പാരീസില്‍ ഫോട്ടോഫിനിഷ്, അവസാന നിമിഷം ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് അമേരിക്ക; നിറംമങ്ങി ഇന്ത്യ

പാരീസില്‍ ഫോട്ടോഫിനിഷ്, അവസാന നിമിഷം ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് അമേരിക്ക; നിറംമങ്ങി ഇന്ത്യ

ഷൂട്ടിങ്ങില്‍ ഇരട്ട വെങ്കലം നേടിയ മനു ഭാക്കര്‍ മുതല്‍ പി ആര്‍ ശ്രീജേഷ് വരെ ഇന്ത്യയുടെ അഭിമാനമായി മാറിയപ്പോള്‍ ഗുസ്തിയില്‍ ഫൈനനില്‍ പ്രവേശിച്ചിട്ടും ഭാര പരിശോധനയില്‍ പരാജയപ്പെട്ട് അയോഗ്യയായ വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ കണ്ണീരായി
Updated on
2 min read

റെക്കോഡുകള്‍ മുതല്‍ വിവാദങ്ങള്‍ വരെ ലോകത്തെ പാരീസിലേക്ക് ഒതുക്കിയ കായിക മാമാങ്കം പാരീസ് ഒളിമ്പിക്‌സിന് ഇന്ന് സമാപനം. പാരീസിലെ സ്റ്റാഡ് ദ് ഫ്രാന്‍സ് സ്റ്റേഡിയത്തിലാണ് സമാപനച്ചടങ്ങുകള്‍. ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.30 മുതലാണ് സമാപന ചടങ്ങുകള്‍. കലാപരിപാടികളും അത്ലീറ്റുകള്‍ അണിനിരക്കുന്ന മാര്‍ച്ച് പാസ്റ്റും ഉള്‍പ്പെടുന്ന ഇന്നത്തെ സമാപന ചടങ്ങ് രണ്ടര മണിക്കൂറോളം നീളും. മാര്‍ച്ച് പാസ്റ്റില്‍ പി ആര്‍ ശ്രീജേഷും മനു ഭാക്കറും ഇന്ത്യന്‍ പതാക വഹിക്കും.

ടോക്കിയോ ഒളിമ്പിക്‌സില്‍ ലഭിച്ച മെഡലുകളേക്കാള്‍ ഒരെണ്ണം കുറവാണ് ഇത്തവണ ഇന്ത്യയിലേക്ക് എത്തുന്നത്

പാരീസ് ഒളിമ്പിക്‌സിന് തിരിതാഴുമ്പോള്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് രാജ്യം കാത്തിരുന്ന തിളക്കമില്ലെന്നത് കായിക പ്രേമികള്‍ക്ക് നിരാശ പകരുന്നത്. ഒരു വെള്ളിയും 5 വെങ്കലവുമാണ് പാരിസില്‍ ഇന്ത്യയുടെ നേട്ടം. ടോക്കിയോ ഒളിമ്പിക്‌സില്‍ ലഭിച്ച മെഡലുകളേക്കാള്‍ ഒരെണ്ണം കുറവാണ് ഇത്തവണ ഇന്ത്യയിലേക്ക് എത്തുന്നത്. സ്വര്‍ണ നേട്ടം ഇല്ലെന്നതും ശ്രദ്ധേയമാണ്.

 പാരീസില്‍ ഫോട്ടോഫിനിഷ്, അവസാന നിമിഷം ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് അമേരിക്ക; നിറംമങ്ങി ഇന്ത്യ
ഇന്ത്യയ്ക്ക് നിരാശയുടെ ഒളിമ്പിക്‌സ്; മെഡല്‍നേട്ടം രണ്ടക്കം കടന്നില്ല, നോവായി വിനേഷും നാലാം സ്ഥാനങ്ങളും

