മോദി സംരക്ഷിച്ചത് ബ്രിജ് ഭൂഷണെ, രാജ്യം നിന്നത് വിനേഷിനൊപ്പം; ഭരണകൂട നിലപാടുകള്‍ മലർത്തിയടിക്കപ്പെടുമ്പോള്‍

മോദി സംരക്ഷിച്ചത് ബ്രിജ് ഭൂഷണെ, രാജ്യം നിന്നത് വിനേഷിനൊപ്പം; ഭരണകൂട നിലപാടുകള്‍ മലർത്തിയടിക്കപ്പെടുമ്പോള്‍

ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്നവരെ വിളിച്ച് അഭിനന്ദിക്കുന്ന പതിവ് ശൈലിയാണ് നരേന്ദ്ര മോദിക്കുള്ളത്. ആ വിളി വിനേഷിലേക്ക് എത്തേണ്ട സമയമായിരിക്കുന്നു
Updated on
4 min read

പാരീസ് ഒളിമ്പിക്‌സിലെ ഗോദയില്‍ ക്യൂബയുടെ യുസ്‍നേലിസ് ഗുസ്മാനെ വിനേഷ് ഫോഗട്ട് മലർത്തി അടിച്ച നിമിഷം സമൂഹമാധ്യമങ്ങളില്‍ കത്തിപ്പടർന്ന ഒരു ചിത്രമുണ്ട്. ഡല്‍ഹിയിലെ തെരുവില്‍ അർധസൈനികരുടേയും പോലീസിന്റേയും കൈകള്‍ക്കിടയില്‍ അമരുന്ന വിനേഷിന്റേതായിരുന്നു അത്. ലൈംഗികാരോപണം നേരിട്ട ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്റെ അന്നത്തെ തലവനുമായിരുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ പോരാട്ടത്തിനിറങ്ങുമ്പോള്‍ തങ്ങള്‍ അർഹിച്ച ബഹുമാനം ലഭിക്കുമെന്ന താരങ്ങളുടെ ധാരണ അപ്പാടെ തെറ്റിച്ച നിമിഷമായിരുന്നു അത്. കാരണം മോദി ഭരണകൂടത്തിന് അന്ന് പ്രിയം വിനേഷിനോടും സംഘത്തിനോടുമായിരുന്നില്ല, ബ്രിജ് ഭൂഷണെന്ന രാഷ്ട്രീയ നേതാവിനോടും അയാളുടെ വോട്ടുബാങ്കുനോടുമായിരുന്നു.

ഡല്‍ഹി പോലീസ് വിനേഷിനെ വലിച്ചിഴയ്ക്കുന്നു
ഡല്‍ഹി പോലീസ് വിനേഷിനെ വലിച്ചിഴയ്ക്കുന്നു

ഒളിമ്പിക്‌സിന്റെ ഗുസ്തി ചരിത്രമെടുത്തു നോക്കിയാല്‍ വനിത ഗുസ്തിയില്‍ ഫൈനലില്‍ ഇടംനേടിയ ഓരേ ഒരു ഇന്ത്യൻ താരമെയുള്ളൂ, അത് വിനേഷാണ്. ചരിത്ര മുഹൂർത്തത്തിന് തൊട്ടരികില്‍ വിനേഷ് നില്‍ക്കുമ്പോള്‍ കയ്‌പ്പേറിയ ഒരു വർഷം വിനേഷിന് പിന്നിലുണ്ട്. 2023 ജനുവരിയില്‍ തുടങ്ങി ഒരു വർഷത്തോളം നീണ്ട പോരാട്ടത്തിന്റെ നാളുകള്‍.

