Paris Olympics 2024 | അവസാനം നിമിഷം വരെ പോരാട്ടം; 10 മീറ്റർ എയർ റൈഫിളില്‍ അർജുന് നാലാം സ്ഥാനം
പാരീസ് ഒളിമ്പിക്‌സില്‍ 10 മീറ്റർ എയർ റൈഫിളില്‍ ഇന്ത്യയുടെ അർജുൻ ബബുതയ്ക്ക് നിരാശ. അവസാന നിമിഷം വരെ പോരാടിയ അർജുന് നാലാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 208.4 പോയിന്റാണ് അർജുന് ലഭിച്ചത്. യോഗ്യത റൗണ്ടില്‍ 630.1 പോയിന്റോടെ ഏഴാം സ്ഥാനത്തായിരുന്നു അർജുൻ.
ചൈനീസ് താരം ഷെങ് ലിഹാവോയ്ക്കാണ് സ്വർണം. 252.2 പോയിന്റായിരുന്നു ഷെങ് നേടിയത്. സ്വീഡന്റെ വിക്ടർ ലിൻഡ്‌ഗ്രെനാണ് വെള്ളി (251.4). ക്രൊയേഷ്യയുടെ മിരൻ മരിസിച്ചിനാണ് വെങ്കലം ലഭിച്ചത്.
നേരത്തെ 10 മീറ്റർ എയർ റൈഫിള്‍ വനിത വിഭാഗം ഫൈനലിലും ഇന്ത്യയ്‌ക്ക് നിരാശയായിരുന്നു. രമിത ജിൻഡലിന് ഏഴാം സ്ഥാനമാണ് ലഭിച്ചത്. 145.3 പോയിന്റാണ് രമിതയ്ക്ക് ലഭിച്ചത്.
തെക്കൻ കൊറിയയുടെ ബാൻ ഹ്യൊ ജിന്നിനാണ് സ്വർണം ലഭിച്ചത്. 251.8 പോയിന്റായിരുന്നു താരം നേടിയത്. ചൈനയുടെ ഹുവാങ് യുട്ടിങ്ങിനാണ് വെള്ളി. ഹ്യോ ജിന്നിനും യുട്ടിങ്ങിനും ഒരേ പോയിന്റായിരുന്നു ലഭിച്ചത്. സ്വിറ്റ്‌സർലൻഡിന്റെ ഓഡ്രി ഗോഗ്നിയാറ്റിനായിരുന്നു വെങ്കലം.
അതേസമയം, പാരീസ് ഒളിമ്പിക്‌സില്‍ രണ്ടാം മെഡല്‍ ലക്ഷ്യമിട്ട് മനു ഭാക്കർ നാളെ ഇറങ്ങും. 10 മീറ്റർ എയർ പിസ്റ്റള്‍ മിക്‌സഡ് വിഭാഗത്തില്‍ മനു ഭാക്കർ-സരബ്‌ജോത് സിങ് സഖ്യം വെങ്കലപ്പോരാട്ടത്തിന് യോഗ്യത നേടി. നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് കൊറിയൻ സഖ്യത്തിനെതിരെയാണ് മത്സരം.