പാരീസ് ഒളിമ്പിക്‌സ്; ആദ്യ സ്വര്‍ണം ചൈനയ്ക്ക്, ആദ്യ മെഡല്‍ നേട്ടം കസാഖിസ്ഥാന്
ലോക കായിക മാമാങ്കത്തില്‍ മെഡല്‍ വേട്ടയ്ക്ക് തുടക്കം. രണ്ട സ്വര്‍ണം നേടി ചൈന മെഡല്‍ പട്ടികയില്‍ ഒന്നാം സ്ഥാനം കുറിച്ചു. 10 മീറ്റര്‍ എയര്‍ റൈഫില്‍ ഷൂട്ടിങ് മിക്സഡ് വിഭാഗത്തിലാണ് ചൈനയുടെ മെഡല്‍ നേട്ടം. ഫൈനലില്‍ ദക്ഷിണകൊറിയയെ 16-12ന് തോല്‍പിച്ചാണ് ചൈനയുടെ നേട്ടം. ആദ്യ റൗണ്ടില്‍ പിന്നില്‍നിന്ന ശേഷമാണ് ചൈനീസ് താരങ്ങളായ ഹുവാങ് യുടിങ്ങും ഷെങ് ലിയാവോയും മത്സരം സ്വന്തമാക്കിയത്.
ഈ വിഭാഗത്തില്‍ സൗത്ത് കൊറിയക്കാണ് വെള്ളി. കസാഖിസ്ഥാന്‍ വെങ്കലവും നേടി. വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ജര്‍മന്‍ സഖ്യത്തെയാണ് കസാഖിസ്ഥാന്‍ തോല്‍പിച്ചത്. ജര്‍മനിയെ 17-5ന് പരാജയപ്പെടുത്തിയാണ് കസാഖ്‌സ്താന്‍ ഷൂട്ടിങ് ടീം പാരീസിലെ ആദ്യ മെഡല്‍ എന്ന നേട്ടവും സ്വന്തമാക്കിയത്.
അലക്സാന്‍ഡ്ര ലെ, ഇസ്ലാം സത്പയെവ് എന്നിവരടങ്ങിയ സഖ്യമാണ് കസാഖ്‌സ്താനായി വെങ്കലം സ്വന്തമാക്കിയത്. ജര്‍മനിയുടെ അന്ന യാന്‍സെന്‍, മാക്സിമിലിയന്‍ ഉള്‍ബ്രിച്ച് സഖ്യത്തെയാണ് കസാഖ്‌സ്താന്‍ സഖ്യം പരാജയപ്പെടുത്തിയത്. ഈയിനത്തില്‍ ഇന്ത്യയ്ക്ക് മെഡല്‍ റൗണ്ടില്‍ കടക്കാന്‍ സാധിച്ചിരുന്നില്ല. ഇന്ത്യയ്ക്കായി ഇറങ്ങിയ രമിത ജിന്‍ഡാല്‍ അര്‍ജുന്‍ ബബുത, എലവേനില്‍ വലറിവാന്‍ സന്ദീപ് സിങ് സഖ്യങ്ങള്‍ യഥാക്രമം ആറ്, 12 സ്ഥാനങ്ങളിലാണു ഫിനിഷ് ചെയ്തത്.