കൈസര്‍ഗഞ്ച് ബിജെപി എംപിയായിരുന്ന ബ്രിജ് ഭൂഷണിലേക്ക് ലോകത്തിന്റെ ശ്രദ്ധ പതിച്ചത് പൊടുന്നനെയായിരുന്നു. പ്രൊഫഷണല്‍ നേട്ടം വാഗ്‌ദാനം ചെയ്ത് തങ്ങളെ ലൈംഗികമായി ബ്രിജ്‌ ഭൂഷണ്‍‍ ചൂഷണം ചെയ്തെന്ന ആരോപണം വനിത ഗുസ്തി താരങ്ങള്‍ ഉയർത്തി. അന്താരാഷ്ട്ര മത്സരങ്ങള്‍ക്കിടയിലും ദേശീയ വേദികളിലും വെച്ച് തങ്ങള്‍ക്ക് ദുരനുഭവം ഉണ്ടായതായായിരുന്നു തുറന്നുപറച്ചില്‍. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെ ഏഴ് പരാതിക്കാരാണ് രംഗത്തുവന്നത്.

സമരത്തിന്റെ ആദ്യ ഘട്ടം

വിനേഷിന് പുറമെ സാക്ഷി മാലിക്കും ബജ്‌രംഗ് പൂനിയയും ഉള്‍പ്പെടെ മുപ്പതിലധികം ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷണിന്റെ രാജിക്കും ഗുസ്തി ഫെഡറേഷന്റെ പിരിച്ചുവിടലിനുമായി സമരമുഖത്തേക്ക് ഇറങ്ങി. ജന്തർ മന്തറിലെ ആദ്യ ഘട്ട സമരം മൂന്ന് ദിവസം നീണ്ടു നിന്നു. കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ പ്രതിഷേധം അവസാനിപ്പിച്ചു. പരാതികള്‍ അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തിനായിരുന്നു നടപടി.

മോദി സംരക്ഷിച്ചത് ബ്രിജ് ഭൂഷണെ, രാജ്യം നിന്നത് വിനേഷിനൊപ്പം; ഭരണകൂട നിലപാടുകള്‍ മലർത്തിയടിക്കപ്പെടുമ്പോള്‍
വിനേഷ് ഫോഗട്ട്: പോരാട്ടത്തിന്റെ പെണ്‍കരുത്ത്, കല്ലെറിഞ്ഞവർക്കും കണ്ണടച്ചവർക്കും കൈയടിക്കാൻ അർഹതയുണ്ടോ?

ഒളിമ്പ്യൻ മേരി കോമിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സമിതിക്ക് ഗുസ്തി താരങ്ങളെ സംതൃപ്തിപ്പെടുത്താനായില്ല. സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് ഇന്നും മൂടിവെക്കപ്പെട്ട രഹസ്യമായി തുടരുന്നെങ്കിലും സമിതി ബ്രിജ് ഭൂഷണ് ക്ലീൻ ചിറ്റാണ് നല്‍കിയതെന്നാണ് റിപ്പോർട്ടുകള്‍.

ഇതോടെയാണ് ഏപ്രില്‍ 23ന് രണ്ടാം ഘട്ട സമരങ്ങള്‍ക്ക് തുടക്കമാകുന്നത്. ബ്രിജ് ഭൂഷണെതിരെ ഡല്‍ഹി പോലീസ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. ഗുസ്തി താരങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് നടപടികള്‍ക്ക് വേഗം കൈവന്നത്. കേസെടുക്കാന്‍ തയാറാണെന്ന് ഡല്‍ഹി പോലീസ് സുപ്രീംകോടതിയെ അറിയിച്ചു.

സമരപന്തലില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു
സമരപന്തലില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

അടിച്ചമർത്തലിലും നിശബ്ദരാകാതെ പോരാട്ടം

പോക്സോ വകുപ്പുള്‍പ്പെടെ ചുമത്തിയിട്ടും, ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പോലീസ് തയാറായില്ല. ഇതോടെ ഗുസ്തി താരങ്ങളും നിലപാട് കടുപ്പിച്ചു. ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന് നിലപാട് എടുത്ത് അവര്‍ ജന്തര്‍മന്തറില്‍ തുടര്‍ന്നു.

