Paris Olympics 2024 | ടിക്കറ്റ് കളക്ടറില്‍ നിന്ന് പാരീസിലെ പോഡിയത്തിലേക്ക്; സ്വപ്‌നില്‍ കുസാലെയുടെ സ്വപ്ന യാത്ര

Paris Olympics 2024 | ടിക്കറ്റ് കളക്ടറില്‍ നിന്ന് പാരീസിലെ പോഡിയത്തിലേക്ക്; സ്വപ്‌നില്‍ കുസാലെയുടെ സ്വപ്ന യാത്ര

14-ാം വയസിലായിരുന്നു മഹാരാഷ്ട്ര സർക്കാരിന്റെ പ്രത്യേക കായിക പദ്ധതിയില്‍ (ക്രീഡ പ്രബോധിനി സ്കീം) സ്വപ്നില്‍ ഉള്‍പ്പെടുന്നത്. അന്ന് മുതല്‍ ഒരു ആഗ്രഹം മാത്രമായിരുന്നു, കായികഭൂപടത്തില്‍ തന്റെ പേരും രേഖപ്പെടുത്തുക എന്നത്
Updated on
2 min read

മണ്ണിനെ അറിയുന്ന, മണ്ണിനെ സ്നേഹിക്കുന്നവരാല്‍ സമ്പന്നമായ കോലാപ്പൂരിലെ കർഷകഗ്രാമത്തില്‍ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം. ജീവിതത്തിലെ കൈപ്പേറിയ കടമ്പകള്‍ താണ്ടിയ സ്വപ്‌നില്‍ കുസാലെയുടെ ആ യാത്ര പാരീസിലെ പോഡിയത്തില്‍ എത്തി നില്‍ക്കുന്നു. 50 മീറ്റർ റൈഫിള്‍ ത്രി പൊസിഷൻസില്‍ സ്വപ്നിലിന്റെ പിഴയ്ക്കാത്ത ഉന്നം ഇന്ത്യയ്ക്ക് സമ്മാനിച്ചത് പാരീസിലെ മൂന്നാം മെഡല്‍, മൂന്നാം വെങ്കലം.

14-ാം വയസിലായിരുന്നു മഹാരാഷ്ട്ര സർക്കാരിന്റെ പ്രത്യേക കായിക പദ്ധതിയില്‍ (ക്രീഡ പ്രബോധിനി സ്കീം) സ്വപ്നില്‍ ഉള്‍പ്പെടുന്നത്. അന്ന് മുതല്‍ ഒരു ആഗ്രഹം മാത്രമായിരുന്നു, കായികഭൂപടത്തില്‍ തന്റെ പേരും രേഖപ്പെടുത്തുക എന്നത്. ഇവിടെ നിന്നായിരുന്നു ഷൂട്ടിങ്ങിലേക്കുള്ള ആദ്യ ചുവടുവെപ്പും ഉണ്ടായത്.

പഠനത്തിന്റേയും പരിശീലനത്തിന്റേയും ഇടവേളകളില്‍ ഗ്രാമത്തിലേക്കുള്ള മടങ്ങിവരവില്‍ ഷൂട്ടിങ്ങ് ടാർഗറ്റുകള്‍ വരച്ചും എങ്ങനെ ഷൂട്ട് ചെയ്യുമെന്നതുമൊക്കെ ബന്ധുക്കളേയും സുഹൃത്തുക്കളേയും കാണിച്ചുകൊടുക്കന്നത് സ്വപ്നിലിന് വലിയ സന്തോഷമായിരുന്നെന്നാണ് മാതാവ് അനിത പറയുന്നത്.

Paris Olympics 2024 | ടിക്കറ്റ് കളക്ടറില്‍ നിന്ന് പാരീസിലെ പോഡിയത്തിലേക്ക്; സ്വപ്‌നില്‍ കുസാലെയുടെ സ്വപ്ന യാത്ര
Paris Olympics 2024 | 58-ാം വയസില്‍ സ്വപ്നസാക്ഷാത്കാരം; ആദ്യ ഒളിമ്പിക്‌സിനിറങ്ങി ഷിയിങ് സെങ്, കയ്യടിച്ച് ലോകം

ഷൂട്ടിങ് ആരംഭിച്ച് നാല് വർഷത്തിനുള്ളില്‍ തന്നെ 50 മീറ്റർ റൈഫിളില്‍ ചാമ്പ്യൻപട്ടം നേടി. 2015 ഏഷ്യൻ ചാമ്പ്യൻഷിപ്പിലായിരുന്നു നേട്ടം. ഇതേ വിഭാഗത്തില്‍ ലണ്ടണ്‍ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവായ ഗഗൻ നാരംഗിനെ പരാജയപ്പെടുത്തി ദേശീയ ചാമ്പ്യനുമായി. 50 മീറ്റർ ത്രി പൊസിഷൻസ് വിഭാഗത്തിനോടുള്ള ആഗ്രഹം ജൂനിയർ കാലം മുതല്‍ തുടങ്ങിയതായിരുന്നു സ്വപ്നിലിന്.

