അന്ന് കലഹിച്ചു പിരിഞ്ഞു, ഇന്ന് മെഡല്‍ തിളക്കത്തില്‍ ഒന്നിച്ച്; ജസ്‌പാല്‍ റാണയും മനു ഭാക്കറും

അന്ന് കലഹിച്ചു പിരിഞ്ഞു, ഇന്ന് മെഡല്‍ തിളക്കത്തില്‍ ഒന്നിച്ച്; ജസ്‌പാല്‍ റാണയും മനു ഭാക്കറും

ടോക്കിയോയില്‍ മെഡല്‍ നേടാൻ ഇന്ത്യൻ ഷൂട്ടർമാർ മറന്നപ്പോള്‍ അതില്‍ ഏറ്റവും കൂടുതല്‍ വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും ഏറ്റുവാങ്ങേണ്ടി വന്നത് റാണയായിരുന്നു
Updated on
1 min read

പാരീസിലെ ഷൂട്ടിങ് റേഞ്ചില്‍ ഓരോ ഷോട്ടിനുശേഷവും മനു ഭാക്കർ സ്റ്റാൻഡിലേക്കു നോക്കുന്നുണ്ടായിരുന്നു. മനുവിന്റെ ഇടതുവശത്തെ സ്റ്റാൻഡിലെ മൂന്നാമത്തെ വരിയിലേക്കായിരുന്നു ആ നോട്ടം. അവിടെയുണ്ടായിരുന്നത് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഷൂട്ടർമാരിലൊരാള്‍, ജസ്‌പാല്‍ റാണ, മനുവിന്റെ പരിശീലകൻ. ടോക്കിയോയിലെ കണ്ണീരിനു മനു വെങ്കലത്തിലൂടെ വീണ്ടെടുപ്പ് നടത്തിയെന്ന് തലവാചകങ്ങള്‍ ഉയരുമ്പോള്‍, അതിനോടൊപ്പം ചേർത്തുവെക്കേണ്ട പേരാണ് റാണ എന്നതും.

ടോക്കിയോയില്‍ മെഡല്‍ നേടാൻ ഇന്ത്യൻ ഷൂട്ടർമാർ മറന്നപ്പോള്‍ അതില്‍ ഏറ്റവും കൂടുതല്‍ വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും ഏറ്റുവാങ്ങേണ്ടി വന്നത് റാണയായിരുന്നു. മനുപോലും റാണയുമായുള്ള കൂട്ടുകെട്ടില്‍നിന്ന് വേർപിരിഞ്ഞു. മനുവിന്റെ പക്വതക്കുറവിനെ റാണ കുറ്റപ്പെടുത്തി. ഒരു തുറന്ന പോരുപോലെ അത് ദീർഘനാള്‍ തുടരുകയും ചെയ്തിരുന്നു.

ജൂനിയർ താരമായിരുന്ന കാലം മുതല്‍ മനുവിന്റെ പരിശീലനം റാണയുടെ കീഴിലായിരുന്നു. അന്ന് ജൂനിയർ ഷൂട്ടിങ് പ്രോഗ്രാമിന്റെ തലവനായിരുന്നു റാണ. റാണയുടെ കീഴിലായിരുന്നു 2018 മുതല്‍ 2021 വരെ മനു മുഖ്യ ടൂർണമെന്റുകളിലെല്ലാം മെഡല്‍ കൊയ്തത്. ഇതില്‍ കോമണ്‍വെല്‍ത്ത് സ്വർണവും ഉള്‍പ്പെട്ടു.

അന്ന് കലഹിച്ചു പിരിഞ്ഞു, ഇന്ന് മെഡല്‍ തിളക്കത്തില്‍ ഒന്നിച്ച്; ജസ്‌പാല്‍ റാണയും മനു ഭാക്കറും
ടോക്കിയോയില്‍ കണ്ണീര്‍, പാരീസില്‍ അഭിമാനം; മനുഭാക്കറിന്റെ ഒളിമ്പിക്‌സ് യാത്ര