പിന്നീട് സമരത്തെ അടിച്ചമർത്താനുള്ള സർക്കാർ നീക്കങ്ങള്‍ക്കായിരുന്നു രാജ്യം സാക്ഷ്യം വഹിച്ചത്. ആദ്യം ജന്തർ മന്തറില്‍ നിന്ന് താരങ്ങളെ നീക്കാനുള്ള ഡല്‍ഹി പോലീസിന്റെ ശ്രമം കയ്യാങ്കളിയിലാണ് അവസാനിച്ചത്. വനിതാ പോലീസുകാരുടെ അഭാവത്തിലായിരുന്നു നടപടി. വിനേഷിനേയും സാക്ഷിയേയും സംഗീത ഫോഗട്ടിനേയും അതിക്രമിച്ചതായി ആരോപണം ഉയർന്നു. വിനേഷിന് ഗുരുതരമായ പരുക്കുമേറ്റിരുന്നു.

മോദി സംരക്ഷിച്ചത് ബ്രിജ് ഭൂഷണെ, രാജ്യം നിന്നത് വിനേഷിനൊപ്പം; ഭരണകൂട നിലപാടുകള്‍ മലർത്തിയടിക്കപ്പെടുമ്പോള്‍
സിമോണ്‍ ബൈല്‍സ്: ജിംനാസ്റ്റിക്‌സിന്റെ തിളക്കത്തിനപ്പുറമൊരു ജീവിതം, പോരാട്ടം

കർഷകരുടെ പിന്തുണകൂടി സമരത്തിന് ലഭിച്ച നാളുകളായിരുന്നു അത്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിവസമായിരുന്നു ഡല്‍ഹി പോലീസിന്റെ നരനായാട്ട് സംഭവിച്ചത്. പാർലമെന്റിലേക്ക് മാർച്ചുമായി എത്തിയ ഗുസ്തിതാരങ്ങളെ തെരുവില്‍ നേരിട്ടു, വലിച്ചിഴച്ചു. പോലീസ് നടപടികളിലൂടെ തങ്ങളെ നിശബ്ദരാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഗുസ്തി താരങ്ങള്‍ ആരോപിച്ചു.

രാജ്യത്തിനായി മെഡല്‍ നേടിയ തങ്ങളിതാണോ അർഹിച്ചതെന്നായിരുന്നു അന്ന് വിനേഷ് ചോദിച്ചത്. ഓരോ നേട്ടത്തിലും കായിക താരങ്ങളെ അഭിനന്ദിക്കാൻ സമൂഹമാധ്യമങ്ങളില്‍ ഓടിയെത്തുന്ന പ്രധാനമന്ത്രി അന്ന് നിശബ്ദനായിരുന്നു.

ഗംഗാനദിയില്‍ മെഡല്‍ ഒഴുക്കി പ്രതിഷേധിക്കാനെത്തിയ ബജ്‌രംഗും വിനേഷും സാക്ഷിയും
ഗംഗാനദിയില്‍ മെഡല്‍ ഒഴുക്കി പ്രതിഷേധിക്കാനെത്തിയ ബജ്‌രംഗും വിനേഷും സാക്ഷിയും

ലോക ഗുസ്തി ഫെഡറേഷൻ സംഭവത്തെ അപലപിച്ചു. പിന്നീട് വൈകാരികമായിരുന്നു സംഭവങ്ങള്‍. തങ്ങള്‍ നേടിയ മെഡലുകള്‍ പ്രതിഷേധാർഹം ഗംഗയിലൊഴുക്കാമെന്ന കടുത്ത തീരുമാനത്തിലേക്ക് വിനേഷും ബജ്‌രംഗും സാക്ഷിയുമെത്തി. കർഷക നേതാവായ നരേഷ് ടികായത്തിന്റെ ഇടപെടലായിരുന്നു അന്ന് താരങ്ങളെ പിന്തിരിപ്പിച്ചത്.

