2024 ഒളിമ്പിക്‌സ്: വനിതകളുടെ അമ്പെയ്ത്തില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍

2024 ഒളിമ്പിക്‌സ്: വനിതകളുടെ അമ്പെയ്ത്തില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍

ഇന്നു നടന്ന റാങ്കിങ് റൗണ്ടില്‍ നാലാം സ്ഥാനത്തെത്തിയാണ് അങ്കിത ഭക്ത്, ഭജന്‍ കൗര്‍, ദീപിക കുമാരി എന്നിവരടങ്ങിയ ടീം ക്വാര്‍ട്ടറിലേക്ക് നേരിട്ട് യോഗ്യത നേടിയത്.
Updated on
1 min read

2024 ഒളിമ്പിക്‌സിന് വേദിയാകുന്ന പാരീസില്‍ നിന്ന് ഇന്ത്യക്ക് ആദ്യ ശുഭവാര്‍ത്ത. വനിതകളുടെ അമ്പെയ്ത്തില്‍ മെഡല്‍ പ്രതീക്ഷ ഉയര്‍ത്തി ടീമിനത്തില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നു. ഇന്നു നടന്ന റാങ്കിങ് റൗണ്ടില്‍ നാലാം സ്ഥാനത്തെത്തിയാണ് അങ്കിത ഭക്ത്, ഭജന്‍ കൗര്‍, ദീപിക കുമാരി എന്നിവരടങ്ങിയ ടീം ക്വാര്‍ട്ടറിലേക്ക് നേരിട്ട് യോഗ്യത നേടിയത്.

മത്സരത്തില്‍ അങ്കിത പതിനൊന്നാം സ്ഥാനത്തും ഭജനും ദീപികയും യഥാക്രമം 22, 23 സ്ഥാനങ്ങളിലും എത്തിയതോടെ ആകെ 1983 പോയിന്റ് നേടിയാണ് ഇന്ത്യന്‍ ടീം ക്വാര്‍ട്ടറിലേക്ക് കുതിച്ചത്. മത്സരത്തില്‍ ആകെ 21 തവണ 'ബുള്‍സ് ഐ' നേടിയ ഇന്ത്യയ്ക്ക് 83 തവണ പെര്‍ഫക്ട് ടെന്‍ സ്വന്തമാക്കാനും കഴിഞ്ഞു.

മത്സരത്തില്‍ ദക്ഷിണ കൊറിയയായിരുന്നു ഒന്നാമതെത്തിയത്. 2046 പോയിന്റാണ് അവര്‍ സ്വന്തമാക്കിയത്. 1996 പോയിന്റ് നേടിയ ചൈന രണ്ടാമതും 1986 പോയിന്റ് നേടിയ മെക്‌സിക്കോ മൂന്നാമതുമെത്തി.

ടീമിനത്തില്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ കാഴ്ചവച്ചത്. മൂവര്‍ സംഘത്തില്‍ മുന്നില്‍ നിന്ന അങ്കിത തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അതേസമയം സൂപ്പര്‍ താരമായ ദീപികയയ്ക്ക് തന്റെ സ്വതസിദ്ധ ഫോം കണ്ടെത്താനാകാതെ പോയത് ഇന്ത്യക്ക് നേരിയ നിരാശ പകര്‍ന്നു.

logo
The Fourth
www.thefourthnews.in