'ഭാരം നിയന്ത്രിക്കേണ്ടത് കായികതാരങ്ങളുടെയും പരിശീലകരുടെയും ഉത്തരവാദിത്വം'; വിനേഷ് ഫോഗട്ടിന്‌റെ അയോഗ്യതയിൽ ഐഒഎ മെഡിക്കൽ ടീമിനെ ന്യായീകരിച്ച് പി ടി ഉഷ
ഗുസ്തി താരം വിനേഷ് ഫോഗട്ടിന്‌റെ അയോഗ്യതയില്‍ ഐഒഎ മെഡിക്കല്‍ ടീമിനെ ന്യായീകരിച്ച് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‌റ് പി ടി ഉഷ. ഭാരം നിയന്ത്രിക്കേണ്ടത് കായികതാരങ്ങളുടെയും പരിശീലകരുടെയും ഉത്തരവാദിത്വമാണെന്നും ഭാരം കൂടിയത് ഐഒഎ മെഡിക്കല്‍ സംഘത്തിന്‌റെ പിഴവല്ലെന്നും ഉഷ പറഞ്ഞു. മെഡിക്കല്‍ ടീമിന് നേരേയുള്ള ആക്രമണം നിയന്ത്രിക്കേണ്ടത് അത്‌ലറ്റിന്‌റെ ഉത്തരവാദിത്തമാണ്. ഗുസ്തി താരങ്ങള്‍ എത്തിയത് സ്വന്തം സപ്പോര്‍ട്ട് സ്റ്റാഫിനൊപ്പമാണ്, രണ്ട് മാസം മുന്‍പ് മാത്രമാണ് ഐഒഎ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചതെന്നും അവര്‍ പറഞ്ഞു.
ശരീരഭാരത്തില്‍ വെറും 100 ഗ്രാം കൂടിയെന്ന കാരണത്താല്‍ ഫ്രീസ്റ്റൈല്‍ 50 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണ മെഡല്‍ മത്സരത്തിന് മുമ്പായാണ് വിനേഷ് അയോഗ്യയാക്കപ്പെട്ടത്. സംഭവം പാര്‍ലമെന്‌റില്‍ ഉള്‍പ്പെടെ ചര്‍ച്ചയ്ക്ക് കാരണമായി. വിനേഷിന്റെ ഭക്ഷണക്രമത്തിന് അയോഗ്യതയുമായി ബന്ധമുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ട് മുന്‍ ഐഒഎ മേധാവി നരേന്ദ്ര ബത്രയോടുള്ള അവഗണനയുടെ പേരില്‍ ഡോ പര്‍ദിവാലയെയും സംഘത്തെയും ചില വിഭാഗങ്ങള്‍ ആക്രമിച്ചിരുന്നു.
അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ ദേശീയ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റ് സഞ്ജയ് സിങ്ങിനെതിരെ ഗുരുതര ആരോപണവും വിനേഷ് ഫോഗട്ട് ഉന്നയിച്ചിരുന്നു. ഒളിമ്പിക്‌സ് വില്ലേജിലെ സഞ്ജയ് സിങ്ങിന്റെ സാന്നിധ്യം സംശയാസ്‌പദമാണെന്ന് വിനേഷ് ആരോപിച്ചു. ഡല്‍ഹി ഹൈക്കോടതയിലാണ് വിനേഷ് ഇക്കാര്യം ബോധിപ്പിച്ചത്.
പാരീസ് ഒളിമ്പിക്‌സില്‍ അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വിനേഷ് ഫോഗട്ട് വിരമിക്കലും പ്രഖ്യാപിച്ചിരുന്നു. സാധാരണയായി വിനേഷ് മത്സരിക്കുന്നത് 53 കിലോഗ്രാം വിഭാഗത്തിലായിരുന്നു. എന്നാല്‍ ഇത്തവണ 50 കിലോ ഗ്രാം വിഭാഗത്തിലേക്ക് ചുവടുമാറ്റുകയായിരുന്നു.
സെമി ഫൈനലില്‍ ക്യൂബയുടെ യുസ്‌നേലിസ് ഗുസ്മാനെയാണ് വിനേഷ് കീഴടക്കിയാണ് വിനേഷ് ഫൈനലില്‍ കടന്നത്. സ്കോർ 5-0. ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതകൂടിയായിരുന്നു വിനേഷ്. അമേരിക്കയുടെ സാറ ഹില്‍ഡെബ്രാൻഡായിരുന്നു കലാശപ്പോരിലെ എതിരാളി.
ആദ്യ റൗണ്ടില്‍ നിലവിലെ ഒളിമ്പിക് ജേതാവും ലോക ചാമ്പ്യനുമായ യുയി സുസാക്കിയെയാണ് വിനേഷ് പരാജയപ്പെടുത്തിയത്. 3-2 എന്ന സ്കോറിനായിരുന്നു ജയം. അവസാന നിമഷം വരെ രണ്ട് പോയിന്റിന് പിന്നില്‍ നിന്ന ശേഷമായിരുന്നു അവിശ്വിസനീയമായ തിരിച്ചുവരവ്. അന്താരാഷ്ട്ര കരിയറിലെ സുസാക്കിയുടെ ആദ്യ തോല്‍വി കൂടിയാണിത്.
ക്വാർട്ടർ ഫൈനലില്‍ യുക്രെയ്‌ന്റെ ഒക്സാന ലിവാച്ചിനെയായിരുന്നു പരാജയപ്പെടുത്തിയത്. 7-5 എന്ന സ്കോറിനായിരുന്നു ജയം.