പാരീസ് ഒളിംപിക്‌സ്: വർണാഭ ചടങ്ങുകളോടെ കൊടിയിറക്കം, സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തി ശ്രീജേഷും മനു ഭാക്കറും
കഴിഞ്ഞ 16 ദിവസത്തെ വർണാഭമായ പാരീസ് ഒളിംപിക്സിന് സ്റ്റാഡ് ദ് ഫ്രാൻസ് സ്റ്റേഡിയത്തിൽ സമാപനം. ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യൻ ടീം ഗോൾ കീപ്പർ പി ആർ ശ്രീജേഷും ഇരട്ടവെങ്കലം നേടിയ ഷൂട്ടിങ് താരം മനു ഭാക്കറുമാണ് രണ്ടരമണിക്കൂറിലേറെ നീണ്ട ആഘോഷപരിപാടിയുടെ ഭാഗമായി നടന്ന മാർച്ച് പാസ്റ്റിൽ ഇന്ത്യയുടെ പതാകയേന്തിയത്. സസ്പെൻസുകൾക്ക് വിരാമമിട്ട് ഹോളിവുഡ് താരം ടോം ക്രൂസ് കൂടി എത്തിയതോടെ 2024 ഒളിംപിക്സിന് ശുഭകരമായ പര്യവസാനം.
2028ലെ ഒളിംപിക്സിന് അമേരിക്കയിലെ ലോസ് ഏഞ്ചൽസാണ് വേദിയാകുക. അവിടുത്തെ മേയർ കരൻ ബാസ് പാരിസ് മേയർ ആനി ഹിഡാൽഗോയിൽനിന്ന് ഒളിംപിക് പതാകയും സമാപന ചടങ്ങിൽ ഏറ്റുവാങ്ങി. വനിതാ മാരത്തണിൽ വിജയിച്ച നെതർലൻഡ്‌സിന്റെ സിഫാൻ ഹസനാണ് അവസാനമായി സ്വർണം ഏറ്റുവാങ്ങിയത്.
ഫ്രാൻസിന്റെ നീന്തൽ താരം ലിയോൺ മെർച്ചന്റായിരുന്നു സമാപന ചടങ്ങിലെ പരിപാടികൾക്ക് തുടക്കം കുറിച്ചത്. പ്രസിദ്ധമായ ഫ്രാൻസിലെ ഫീനിക്സ് ബാങ്കിന്റെ സംഗീത പരിപാടികളും സ്റ്റാഡ് ദ് ഫ്രാൻസ് സ്റ്റേഡിയത്തിൽ അരങ്ങേറി. 70,000 കാണികളായിരുന്നു ചടങ്ങിന് സാക്ഷിയായത്. പോയിന്റ് പട്ടികയിൽ ഒന്നാമതെത്താൻ നടന്ന ഇഞ്ചോടിഞ്ച് മത്സരത്തിൽ അമേരിക്ക അവസാന നിമിഷം 126 മെഡലുകൾ നേടി മുന്നേറുകയായിരുന്നു.
ഒരു വെള്ളിയും അഞ്ച് വെങ്കലവുമടക്കം ആറ് മെഡലുകളാണ് ഇന്ത്യയുടെ പാരിസിലെ നേട്ടം. ടോക്കിയോ ഒളിംപിക്സിലെ പോലെ സ്വർണമെഡൽ നേടാൻ ഇത്തവണ ഇന്ത്യക്കായില്ല എന്ന നിരാശയും ബാക്കിയാണ്. ഇന്ത്യ പാരീസിൽ നിന്ന് മടങ്ങുന്നത്. ടോക്കിയോയിലെ റെക്കോർഡിനൊപ്പമെത്താനോ സ്വർണമെഡൽ നേടാനോ ഇന്ത്യക്കായില്ല. മെഡൽ പട്ടികയിൽ എഴുപത്തിയൊന്നാം സ്ഥാനത്താണ് ഇന്ത്യ