ശരീരത്തിലുണ്ടായിരുന്നത് പത്ത് ശതമാനത്തില്‍ താഴെ കൊഴുപ്പ് മാത്രം; വിനേഷ് ഫോഗട്ടിനെ ചതിച്ചത് ടീം സ്റ്റാഫുകളുടെ പിഴവോ?
കായികലോകം കണ്ട സമാനതകളില്ലാത്ത പോരാട്ടത്തിനൊരു ശുഭകരമായ അന്ത്യം കാത്തിരുന്ന ഒരു ജനതയെ തേടിയെത്തിയത് നിരാശയായിരുന്നു. വനിത ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടു. 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ മത്സരിക്കുന്ന വിനേഷ് ഭാരപരിശോധനയില്‍ പരാജയപ്പെടുകയായിരുന്നു. ഇതേതുടർന്നാണ് താരം അയോഗ്യയാക്കപ്പെട്ടത്. വെള്ളിക്കുപോലും വിനേഷിന് അർഹതയുണ്ടാകില്ല.
വിനേഷിനുണ്ടായ തിരിച്ചടിയെക്കുറിച്ചും ഗുസ്തി ഭാരപരിശോധന മാനദണ്ഡങ്ങളെക്കുറിച്ചും ഇന്ത്യൻ അണ്ടർ 20 ജൂനിയർ ടീമിന്റെയും കേരള സ്റ്റേറ്റ് സ്പോർട്‌സ് കൗണ്‍സില്‍ ഗുസ്തി പരിശീലകനുമായ ഗിരിധർ ദ ഫോർത്തിനോട് സംസാരിക്കുന്നു.
ഭാരപരിശോധനാവിധവും പ്രക്രിയയും
16 പേരിലധികം മത്സരിക്കുന്ന വിഭാഗമാണെങ്കില്‍ ഓരോ ദിവസവും ഭാരപരിശോധനയുണ്ടാകും. മത്സരദിവസം രാവിലെയായിരിക്കും പരിശോധന. ആദ്യ ദിവസം 30 മിനുറ്റാണ് ഭാരം തെളിയിക്കാനുള്ള അവസരം നല്‍കുന്നത്. ഈ സമയത്തിനുള്ളില്‍ എത്ര ശ്രമങ്ങള്‍ വേണമെങ്കിലും നടത്താം.
50 കിലോഗ്രാം വിഭാഗമാണെങ്കില്‍ ഉപയോഗിക്കുന്ന വസ്ത്രം ഉള്‍പ്പെടെ 49.5-50 കിലോഗ്രാമിനുള്ളിലായിരിക്കണം ശരീരഭാരം. രണ്ടാം ദിവസത്തിലേക്ക് എത്തുമ്പോള്‍ 30 മിനുറ്റെന്ന സമയപരിധി 15 മിനുറ്റാക്കി ചുരുക്കും. ഇവിടെയുണ്ടായ ഒരു വീഴ്ചയായിരിക്കണം ഇത്തരമൊരു തിരിച്ചടിക്ക് കാരണമായത്.
ഇന്ന് വിനേഷിന് അനുവദനീയമായത് 15 മിനുറ്റ് മാത്രമായിരുന്നു. ഇതില്‍ ശരീരഭാരം തെളിയിക്കാൻ പറ്റുന്നതിന് പരിധിയുണ്ടല്ലോ. നേരത്തെ തന്നെ ഭാരം നിയന്ത്രിച്ചുകൊണ്ടുവരണമായിരുന്നു.
സാങ്കേതിക ടീമിനുണ്ടായ വീഴ്ചയോ?
പരിശീലകരും സപ്പോർട്ട് സ്റ്റാഫും ഡയറ്റീഷ്യനും ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലർത്തേണ്ടതാണ്. കാരണം ഇത് ടോപ് ലെവല്‍ മത്സരമാണ്. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. ശരീരഭാരം കൃത്യമായി കണക്കുകൂട്ടിവേണം മുന്നോട്ടുപോകാൻ. പരിശീലകർ മാത്രമല്ല, ഫിസിയോയുമെല്ലാം ഉള്‍പ്പെടുന്ന ടീമാണ് സംഘത്തിനൊപ്പമുള്ളത്.
