ഇന്ത്യയ്ക്ക് നിരാശയുടെ ഒളിമ്പിക്‌സ്; മെഡല്‍നേട്ടം രണ്ടക്കം കടന്നില്ല, നോവായി വിനേഷും നാലാം സ്ഥാനങ്ങളും

ഇന്ത്യയ്ക്ക് നിരാശയുടെ ഒളിമ്പിക്‌സ്; മെഡല്‍നേട്ടം രണ്ടക്കം കടന്നില്ല, നോവായി വിനേഷും നാലാം സ്ഥാനങ്ങളും

അത്‌ലറ്റിക്‌സില്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ല എന്നതാണ് ഇന്ത്യയെ സംബന്ധിച്ച് നിരാശ സമ്മാനിക്കുന്ന ഘടകം
Updated on
1 min read

ടോക്കിയോയില്‍ നിന്ന് പാരീസിലേക്ക് എത്തുമ്പോള്‍ മെഡല്‍ നേട്ടം രണ്ടക്കത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യമായിരുന്നു ഇന്ത്യയ്ക്കുണ്ടായിരുന്നത്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച 117 അത്‌ലീറ്റുകളുമായി സ്വപ്നനഗരത്തിലെത്തിയ ഇന്ത്യയ്ക്ക് നിരാശയായിരുന്നു കാത്തിരുന്നത്. നേടാനായത് ആറ് മെഡലുകളായിരുന്നു. ഒരു വെള്ളിയും അഞ്ച് വെങ്കലും.

ഒരു സ്വർണം പോലുമില്ലാതെയുള്ള മടക്കം ഓരോ കായികപ്രേമിയേയും വേദനിപ്പിക്കുന്ന ഒന്നാണ്. ആ വേദനയുടെ ആഴം കൂട്ടുന്നതാണ് വിനേഷ് ഫോഗട്ടിന് സംഭവിച്ചതെല്ലാം. തിരിഞ്ഞുനോക്കുമ്പോള്‍ വിനേഷിന്റേത് മാത്രമല്ല, ആറ് ഇനങ്ങളില്‍ നാലാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നതും കൈപ്പേറിയ അനുഭവമായി മാറുന്നു.

ഷൂട്ടിങ്ങില്‍ 10 മീറ്റർ എയർ റൈഫിളില്‍ അർജുൻ ബബുത, അമ്പെയ്‌ത്തില്‍ മിക്‌സഡ് ടീം ഇനത്തില്‍ ധിരാജ്, അങ്കിത, ഷൂട്ടിങ് 25 മീറ്റർ പിസ്റ്റളില്‍ മനു ഭാക്കർ, സ്കീറ്റ് ടീം ഇനത്തില്‍ മഹേശ്വരി, അനന്ത് ജീത്, ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ലക്ഷ്യ സെൻ, ഭാരോദ്വഹനം 49 കിലോഗ്രാം വിഭാഗത്തില്‍ മീരാഭായ് ചാനു എന്നിവരാണ് നാലാം സ്ഥാനത്തെത്തിയ ഇന്ത്യൻ താരങ്ങള്‍.

ഈ കൂട്ടത്തിലേക്ക് നിഷാന്ത് ദേവും വിനേഷും സാത്‌വിക്‌സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി ചേർന്നാല്‍ രണ്ടക്കമെന്ന ലക്ഷ്യം സാധ്യമാകാത്ത ഒന്നായിരുന്നില്ലെന്ന് വ്യക്തമാണ്.

ഇന്ത്യയ്ക്ക് നിരാശയുടെ ഒളിമ്പിക്‌സ്; മെഡല്‍നേട്ടം രണ്ടക്കം കടന്നില്ല, നോവായി വിനേഷും നാലാം സ്ഥാനങ്ങളും
വിനേഷിന് കാത്തിരുപ്പ്; അപ്പീലില്‍ വിധി ചൊവ്വാഴ്ച

അത്‌ലറ്റിക്‌സില്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ല എന്നതാണ് ഇന്ത്യയെ സംബന്ധിച്ച് നിരാശ സമ്മാനിക്കുന്ന മറ്റൊരു ഘടകം. നീരജ് ചോപ്രോ (ജാവലിൻ), അവിനാഷ് സാബ്‌ലെ, പരുള്‍ ചൗദരി (3000 മീറ്റർ സ്റ്റീപ്പിള്‍ചേസ്) എന്നിവരെ മാറ്റിനിർത്തിയാല്‍ ട്രാക്കില്‍ ഇന്ത്യ പിന്നോട്ടായിരുന്നു. പലതാരങ്ങളും സീസണിലെ മികച്ച പ്രകടനത്തിനൊപ്പം പോലും എത്തിയിരുന്നില്ല എന്നതാണ് മറ്റൊരു സത്യം.

ജാവലിൻ ത്രോയില്‍ ടോക്കിയോയിലെ സ്വർണം നിലനിർത്താൻ നീരജിനായില്ല. നദീം അർഷാദിന്റെ ഒളിമ്പിക് റെക്കോഡ് ത്രോയാണ് (92.97 മീറ്റർ) നീരജിനെ (89.45) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്.

റിയോയിലേയും ടോക്കിയോയിലേയും നിരാശ ഷൂട്ടിങ്ങില്‍ മറികടക്കാനായി. മൂന്ന് വെങ്കലമെഡലുകളാണ് നേടിയത്. മനു ഭാക്കർ (10 മീറ്റർ എയർപിസ്റ്റള്‍, 10 മീറ്റർ എയർപിസ്റ്റള്‍ മിക്സഡ് ടീം), സരബ്‌ജോത് സിങ് (10 മീറ്റർ എയർപിസ്റ്റള്‍ മിക്സഡ് ടീം), സ്വപ്‌നില്‍ കുസാലെ (50 മീറ്റർ എയർ റൈഫിള്‍ 3 പൊസിഷൻ) എന്നിവരാണ് ഷൂട്ടിങ്ങിലെ മെഡല്‍ ജേതാക്കള്‍.

സ്പെയിനിനെ കീഴടക്കിയായിരുന്നു ഇന്ത്യൻ ഹോക്കി ടീം തുടർച്ചയായ രണ്ടാം ഒളിമ്പിക്‌സിലും വെങ്കലം നേടിയത്. 57 കിലോഗ്രാം ഗുസ്തിയില്‍ അമൻ സെഹ്‌റാവത്താണ് ഇന്ത്യയുടെ അവസാന മെഡല്‍ നേടിയത്.

നിലവില്‍ മെഡല്‍ നില പരിശോധിക്കുമ്പോള്‍ 39 സ്വർണമുള്‍പ്പടെ 90 മെഡലുകളുമായി ചൈനയാണ് ഒന്നാമത്. 38 സ്വർണമുള്ള അമേരിക്കയാണ് രണ്ടാമത്. അമേരിക്കയ്ക്ക് ആകെ 122 മെഡലുകളാണുള്ളത്. 71-ാം സ്ഥാനത്താണ് ഇന്ത്യ.

logo
The Fourth
www.thefourthnews.in