ജൂണില്‍ ഗുസ്തി താരങ്ങള്‍ കായിക മന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി. ഗുസ്തി ഫൈഡറേഷൻ സസ്പെൻഡ് ചെയ്തു. ബ്രിജ് ഭൂഷണെതിരെ കുറ്റപത്രവും ഡല്‍ഹി പോലീസ് തയാറാക്കി. എന്നാല്‍ ഡല്‍ഹി പോലീസിന്റെ കുറ്റപത്രത്തെ വിമർശിച്ചും ഗുസ്തി താരങ്ങള്‍ രംഗത്തെത്തി. ബ്രിജ് ഭൂഷണെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് പോലീസ് നടത്തുന്നതെന്നും ഇത് അനുവദിക്കാൻ സാധിക്കില്ലെന്നുമായിരുന്നു സമരക്കാരുടെ പ്രതികരണം.

മോദി സംരക്ഷിച്ചത് ബ്രിജ് ഭൂഷണെ, രാജ്യം നിന്നത് വിനേഷിനൊപ്പം; ഭരണകൂട നിലപാടുകള്‍ മലർത്തിയടിക്കപ്പെടുമ്പോള്‍
ഇടവേളകളില്‍ ഒരു ഉറക്കം, അത് മസ്റ്റാ! ഹൈ ജമ്പില്‍ സ്വർണം നേടിയ യുക്രെയ്‌ൻ താരത്തിന്റെ ശൈലിയില്‍ കൗതുകം
ബ്രിജ് ഭൂഷണ്‍
ബ്രിജ് ഭൂഷണ്‍

ബ്രിജ് ഭൂഷണിന്റെ ഫെഡറേഷനിലേക്കുള്ള തിരിച്ചുവരവ്

പ്രതിഷേധങ്ങള്‍ക്ക് ശേഷമുള്ള ഗുസ്തി ഫെഡറേഷനിലെ തിരഞ്ഞെടുപ്പ് സമരക്കാരും ബ്രിജ് ഭൂഷണും തമ്മിലായിരുന്നു. 2023 ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബ്രിജ് ഭൂഷണിന്റെ പാനല്‍ വിജയിച്ചു. ഗുസ്തി താരങ്ങള്‍ പിന്തുണച്ച അനിത ഷിറോണ്‍ പരാജയപ്പെട്ടു.

ഇതിന് പിന്നാലെയായിരുന്നു സാക്ഷി മാലിക്ക് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ബജ്‌രംഗ് തനിക്ക് രാജ്യം നല്‍കിയ പുരസ്കാരങ്ങള്‍ മടക്കി നല്‍കി. വിനേഷും ആ പാത പിന്തുടർന്നു. നിരാശ കത്തിലൂടെ പ്രധാനമന്ത്രിയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ വൈകാതെ തന്നെ കേന്ദ്ര കായിക മന്ത്രാലയം തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ സസ്‌പെൻഡ് ചെയ്തു.

അർജുന അവാർഡ് തിരിച്ചുനല്‍കാൻ എത്തുന്ന വിനേഷ്
അർജുന അവാർഡ് തിരിച്ചുനല്‍കാൻ എത്തുന്ന വിനേഷ്

തള്ളിപ്പറയാത്ത മോദിയും ബിജെപിയും

ലോകോത്തര താരങ്ങളും ഫെഡറേഷനുകളും ഉറ്റുനോക്കിയ സമരം, സ്വന്തം കണ്‍മുന്നില്‍ നടന്ന പോരാട്ടം. പക്ഷേ, ഗുസ്തി താരങ്ങളെ കേള്‍ക്കാനോ ബ്രിജ് ഭൂഷണിനെ തള്ളിപ്പറയാനോ നരേന്ദ്ര മോദിയും ബിജെപിയും തയാറായിട്ടില്ല. അതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു 2024 ലോക്‌സഭ തിരഞ്ഞെടുപ്പില്‍  കൈസര്‍ഗഞ്ച് സീറ്റ് ബ്രിജ് ഭൂഷണിന്റെ മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിന് നല്‍കിയ നടപടി.