ഫൈനല്‍ വരെ എത്തിയതാണ്, ഈ നിയമത്തിന്റെ കാര്യം വ്യക്തമായി അറിയാവുന്നതാണ്, ശ്രദ്ധ പുലർത്തണമായിരുന്നു. കുറച്ചുകൂടി ശ്രമിച്ചിരുന്നെങ്കില്‍ ഊർജം നഷ്ടമായിട്ടാണെങ്കലും ഫൈനലില്‍ മത്സരിക്കാമായിരുന്നു. വെള്ളി മെഡലെങ്കിലും നേടാമായിരുന്നു.
തുടർച്ചയായ മൂന്ന് മത്സരങ്ങള്‍ തിരിച്ചടി
ഉറങ്ങാതെ രാത്രി മുഴുവൻ പരിശീലനം നടത്തിയിട്ടും 100 ഗ്രാമിന്റെ കൂടുതലാണുണ്ടായത്. വിനേഷ് സാധാരണയായി മത്സരിച്ചിരുന്നത് 53 കിലോഗ്രാം വിഭാഗത്തിലായിരുന്നു. ഇപ്പോള്‍ മത്സരിക്കുന്ന 50 കിലോഗ്രാമിനേക്കാള്‍ മൂന്ന് കിലോ കൂടുതല്‍.
ഭാരം കുറച്ചിട്ടാണ് മത്സരത്തിനൊരുങ്ങിയത്. വിനേഷ് ഇന്നലെ മൂന്ന് മത്സരങ്ങളാണ് കളിച്ചത്. അത് മൂന്നും വളരെ കഠിനമേറിയതുമായിരുന്നു. നിലവില്‍ ഭാരം കുറച്ചിരിക്കുന്ന ഒരാള്‍ ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ സ്വഭാവികമായും കൂടുതല്‍ ഊർജം ആവശ്യമായി വരും. സപ്ലിമെന്റ്സ് കഴിക്കുമ്പോള്‍ രണ്ട്, മൂന്ന് കിലോ കൂടിയേക്കാം.
ഇത് കുറച്ചുകൊണ്ടുവരികയെന്നത് വലിയൊരു പ്രക്രിയയാണ്. 100 ഗ്രാം കൂടിയതായാണ് പറയുന്നത്. 10 ഗ്രാമാണെങ്കില്‍ പോലും മത്സരിക്കാനാകില്ല. ശരീരത്തിലെ കൊഴുപ്പിന്റെ അംശം 10 ശതമാനത്തില്‍ താഴെ മാത്രമാണ്. അതില്‍ ഇനി കുറയ്ക്കാൻ ഒന്നും തന്നെയില്ല.
ഇത് ആദ്യമായല്ല വിനേഷിനു ഭാരം നിലനിർത്താനാകാതെ പോകുന്നത്. ഒളിമ്പിക്‌സ് യോഗ്യത ഘട്ടത്തിലും സമാനമായ വെല്ലുവിളി നേരിട്ടിരുന്നെങ്കിലും അതിജീവിക്കുകയായിരുന്നു. സാധാരണയായി വിനേഷ് മത്സരിക്കുന്നത് 53 കിലോഗ്രാം വിഭാഗത്തിലായിരുന്നു. എന്നാല്‍ ഇത്തവണ 50 കിലോ ഗ്രാം വിഭാഗത്തിലേക്കു ചുവടുമാറ്റുകയായിരുന്നു.
സെമി ഫൈനലില്‍ ക്യൂബയുടെ യുസ്‌നേലിസ് ഗുസ്മാനെയാണ് വിനേഷ് കീഴടക്കിയാണ് വിനേഷ് ഫൈനലില്‍ കടന്നത്. സ്കോർ 5-0. ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിത കൂടിയായിരുന്നു വിനേഷ്. അമേരിക്കയുടെ സാറ ഹില്‍ഡെബ്രാൻഡായിരുന്നു കലാശപ്പോരിലെ എതിരാളി.
ആദ്യ റൗണ്ടില്‍ നിലവിലെ ഒളിമ്പിക് ജേതാവും ലോക ചാമ്പ്യനുമായ യുയി സുസാക്കിയെയാണ് വിനേഷ് പരാജയപ്പെടുത്തിയത്. 3-2 എന്ന സ്കോറിനായിരുന്നു ജയം. അവസാന നിമഷം വരെ രണ്ട് പോയിന്റിനു പിന്നില്‍നിന്ന ശേഷമായിരുന്നു അവിശ്വിസനീയമായ തിരിച്ചുവരവ്. അന്താരാഷ്ട്ര കരിയറിലെ സുസാക്കിയുടെ ആദ്യ തോല്‍വി കൂടിയാണിത്.