പാരീസ് ഒളിമ്പിക്‌സ്: വിനേഷ് ഫോഗട്ടിന് മെഡലില്ല, വെള്ളി മെഡൽ ആവശ്യപ്പെട്ട് നൽകിയ ഹർജി രാജ്യാന്തര കായിക തർക്ക പരിഹാര കോടതി തള്ളി
പാരീസ് ഒളിമ്പിക്‌സില്‍ ഭാരപരിശോധനയില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് മെഡലില്ല. വെള്ളിമെഡല്‍ ആവശ്യപ്പെട്ട് വിനേഷ് നല്‍കിയ അപ്പീല്‍ രാജ്യാന്തര കായിക തർക്ക പരിഹാര കോടതി തള്ളി. ഒറ്റവരി ഉത്തരവാണ് വിനേഷിനു വേണ്ടി ഹാജരായ അഭിഭാഷകർക്ക് ലഭിച്ചതെന്നാണ് റിപ്പോർട്ട്. 16ന് രാത്രിക്കു മുൻപ് ഉത്തരവ് വരുമെന്ന് നേരത്തേ കോടതി വ്യക്തമാക്കിയിരുന്നു. ഓസ്‌ട്രേലിയന്‍ ആര്‍ബിട്രേറ്ററാണ് അന്നബെല്ലെ ബെന്നറ്റ് ആണ് വിനേഷിന്റെ അപ്പീല്‍ പരിഗണിച്ചത്.
ഫൈനലിന് മത്സരിക്കുന്നതിന് മുൻപുള്ള ഭാരപരിശോധനയിലായിരുന്നു വിനേഷ് പരാജയപ്പെട്ടത്. ഇതേതുടർന്നാണ് താരം അയോഗ്യയാക്കപ്പെട്ടത്. വനിതകളുടെ ഫ്രീസ്റ്റൈല്‍ 50 കിലോഗ്രാം വിഭാഗത്തിലായിരുന്നു വിനേഷ് മത്സരിച്ചത്. പരിശോധനയില്‍ അനുവദനീയമായ ഭാരത്തേക്കാള്‍ 100 ഗ്രാം കൂടുതലായിരുന്നു വിനേഷിന്.
ഇത് ആദ്യമായല്ല വിനേഷിന് ഭാരം പരിശോധന വെല്ലുവിളിയായത്. ഒളിമ്പിക്‌സ് യോഗ്യത ഘട്ടത്തിലും സമാനമായ വെല്ലുവിളി നേരിട്ടിരുന്നെങ്കിലും അതിജീവിക്കുകയായിരുന്നു. സാധാരണയായി വിനേഷ് മത്സരിക്കുന്നത് 53 കിലോഗ്രാം വിഭാഗത്തിലായിരുന്നു. എന്നാല്‍ ഇത്തവണ 50 കിലോ ഗ്രാം വിഭാഗത്തിലേക്ക് ചുവടുമാറ്റുകയായിരുന്നു.
സെമി ഫൈനലില്‍ ക്യൂബയുടെ യുസ്‌നേലിസ് ഗുസ്മാനെയാണ് വിനേഷ് കീഴടക്കിയാണ് വിനേഷ് ഫൈനലില്‍ കടന്നത്. സ്കോർ 5-0. ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതകൂടിയായിരുന്നു വിനേഷ്.
ആദ്യ റൗണ്ടില്‍ നിലവിലെ ഒളിമ്പിക് ജേതാവും ലോക ചാമ്പ്യനുമായ യുയി സുസാക്കിയെയാണ് വിനേഷ് പരാജയപ്പെടുത്തിയത്. 3-2 എന്ന സ്കോറിനായിരുന്നു ജയം. അവസാന നിമഷം വരെ രണ്ട് പോയിന്റിന് പിന്നില്‍ നിന്ന ശേഷമായിരുന്നു അവിശ്വിസനീയമായ തിരിച്ചുവരവ്. അന്താരാഷ്ട്ര കരിയറിലെ സുസാക്കിയുടെ ആദ്യ തോല്‍വി കൂടിയാണിത്.