ഷൂട്ടിങ്ങില്‍ ഇരട്ട വെങ്കലം നേടിയ മനു ഭാക്കര്‍ മുതല്‍ പി ആര്‍ ശ്രീജേഷ് വരെ ഇന്ത്യയുടെ അഭിമാനമായി മാറിയപ്പോള്‍ ഗുസ്തിയില്‍ ഫൈനനില്‍ പ്രവേശിച്ചിട്ടും ഭാര പരിശോധനയില്‍ പരാജയപ്പെട്ട് അയോഗ്യയായ വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ കണ്ണീരായി. നീരജ് ചോപ്ര ജാവലിന്‍ ത്രോ പുരുഷ വിഭാഗം (വെള്ളി), മനു ഭാകര്‍ - വനിതാ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍, 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ മിക്‌സഡ് ടീം (മനു ഭാകര്‍, സരബ്‌ജ്യോത് സിങ്), സ്വപ്നില്‍ കുസാലെ (50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍), ഇന്ത്യന്‍ ഹോക്കി ടീം, അമന്‍ സെഹ്‌റാവത്ത് (പുരുഷ വിഭാഗം 57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തി) എന്നിവര്‍ വെങ്കലവും സ്വന്തമാക്കി. വനിതാ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീല്‍ ഇന്ത്യയ്ക്ക് അനുകൂലമാകുകയാണെങ്കില്‍ ഒരു മെഡല്‍ കൂടി ഇന്ത്യന്‍ അക്കൗണ്ടില്‍ ചേര്‍ക്കപ്പെടും. സ്പെയിനിനെ കീഴടക്കിയായിരുന്നു ഇന്ത്യൻ ഹോക്കി ടീം തുടർച്ചയായ രണ്ടാം ഒളിമ്പിക്‌സിലും വെങ്കലം നേടിയത്. 57 കിലോഗ്രാം ഗുസ്തിയില്‍ അമൻ സെഹ്‌റാവത്താണ് ഇന്ത്യയുടെ അവസാന മെഡല്‍ നേടിയത്.

പാരീസ് ഒളിമ്പിക്സ് മെഡല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തിന് വേണ്ടി അമേരിക്കയും ചൈനയും തമ്മില്‍ ശക്തമായ പോരാട്ടം ആയിരുന്നു അവസാന ദിനത്തില്‍ നടന്നത്. അവസാന ഇനം വരെ സ്വര്‍ണ മെഡല്‍ പട്ടികയില്‍ മുന്നിലുണ്ടായിരുന്ന ചൈനയെ വനിതാ ബാസ്‌കറ്റ് ബോളില്‍ ഫ്രാന്‍സിനെതിരായ മത്സരത്തിലെ ജയത്തോടെ അമേരിക്ക മറികടക്കുകയായിരുന്നു.

2008 ബെയ്ജിങ് ഒളിമ്പിക്സിന് ശേഷം ആദ്യമായി ചൈന ഒന്നാമത് എത്തുമെന്ന നിലയില്‍ നിന്നായിരുന്നു അമേരിക്ക ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചത്. അമേരിക്കയ്ക്കും ചൈനയ്ക്കും നിലവില്‍ 40 സ്വര്‍ണമാണുള്ളത്. 39 സ്വര്‍ണം അടക്കം 126 മെഡലുകളാണ് അമേരിക്കയുടെ പക്കലുള്ളത്. 20 സ്വര്‍ണം അടക്കം 45 മെഡലുകളുമായി ജപ്പാന്‍ മൂന്നാം സ്ഥാനത്തും 18 സ്വര്‍ണം അടക്കം 53 മെഡലുമായി ഓസ്ട്രേലിയ നാലാം സ്ഥാനവും സ്വന്തമാക്കി. ആതിഥേയരായ ഫ്രാന്‍സ് 16 സ്വര്‍ണം അടക്കം 63 മെഡലുകള്‍ അക്കൗണ്ടില്‍ ചേര്‍ത്തു.

മെഡല്‍ പട്ടികയില്‍ 71-ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. ജാവലിന്‍ ത്രോയില്‍ അര്‍ഷാദ് നദീം സ്വന്തമാക്കിയ സ്വര്‍ണത്തിന്റെ കരുത്തില്‍ പാകിസ്താന്‍ മെഡല്‍ പട്ടികയില്‍ 62-ാം സ്ഥാനം സ്വന്തമാക്കി.

logo
The Fourth
www.thefourthnews.in