റാണയുമായി വേർപിരിഞ്ഞശേഷം മനുവിന് ലോകവേദികളില്‍ അത്രത്തോളം ശോഭയോടെ തിളങ്ങാനായിട്ടില്ല. ഐഎസ്എസ്എഫ് ലോകകപ്പില്‍ വെങ്കലവും ലോക ചാമ്പ്യൻഷിപ്പില്‍ വെള്ളിയും മാത്രമാണ് നേട്ടം. ഒടുവില്‍ റാണയിലേക്കു തന്നെ തിരികെയെത്താനുള്ള തീരുമാനം മനു തന്നെയായിരുന്നു സ്വീകരിച്ചത്. മനുവിന്റെ ആ വിളി നിരസിക്കാൻ റാണയ്ക്കുമായില്ല. കാരണം ഇരുപത്തിരണ്ടുകാരിയുടെ മികവ് എത്രത്തോളമാണെന്നത് റാണയ്ക്ക് ബോധ്യമുണ്ടായിരുന്നു.

ഒരു മികച്ച താരവും പരിശീലകനും ചേരുമ്പോഴുണ്ടാകുന്ന മാജിക്കായിരുന്നു പാരീസില്‍ ദൃശ്യമായതും. മെഡല്‍നേട്ടത്തിന് ശേഷം മനുവിന്റെ വാക്കുകളും അത് വ്യക്തമാക്കുന്നതാണ്. റാണയിലേക്കു നോക്കുന്നത് എനിക്ക് ആത്മവിശ്വാസം നല്‍കുന്ന ഒന്നാണ്. അത് ഞാൻ ഉറപ്പാക്കുകയായിരുന്നുവെന്നാണ് മനു പറഞ്ഞത്. റാണയ്ക്കുശേഷം നാല് പരിശീലകരുടെ കീഴിലായിരുന്നു മനുവിന്റെ യാത്ര. പക്ഷേ റാണയ്ക്കാണ് തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുകയെന്ന യാഥാർഥ്യം വൈകാതെ മനു മനസിലാക്കുകയായിരുന്നു.

അന്ന് കലഹിച്ചു പിരിഞ്ഞു, ഇന്ന് മെഡല്‍ തിളക്കത്തില്‍ ഒന്നിച്ച്; ജസ്‌പാല്‍ റാണയും മനു ഭാക്കറും
Paris Olympics 2024 | മെഡല്‍ പ്രതീക്ഷയുമായി രമിതയും അർജുനും; ഹോക്കിയില്‍ അർജന്റീനയെ നേരിടും

റാണയിലേക്കുള്ള തിരിച്ചുപോക്കിനെ ചുറ്റുമുള്ളവരെല്ലാം എതിർത്തപ്പോഴും മനു തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. മോശം കാലഘട്ടം ഒരുപക്ഷേ ഇരുവരേയും പല പാഠങ്ങളും പഠിപ്പിച്ചിട്ടുണ്ടാകണം. നിസാരമായ ഏറ്റുമുട്ടലുകള്‍ക്കല്ല സമയം മാറ്റിവെക്കേണ്ടതെന്നായിരുന്നു റാണയുടെ നിലപാട്.

"ഒരുപാട് കാര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ നടത്തി. മനുവിന്റെ കഴിവുകളെ അവള്‍ തിരിച്ചറിയുകയെന്നതായിരുന്നു ഏറ്റവും പ്രധാനപ്പെട്ട ഒന്ന്. അവള്‍ക്കു നേടാനാകാത്തതായി ഒന്നുമില്ല എന്ന തിരിച്ചറിവ് അവളിലേക്ക് പകർന്നു നല്‍കി," റാണ പറഞ്ഞു.

പാരീസ് ഒളിമ്പിക്‌സില്‍ 10 മീറ്റർ എയർ പിസ്റ്റള്‍ വനിത വിഭാഗത്തിലായിരുന്നു മനുവിന്റെ മെഡല്‍ നേട്ടം. 221 പോയിന്റോടെയാണ് മെഡല്‍ സ്വന്തമാക്കിയത്. തെക്കൻ കൊറിയയുടെ ഓഹ് യെ ജിൻ (243.2 പോയിന്റ്), കിം യെ ജി (241.3 പോയിന്റ്) എന്നിവർക്കാണ് യഥാക്രമം സ്വർണവും വെള്ളിയും. ഒളിമ്പിക്‌സില്‍ ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യൻ വനിത താരം കൂടിയാണ് മനു.

logo
The Fourth
www.thefourthnews.in