ആദ്യം 10 മീറ്റർ എയർ റൈഫിളിലേക്കായിരുന്നു സ്വപ്നില്‍ തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ 50 മീറ്റർ ത്രി പൊസിഷൻസിനോടുള്ള താത്പര്യത്താല്‍ പരിശീലനം നടത്തുകയായിരുന്നു. വെടിയുണ്ടകളുടെ വിലയും മറ്റുമെല്ലാം അലട്ടിയിരുന്നകാലത്തും പരിശീലനം വെടിയാൻ സ്വപ്നില്‍ തയാറായിരുന്നില്ല.

2015ല്‍ ഇന്ത്യൻ റെയില്‍വെയില്‍ ടിക്കറ്റ് കളക്ടറായി ജോലിയില്‍ പ്രവേശിച്ചു. സ്വന്തമായുള്ള ആദ്യ റൈഫിള്‍ എന്ന സ്വപ്നം സാക്ഷാത്കരിച്ചതും ഈ ജോലികൊണ്ടായിരുന്നു.

മഹാരാഷ്ട്ര സർക്കാർ റൈഫിള്‍ അനുവദിക്കുന്നതുവരെ സ്വപ്നിലും സഹഷൂട്ടർമാരും ഒരു റൈഫിളായിരുന്നു ഉപയോഗിച്ചിരുന്നത്. റെയില്‍വെയില്‍ ചേർന്നതോടെ ലഭിക്കുന്ന സമ്പാദ്യത്തില്‍ നിന്ന് ഒരു തുക റൈഫിള്‍ വാങ്ങാനായി മാറ്റിവെച്ചു. മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന റൈഫിള്‍ വാങ്ങാനായിരുന്നു പദ്ധതി.

Paris Olympics 2024 | ടിക്കറ്റ് കളക്ടറില്‍ നിന്ന് പാരീസിലെ പോഡിയത്തിലേക്ക്; സ്വപ്‌നില്‍ കുസാലെയുടെ സ്വപ്ന യാത്ര
Paris Olympics 2024 | 'ഒരാളല്ല, പോരാടുന്നത് രണ്ട് പേർ'; ഗർഭിണിയായിരിക്കെ മത്സരിച്ച് നദ ഹഫെസും യൈലഗുലും

2017 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലം നേടിയതിന് ശേഷമാണ് കുസാലെയുടെ സീനിയർ ഗഗൻ നാരംഗിന്റെ തോക്കിന് എത്ര രൂപയാകുമെന്ന ചോദ്യവുമായി എത്തിയത്. ഒൻപത് ലക്ഷമെന്നായിരുന്നു മറുപടി. സീനിയർ താരം സ്വരൂപിച്ച പണവും സ്വപ്നിലിന്റെ സാലറിയില്‍ നിന്ന് നീക്കിവെച്ച പണവും ഉപയോഗിച്ച് എട്ട് ലക്ഷത്തിലധികം വിലവരുന്ന റൈഫിള്‍ വാങ്ങിക്കുകയായിരുന്നു.

2022 ഏഷ്യൻ ഗെയിംസില്‍ 50 മീറ്റർ റൈഫിള്‍ ത്രി പൊസിഷൻസ് ടീം ഇനത്തില്‍ സ്വർണം നേടി. ഇതേ ഇനത്തില്‍ 2023 ഏഷ്യൻ ഷൂട്ടിങ് ചാമ്പ്യൻഷിപ്പില്‍ വെള്ളിയും നേടി. ഏഷ്യൻ റൈഫിള്‍/പിസ്റ്റള്‍ ചാമ്പ്യൻഷിപ്പില്‍ 2024ലും ടീം ഇനത്തില്‍ സ്വപ്നില്‍ സ്വർണം നേടിയിരുന്നു.

451.4 പോയിന്റോടെയായിരുന്നു പാരീസിലെ വെങ്കലനേട്ടം. 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് സ്വപ്‌നില്‍.

logo
The Fourth
www.thefourthnews.in