Paris Olympics 2024 | ഹോക്കിയില്‍ വീണ്ടും സെമി ദുരന്തം; ഫൈനല്‍ കാണാതെ ഇന്ത്യ പുറത്ത്, ഇനി വെങ്കലപ്പോര്
പാരീസ് ഒളിമ്പിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് നിരാശ. സെമി ഫൈനലില്‍ കരുത്തരായ ജർമനിയോട് പരാജയപ്പെട്ടു. 2-3 എന്ന സ്കോറിനായിരുന്നു തോല്‍വി. അവസാന നിമിഷം വരെ പോരാടിയ ശേഷമായിരുന്നു ഇന്ത്യ അടിയറവ് പറഞ്ഞത്. ഇനി വെങ്കലമെഡല്‍ പോരാട്ടത്തില്‍ സ്പെയിനാണ് എതിരാളികള്‍.
ഏഴാം മിനുറ്റില്‍ നായകൻ ഹർമൻപ്രീത് സിങ് പെനാല്‍റ്റി കോർണർ ലക്ഷ്യത്തിലെത്തിച്ച് ഉജ്വല തുടക്കമായിരുന്നു ഇന്ത്യക്ക് സമ്മാനിച്ചത്. എന്നാല്‍ ഷോർട്ട് കോർണറിലൂടെ ഗോണ്‍സാലൊ ജർമനിയെ ഒപ്പമെത്തിച്ചു. 27-ാം മിനുറ്റില്‍ ക്രിസ്റ്റഫർ റൂറിലൂടെ ജർമനി ലീഡെടുക്കുകയും ചെയ്തു.
മൂന്നാം ക്വാർട്ടറില്‍ സുഖ്‌ജീത്ത് സിങ്ങിലൂടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നു. എന്നാല്‍ അവസാന ക്വാർട്ടറില്‍ മാർക്കൊ മാറ്റ്കൊയാണ് ജർമനിയുടെ വിജയഗോള്‍ നേടിയത്. ഇതോടെ ഒളിമ്പിക്‌സ് സ്വർണമെന്ന സ്വപ്നം പൊലിയുകയായിരുന്നു.
അതേസമയം, വനിതകളുടെ 50 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് ഫൈനലില്‍. ഇതോടെ വിനേഷ് മെഡലുറപ്പിച്ചു. സെമി ഫൈനലില്‍ ക്യൂബയുടെ യുസ്‌നേലിസ് ഗുസ്മാനെയാണ് വിനേഷ് കീഴടക്കിയത്. സ്കോർ 5-0. ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതകൂടിയാണ് വിനേഷ്. അമേരിക്കയുടെ സാറ ഹില്‍ഡെബ്രാൻഡാണ് കലാശപ്പോരില്‍ എതിരാളി.
നേരത്തെ പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ നിലവിലെ ചാമ്പ്യനും ഇന്ത്യന്‍ താരവുമായ നീരജ് ചോപ്രയും ഫൈനലില്‍ കടന്നിരുന്നു. യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില്‍ തന്നെ 89.34 മീറ്റര്‍ ദൂരം കണ്ടെത്തിയായിരുന്നു നീരജിന്റെ ഫൈനല്‍ പ്രവേശം. 84 മീറ്ററായിരുന്നു യോഗ്യതാ മാര്‍ക്ക്.
പരുക്കിന്റെ പിടിയിലായിരുന്ന നീരജ് ഫിറ്റ്‌നെസ് വീണ്ടെടുത്ത ശേഷം ആദ്യം ഇറങ്ങിയത് ഒളിമ്പിക് വേദിയിലായിരുന്നു. എന്നാല്‍ ത്രോയിങ് പിറ്റില്‍ നിന്നു അല്‍പകാലം വിട്ടുനിന്നതിന്റെ ആലസ്യമൊന്നുമില്ലാത്ത പ്രകടനമായിരുന്നു നീരജിന്റേത്.