രാജ്യത്തെ പെണ്‍മക്കളുടെ മനോവീര്യം തകർത്തുവെന്നായിരുന്നു സാക്ഷി മാലിക്ക് ബിജെപിയുടെ നടപടിയെ വിശേഷിപ്പിച്ചത്. ബ്രിജ് ഭൂഷണിന് മുന്നില്‍ രാജ്യത്തെ സർക്കാർ സംവിധാനങ്ങള്‍ ഭീരുക്കളായി മാറുകയാണോയെന്നും സാക്ഷി ചോദിച്ചു. തിരഞ്ഞെടുപ്പിലും ബ്രിജ് ഭൂഷണെ പരാജയപ്പെടുത്താനായില്ല. ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കരണിന്റെ ജയം.

വിനേഷിനെ 'രാജ്യത്തിന്റെ മകളാക്കാൻ' മോദിക്ക് കഴിയുമോ?

ഡല്‍ഹിയെ മാറിമറിയുന്ന കാലാവസ്ഥയില്‍ തെരുവില്‍ കിടന്ന് വിനേഷ് പോരാടിയത് നീതിക്കുവേണ്ടി മാത്രമായിരുന്നു. പക്ഷേ, അത് ലഭിച്ചില്ലെന്ന് മാത്രമല്ല, ആ ശബ്ദം കേള്‍ക്കാൻ പോലും നരേന്ദ്ര മോദി നേതൃത്വം കൊടുക്കുന്ന ഭരണസംവിധാനം തയാറായിട്ടില്ല. ഓരോ എതിരാളിയേയും വിനേഷ് മലർത്തിയടിക്കുമ്പോള്‍ അത് ബ്രിജ് ഭൂഷണിന്റെ മുഖത്തേറ്റ അടിയാണെന്നാണ് പലരും വിശേഷിപ്പിക്കുന്നത്. ബ്രിജ് ഭൂഷണ് മാത്രമല്ല, അത് ബിജെപിക്കും നരേന്ദ്ര മോദിക്കും കൂടിയുള്ളതാണെന്ന് ഓർമിക്കേണ്ടതുണ്ട്.

മോദി സംരക്ഷിച്ചത് ബ്രിജ് ഭൂഷണെ, രാജ്യം നിന്നത് വിനേഷിനൊപ്പം; ഭരണകൂട നിലപാടുകള്‍ മലർത്തിയടിക്കപ്പെടുമ്പോള്‍
വിമർശകരെ ജയത്തിലൂടെ 'നോക്കൗട്ട്‌' ആക്കിയ ഇമാനെ ഖെലീഫ്

ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്നവരെ വിളിച്ച് അഭിനന്ദിക്കുന്ന പതിവ് ശൈലിയാണ് നരേന്ദ്ര മോദിക്കുള്ളത്. ആ വിളി വിനേഷിലേക്ക് എത്തേണ്ട സമയമായിരിക്കുന്നു. താൻ കാണിച്ച അനീതിയുടെ ഭാരത്തില്‍ നരേന്ദ്ര മോദിക്ക് തൊണ്ട ഇടറാതെ വിനേഷിനോട് സംസാരിക്കാനാകുമോ? എതിര് നിന്ന എല്ലാ സംവിധാനങ്ങളേയും ഗോദയില്‍ വീഴ്‌ത്തിയാണ് വിനേഷ് പോഡിയത്തിലേക്ക് ചുവടുവെക്കുന്നത്. സമാനതകളില്ലാത്ത ആ പോരാട്ടം പൊന്നിൽ തന്നെ അവസാനിക്കട്ടെ.

logo
The Fourth
www.thefourthnews.in