്ചുവെന്ന് ബ്രോഡ്കാസ്റ്റർമാരും പാരീസ് ഒളിമ്പിക്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റുമെല്ലാം സ്ഥിരീകരിക്കുകയും ചെയ്തു. കാണികളെ ഗ്രൗണ്ടിൽ നിന്ന് ഒഴിപ്പിക്കുകയും ചെയ്തു. ഇനിയാണ് ആന്റി ക്ലൈമാക്‌സ്.

കാണികളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടുള്ള സന്ദേശം തെളിഞ്ഞ കൂറ്റന്‍ സ്‌ക്രീന്‍
കാണികളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടുള്ള സന്ദേശം തെളിഞ്ഞ കൂറ്റന്‍ സ്‌ക്രീന്‍

ഒന്നര മണിക്കൂറിന് ശേഷം മദീന നേടിയ അർജന്റീനയുടെ രണ്ടാം ഗോൾ ഓഫ് സൈഡ് ആണെന്ന വിധി വന്നു. കാണികൾ ഒഴിഞ്ഞ സ്‌റ്റേഡിയത്തിലേക്ക് രണ്ടുമണിക്കൂറിന് ശേഷം ഇരുടീമുകളും തിരികെയെത്തി. മത്സരം പുനരാരംഭിച്ചു. സെക്കൻഡുകൾക്കകം അവസാനിക്കുകയും ചെയ്തു. അർജന്റീനയ്ക്ക് തോൽവി.

അവസാനിച്ച മത്സരം പുനഃരാരംഭിച്ചത് എന്തിന്? അതിനുള്ള തീരുമാനം ആരാണ് കൈക്കൊണ്ടത്. ഇന്നാണ് ഫിഫ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം നൽകിയത്. അർജന്റീനയുടെ രണ്ടാം ഗോൾ ഓഫ്‌സൈഡ് ആണെന്ന സംശയം ലൈൻ റഫറി അപ്പോൾ തന്നെ റഫറിയെ അറിയിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം ഇരുടീമുകളെയും അറിയിച്ചിരുന്നുവത്രേ.

താരങ്ങള്‍ക്കുനേരെ ഗ്യാലറിയില്‍ നിന്ന് കുപ്പിയേറ് നടന്നപ്പോള്‍
താരങ്ങള്‍ക്കുനേരെ ഗ്യാലറിയില്‍ നിന്ന് കുപ്പിയേറ് നടന്നപ്പോള്‍

എന്നാൽ കണികളുടെ ബഹളം കാരണം റഫറി ഗ്ലെൻ നൈബർഗിന് വാർ പരിശോധിക്കാനോ ഫൈനൽ വിസിൽ മുഴക്കാനോ കഴിഞ്ഞിരുന്നില്ല. മത്സരം അവസാനിക്കുകയായിരുന്നില്ലെന്നും നിർത്തിവയ്ക്കുകയാണെന്നുമായിരുന്നു ഫിഫയുടെ വിശദീകരണം. സ്ഥിതി നിയന്ത്രണവിധേയമായപ്പോൾ നിർത്തി വച്ച മത്സരം പുനരാരംഭിക്കുകയായിരുന്നുവെന്നും ഫിഫ അറിയിച്ചു.

വാര്‍ പരിശോധനയില്‍ അമിയോണ്‍ ഓഫ്‌സൈഡ് ആണെന്ന് തെളിഞ്ഞപ്പോള്‍
വാര്‍ പരിശോധനയില്‍ അമിയോണ്‍ ഓഫ്‌സൈഡ് ആണെന്ന് തെളിഞ്ഞപ്പോള്‍

കളി പുനരാരംഭിച്ചപ്പോൾ റഫറി വാർ പരിശോധിക്കുകയും ഗോൾ ശ്രമത്തിനിടെ അർജന്റീൻ താരം ബ്രൂണോ അമിയോൺ ഓഫ്‌സൈഡ് ആണന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്നാണ് ഗോൾ റദ്ദാക്കിയത്. പിന്നീട് ശേഷിച്ച സെക്കൻഡുകൾ കൂടി മത്സരം നടത്തി ഫൈനൽ വിസിൽ മുഴക്കുകയായിരുന്നു. ഇതാണ് യഥാർത്ഥത്തിൽ അവിടെ സംഭവിച്ചത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in