10 മണിക്കൂറില്‍ കുറച്ചത് 4.5 കിലോഗ്രാം ഭാരം; ഗോദയില്‍ അമനിലൂടെ ആശ്വാസവും ചരിത്രവുമായി വെങ്കലം

10 മണിക്കൂറില്‍ കുറച്ചത് 4.5 കിലോഗ്രാം ഭാരം; ഗോദയില്‍ അമനിലൂടെ ആശ്വാസവും ചരിത്രവുമായി വെങ്കലം

സെമി ഫൈനലില്‍ പരാജയപ്പെട്ടശേഷം അമന്റെ ഭാരം 61.5 കിലോയായി വർധിച്ചിരുന്നു. അനുവദനീയമായ ഭാരത്തേക്കാള്‍ 4.5 കിലോ കൂടുതല്‍
Updated on
2 min read

പാരീസ് ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഇന്ത്യയ്ക്ക് ആശ്വാസമായി അമൻ സെഹ്‌റാവത്ത്. 57 കിലോഗ്രാം വിഭാഗത്തില്‍ പ്യൂർട്ടോറിക്കയുടെ ഡാരിയൻ ക്രൂസിനെ പരാജയപ്പെടുത്തിയാണ് ചരിത്രം കുറിച്ചത്. ഒളിമ്പിക്‌സില്‍ വ്യക്തിഗത ഇനത്തില്‍ മെഡല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരാനാകാനും അമനായി. 21 വയസും 24 ദിവസവും മാത്രമാണ് അമന്റെ പ്രായം.

സെമി ഫൈനലില്‍ പരാജയപ്പെട്ടശേഷം അമന്റെ ഭാരം 61.5 കിലോയായി വർധിച്ചിരുന്നു. അനുവദനീയമായ ഭാരത്തേക്കാള്‍ 4.5 കിലോഗ്രാം കൂടുതല്‍. വ്യാഴാഴ്ച വൈകുന്നേരം 6.30നായിരുന്നു സെമി ഫൈനലില്‍ ജപ്പാൻ താരം റെയ് ഹുഗൂച്ചിയോട് അമൻ പരാജയപ്പെടുന്നത്.

വെള്ളിയാഴ്ച രാവിലെ നടക്കാനിരിക്കുന്ന ഭാരപരിശോധനയ്ക്ക് മുന്നോടിയായി അനുവദനീയമായ ഭാരത്തിലേക്കെത്താൻ അമന്റെ ഭാഗത്തുനിന്നുണ്ടായത് സമാനതകളില്ലാത്ത കഠിനാധ്വാനമായിരുന്നു. സെമി ഫൈനല്‍ പൂർത്തിയായതിനു പിന്നാലെ ഒന്നരമണിക്കൂർ മാറ്റ് സെഷനായിരുന്നു അമന് നിർദേശിച്ചത്. മുതിർന്ന പരിശീലകരായ ജഗ്മന്ദർ സിങ്ങും വിരേന്ദർ ദഹിയയുമായിരുന്നു അമന്റെ ശ്രമങ്ങള്‍ക്കു നിർദേശങ്ങള്‍ നല്‍കിയത്.

10 മണിക്കൂറില്‍ കുറച്ചത് 4.5 കിലോഗ്രാം ഭാരം; ഗോദയില്‍ അമനിലൂടെ ആശ്വാസവും ചരിത്രവുമായി വെങ്കലം
അർഷാദ് നദീം: അഞ്ചര പതിറ്റാണ്ടെടുത്ത് പാകിസ്താന്‍ തേച്ച് മിനുക്കി ഒരുക്കിയ പൊന്ന്

ശേഷം ഹോട്ട് ബാത്ത് സെഷൻ, അർധരാത്രി 12.30 ഓടെ ഒരു മണിക്കൂർ ട്രെഡ്‌മില്‍ ഓട്ടം. ഇത് ഇടവേളകളില്ലാത്ത പ്രക്രിയായിരുന്നു. പിന്നീട് സോന ബാത്തിന്റെ അഞ്ച് മിനുറ്റ് സെഷനുകള്‍ നല്‍കി. സോന ബാത്ത് സെഷൻ അവസാനിച്ച ശേഷമുള്ള ഭാരപരിശോധനയില്‍ 900 ഗ്രാമായിരുന്നു കൂടുതല്‍.

