Paris Olympics 2024 | ഹിജാബ് നിരോധനം: ഫ്രഞ്ച് അത്‌ലീറ്റിന് ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങില്‍ വിലക്ക്

Paris Olympics 2024 | ഹിജാബ് നിരോധനം: ഫ്രഞ്ച് അത്‌ലീറ്റിന് ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങില്‍ വിലക്ക്

വിദേശ അത്‌ലീറ്റുകള്‍ക്ക് ഇത്തരം നിയമങ്ങള്‍ ബാധകമല്ല
Updated on
1 min read

ഹിജാബ് ധരിക്കുന്നതിനാല്‍ ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിലക്ക് ലഭിച്ചതായി ഫ്രാൻസിന്റെ അത്‌ലീറ്റ് സൗങ്കമ്പ സില്ല. 400 മീറ്റർ വനിത, മിക്‌സഡ് ടീമുകളുടെ ഭാഗമാണ് സില്ല.

"നിങ്ങളുടെ രാജ്യത്ത് നടക്കുന്ന ഒളിമ്പിക്സിലേക്ക് നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഹിജാബ് ധരിക്കുന്നതിനാല്‍ നിങ്ങള്‍ക്ക് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാൻ കഴിയില്ല," സില്ലയുടെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു.

രാജ്യത്തെ പൊതുമേഖലാ തൊഴിലാളികള്‍ക്ക് ബാധകമാകുന്ന മതേതര തത്വങ്ങള്‍ ഫ്രഞ്ച് ഒളിമ്പ്യന്മാർക്കും ബാധകമാണെന്ന് ഫ്രഞ്ച് ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ഡേവിഡ് ലപ്പാർഷ്യൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സില്ലയുടെ നിലവിലെ സാഹചര്യത്തിന് പിന്നില്‍ ഫ്രാൻസ് കായിക മന്ത്രിയുടെ വാക്കുകളുമുണ്ട്. ഫ്രാൻസിനെ പ്രതിനിധീകരിക്കുന്ന കായികതാരങ്ങള്‍ക്ക് മതചിഹ്നങ്ങള്‍ പ്രദർശിപ്പിക്കാൻ അനുമതിയില്ലെന്നായിരുന്നു മന്ത്രിയുടെ നിർദേശം. കഴിഞ്ഞ സെപ്തംബറിലായിരുന്നു ഇത്.

Paris Olympics 2024 | ഹിജാബ് നിരോധനം: ഫ്രഞ്ച് അത്‌ലീറ്റിന് ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങില്‍ വിലക്ക്
2024 ഒളിമ്പിക്‌സ്: വനിതകളുടെ അമ്പെയ്ത്തില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍

സില്ലയുടെ സാഹചര്യങ്ങള്‍ പരിഹരിക്കാനുള്ള നടപടികളിലേക്ക് കടന്നതായും ലപ്പാർഷ്യൻ അറിയിച്ചിട്ടുണ്ട്. ആയിരക്കണക്കിന് അത്‌ലീറ്റുകള്‍ പങ്കെടുക്കുന്ന ഒളിമ്പിക്‌സില്‍ പല മതവിഭാഗങ്ങളില്‍പ്പെട്ടവരും ഉള്‍പ്പെടുന്നു. മുസ്‌ലിം വിഭാഗത്തിനോടുള്ള വിവേചനത്തിന്റെ പേരില്‍ ഫ്രാൻസ് വലിയ വിമർശനങ്ങള്‍ നേരിടുന്നതിനിടെയാണ് ഈ സംഭവം.

വിദേശ അത്‌ലീറ്റുകള്‍ക്ക് ഇത്തരം നിയമങ്ങള്‍ ബാധകമല്ല. മതപരമായ ചിഹ്നങ്ങള്‍ പ്രദർശിപ്പിക്കുന്നതിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി വിലക്കേർപ്പെടുത്തിയിട്ടില്ല.

യുഎൻ മനുഷ്യാവകാശ കമ്മീഷൻ വക്താവായ മരിയ ഹുർട്ടാഡൊ ഫ്രഞ്ച് സർക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെ രൂക്ഷമായ വിമർശനം നടത്തിയിരുന്നു. ഒരു സ്ത്രീ എന്ത് ധരിക്കണം, ധരിക്കണ്ട എന്നത് ആരും അടിച്ചേല്‍പ്പിക്കേണ്ടതില്ല എന്നായിരുന്നു മരിയയുടെ വാക്കുകള്‍.

തൊപ്പി ധരിച്ച് സില്ല ചടങ്ങില്‍ പങ്കെടുത്തേക്കുമെന്നാണ് ഫ്രഞ്ച് പത്രം ലെ പാരിസിയൻ റിപ്പോർട്ട് ചെയ്യുന്നത്.

logo
The Fourth
www.thefourthnews.in