'അന്ത്യ അത്താഴത്തെ വികലമാക്കി'; ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിന് എതിരെ മത യാഥാസ്ഥിതികര്‍; കൂടെക്കൂടി കങ്കണയും

'അന്ത്യ അത്താഴത്തെ വികലമാക്കി'; ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിന് എതിരെ മത യാഥാസ്ഥിതികര്‍; കൂടെക്കൂടി കങ്കണയും

പാരീസ് ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിലെ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ ചിത്രീകരിച്ചത് വികലമായിട്ടാണെന്ന് ആരോപിച്ച് മത യാഥാസ്ഥിതികര്‍ രംഗത്ത്
Updated on
2 min read

പാരീസ് ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിലെ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ ചിത്രീകരിച്ചത് വികലമായിട്ടാണെന്ന് ആരോപിച്ച് മത യാഥാസ്ഥിതികര്‍ രംഗത്ത്. ഫ്രഞ്ച് കത്തോലിക്കാ സഭയടക്കം ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് ചടങ്ങിനെ വിമര്‍ശിച്ച് കൊണ്ട് രംഗത്തെത്തിയത്. ലിയാര്‍നാഡോ ഡാവിഞ്ചിയുടെ പ്രശസ്തമായ അന്ത്യ അത്താഴ പെയിന്റിങിനെ അനുകരിച്ച് നടത്തിയ സ്‌കിറ്റാണ് വിവാദമായത്. ഇന്ത്യയില്‍ നിന്നും പരിപാടിക്ക് എതിരെ വിമര്‍ശനം ഉയരുന്നുണ്ട്. ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തും ഇതിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി.

നാല് മണിക്കൂര്‍ നീണ്ട ചടങ്ങില്‍, ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ പ്രശസ്തമായ പെയിന്റിംഗിനെ ബോധപൂര്‍വ്വം അനുസ്മരിപ്പിക്കുന്ന ഒരു മേശക്ക് പിറകില്‍ വിവിധ കഥാപാത്രങ്ങള്‍ അണിനിരന്നാണ് സ്‌കിറ്റ് ഒരുക്കിയത്. യേശു ക്രിസ്തുവും പന്ത്രണ്ട് ശിഷ്യന്‍മാരും അണിനിരക്കുന്നതിന് പകരം, മധ്യ ഭാഗത്ത് സ്ത്രീയും ഇരുവശങ്ങളിലായി ഭിന്നലിംഗം, സ്വവര്‍ഗാനുരാഗം, അര്‍ധ നഗ്നയായ ദേവത എന്നിങ്ങനെയുളള രീതിയിലായിരുന്നു ചിത്രീകരണം.

ഇതില്‍ ഒരാള്‍ വലിയ ശിരോവസ്ത്രം ആണ് ധരിച്ചിരുന്നത്. അര്‍ധ നഗ്‌നയായ ദേവത വെള്ളി ശിരോവസ്ത്രം ധരിച്ചിരിക്കുന്നതായി കാണാം. അത് യേശുവിന്റെ ചിത്രങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്ന പ്രഭാവലയത്തിന് സമാനമാണ്. ഭക്ഷണം നല്‍കുന്ന പാത്രം പോലെ കാണുന്ന തളികയില്‍ മുഴുവനായി നീല ചായം പൂശിയ ഒരു മനുഷ്യനെയും കാണാം.

'അന്ത്യ അത്താഴത്തെ വികലമാക്കി'; ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിന് എതിരെ മത യാഥാസ്ഥിതികര്‍; കൂടെക്കൂടി കങ്കണയും
മോദി യുക്രെയ്‌നിലേക്ക്; റഷ്യൻ അധിനിവേശം ആരംഭിച്ചതിനുശേഷം ആദ്യം

ക്രിസ്തുവിന്റെ കുരിശേറ്റത്തിന്റെ തലേ രാത്രി, അപ്പോസ്തലന്മാരുമായി യേശുവിന്റെ അവസാനത്തെ അത്താഴത്തെ ആണ് ഡാവിഞ്ചി തന്റെ പ്രസിദ്ധമായ അന്ത്യ അത്താഴ ചിത്രത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. അന്ത്യ അത്താഴം ക്രിസ്ത്യനികള്‍ വിശുദ്ധമായ നിമിഷമായാണ് കണക്കാക്കുന്നത്. ഇതാണ് വിമര്‍ശനങ്ങള്‍ക്കു പിന്നിലെ പ്രധാന കാരണം. പാരഡിയുടെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.

ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ക്രിസ്ത്യാനികളെ അപമാനിച്ചുകൊണ്ട് ഒളിമ്പിക്‌സ് ആരംഭിച്ചു എന്നാണ് സമൂഹ മാധ്യമങ്ങളില്‍ മത യാഥാസ്ഥിതികര്‍ വിമര്‍ശനം ഉന്നയിക്കുന്നത്. പാരഡിയില്‍ ഒരു കുട്ടിയെ ഉള്‍പ്പെടുത്തിയതിനെതിരെയാണ് കങ്കണയുടെ വിമര്‍ശനം. ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍ പരിപാടിയില്‍ നിന്നുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചാണ് കങ്കണ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ചിത്രീകരണത്തിലൂടെ ക്രിസ്തുമതത്തെ അപമാനിച്ചെന്നും ഇടതുപക്ഷക്കാര്‍ പാരീസ് ഒളിമ്പിക്‌സ് പൂര്‍ണമായും ഹൈജാക്ക് ചെയ്‌തെന്നും കങ്കണ ആരോപിച്ചു.

പരേഡില്‍ സ്വവര്‍ഗലൈംഗികത ചേര്‍ത്തതിനെയും കങ്കണ രൂക്ഷമായി വിമര്‍ശിച്ചു. 'ഒളിമ്പിക്സില്‍ തുടക്കം കുറിച്ചത് സ്വവര്‍ഗരതിയെക്കുറിച്ച് സംസാരിച്ചാണ്. ഞാന്‍ സ്വവര്‍ഗരതിക്ക് എതിരല്ല പക്ഷെ ഒളിമ്പിക്സ് ഏതെങ്കിലും ലൈംഗികതയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? ലൈംഗിക എന്തുകൊണ്ട് കിടപ്പുമുറികളില്‍ ഒതുങ്ങിക്കൂടാ,' കങ്കണ കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in