ശരീരത്തിന് മസാജ് നല്‍കിയ ശേഷം ലൈറ്റ് ജോഗിങ്ങായിരുന്നു പരിശീലകർ പിന്നീട് നിർദേശിച്ചത്. തുടർന്ന് 15 മിനുറ്റ് ദൈർഘ്യമുള്ള അഞ്ച് റണ്ണിങ് സെഷനും അമൻ ചെയ്തു. പുലർച്ചെ നാലരയോടെ അമന്റെ ഭാരം 56.9 കിലോഗ്രാമിലേക്ക് എത്തി. കഠിനമായ വ്യായാമത്തിനിടയില്‍ തേനും നാരങ്ങാനീരും ചേർത്ത ചെറുചൂടുവെള്ളം മാത്രമാണ് അമൻ കഴിച്ചിരുന്നത്.

പിന്നീടുള്ള സമയം ഉറങ്ങാൻ അമൻ തയ്യാറായില്ല. ഗുസ്തി വീഡിയോകള്‍ കണ്ടിരിക്കുകയായിരുന്നു. വിനേഷിന് സംഭവിച്ചത് ആവർത്തിക്കാതിരിക്കാനുള്ള ശ്രമമായിരുന്നു നടത്തിയതെന്ന് ദഹിയ വ്യക്തമാക്കുകയും ചെയ്തു.

ഛത്രസാല്‍ സ്റ്റേഡിയത്തില്‍നിന്ന് ചരിത്രത്തിലേക്ക്

ചരിത്രം പേറുന്ന ഛത്രസാല്‍ സ്റ്റേഡിയത്തില്‍നിന്നാണ് അമന്റെ വരവ്. 11-ാം വയസില്‍ മാതാപിതാക്കളെ നഷ്ടമായതാണ് അമന്. മരിക്കുന്നതിന് മുൻപ് 2013ല്‍ അമനെ ഛത്രസാലില്‍ ചേർക്കാൻ പിതാവിന് കഴിഞ്ഞിരുന്നു. സുശീല്‍ കുമാർ, ബജ്‌റങ് പൂനിയ, യോഗേശ്വർ ദത്ത്, രവി ദഹിയ എന്നീ ഒളിമ്പിക് മെഡല്‍ ജേതാക്കളെ സമ്മാനിച്ചതാണ് ഛത്രസാല്‍.

സുശീല്‍ കുമാറിനെയും രവി ദഹിയയെയും കണ്ടായിരുന്നു അമന്റെ വളർച്ച. കൂടുതല്‍ അടുപ്പം രവി ദഹിയയോടായിരുന്നു. 2022ല്‍ ഏഷ്യൻ അണ്ടർ 20 ചാമ്പ്യൻഷിപ്പില്‍ വെങ്കലവും എഷ്യൻ അണ്ടർ 23 ചാമ്പ്യൻഷിപ്പില്‍ പിന്നീട് സ്വർണവും നേടി. ബജ്റംഗിനും രവിക്കും നേടാനാകാതെ പോയ സ്വർണം അമൻ ഗോദയില്‍ നേടി.

ഇന്ത്യയില്‍നിന്നുള്ള ഏക പുരുഷ ഗുസ്തി താരമായായിരുന്നു അമൻ പാരിസിലെത്തിയത്. പ്രീ ക്വാർട്ടറില്‍ നോർത്ത് മക്കഡോണിയയുടെ വ്ളാഡിമിർ എഗോറോവിനെയാണ് പരാജയപ്പെടുത്തിയത്. ക്വാർട്ടറില്‍ അല്‍ബേനിയയുടെ സെലിം ഖാനെയും.

അമന്റെ വെങ്കലം പാരീസിലെ ഇന്ത്യയുടെ ആറാം മെഡലാണ്. അഞ്ച് വെങ്കലവും ഒരു വെള്ളിയുമാണ് ഇന്ത്യ ഇതുവരെ പാരീസില്‍ നേടിയത്.

logo
The Fourth
www.thefourthnews.in