അവര്‍ ആറുപേര്‍ പാരീസിലുണ്ട്; ഇസ്രയേല്‍ നരനായാട്ട് നടത്തുന്ന ഭൂമികയില്‍നിന്ന് പലസ്തീന്റെ അഭിമാനം പേറി
വംശ-മത-വർണ ദേശീയതകൾക്ക് അതീതമായ ഒരു സാർവത്രിക ഭാഷയാണ് കായികം എന്നത്. എങ്കിൽ അതിന്റെ ഏറ്റവും വലിയ ഉത്സവമാണ് ഒളിമ്പിക്‌സ്. ഇത്തവണത്തെ ഒളിമ്പിക് മാമാങ്കത്തിന് രണ്ടു നാൾക്കപ്പുറം പാരീസിൽ തിരിതെളിയുമ്പോൾ അഭിപ്രായ വ്യത്യാസങ്ങൾക്കും എതിർപ്പുകൾക്കും അതീതമായി ലോകത്തിന് സാഹോദര്യത്തിന്റെ സന്ദേശം പകരാൻ ഒരുങ്ങുകയാണ് ലോകമെങ്ങുനിന്നുമുള്ള കായികതാരങ്ങൾ.
ആഫ്രിക്ക മുതൽ ഏഷ്യ വരെയും യൂറോപ് മുതൽ അമേരിക്കൻ നാടുകൾ വരെയും ഇനിയുള്ള ഏതാനും ആഴ്ചകൾ കണ്ണുംകാതും കൂർപ്പിച്ച് ടെലിവിഷന് മുമ്പിലായിരിക്കും, പുതിയ ഉയരവും വേഗവും ദൂരവും കുറിക്കുന്ന താരങ്ങളാരൊക്കെയെന്ന് അറിയാൻ, പ്രത്യേകിച്ച് കുട്ടികൾ.
പക്ഷേ അതേസമയം ഇസ്രയേലിന്റെ നരനായാട്ടിന്റെ ക്രൂരത പേറുന്ന പലസ്തീനികൾക്ക് ഈ ഒളിമ്പിക്‌സ് ആഘോഷിക്കാൻ ഒന്നും നൽകുന്നില്ല. അവരെ സംബന്ധിച്ച് അവരുടെ കഷ്ടപ്പാടുകൾക്ക് മുന്നിൽ ലോകം പ്രകടിപ്പിക്കുന്ന നിസംഗതയുടെ മറ്റൊരു ഉദാഹരണം മാത്രമാണ് ഈ ഒളിമ്പിക്‌സും. അനാഥരാക്കപ്പെട്ട, ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട, വീടും കളിപ്പാട്ടങ്ങളും നഷ്ടപ്പെട്ട, അഭയാർഥിക്യാമ്പകളിലേക്ക് തള്ളപ്പെട്ട പലസ്തീനി കുട്ടികൾക്ക് ഒരുപക്ഷേ ഇങ്ങനൊരു കായിക മാമാങ്കം നടക്കാൻ പോകുന്നുവെന്നു പോലും ധാരണയുണ്ടാകില്ല. കാരണം ഒരു നേരത്തെ അന്നം കണ്ടെത്താനോ, ചീറിപ്പാഞ്ഞെത്തുന്ന മിസൈലുകളിൽ നിന്ന് രക്ഷപെട്ട് ഓടാനോ ഉള്ള തത്രപ്പാടിലായിരിക്കും അവർ. അതിനിടയിൽ ആര് വേഗരാജാവ് ആകുന്നെന്നോ, ആര് ഏറ്റവും ഉയരത്തിൽ ചാടിയെന്നോ നോക്കാൻ അവർക്ക് സമയമുണ്ടായെന്ന് വരില്ല.
പക്ഷേ പലസ്തീന്റെ ശബ്ദമാകാൻ, ആ രാജ്യത്തെ ഒരോരുത്തരുടെയും വ്യക്തിത്വം ഉയർത്തിപ്പിടിക്കാൻ ചോരക്കളിയിൽ പൊലിഞ്ഞുവീണ തങ്ങളുടെ രാജ്യത്തിന്റെ കായികസ്വപ്നങ്ങൾ തുന്നിക്കൂട്ടി അവർ ആറു പേർ പാരീസിൽ ഉണ്ടാകും. 1996-ൽ അറ്റ്‌ലാന്റയിൽ ആദ്യമായി ഒളിമ്പിക്‌സിൽ പങ്കെടുത്ത ശേഷം ഇത് തുടർച്ചയായ ഏഴാം തവണയാണ് പലസ്തീൻ ലോക കായിക മാമാങ്കത്തിന് എത്തുന്നത്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഇസ്രയേൽ നടത്തുന്ന അധിനിവേശത്തിന്റെ കെടുതിക്കിടയിൽ നിന്നാണ് അവർ ഇക്കുറി ഒളിമ്പിക്‌സിന് ആറംഗ സംഘത്തെ അയയ്ക്കുന്നത്.
ഇവരിൽ പലരും പലസ്തീൻ മണ്ണിൽ പിറന്നു വീണവരല്ല. സൗദി അറേബ്യ, ദുബായ്, ജർമനി, ചിലി, യുഎസ്എ എന്നിവിടങ്ങളിലേക്ക് പറിച്ചുനടപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ളവരാണ്. എന്നിട്ടും തങ്ങളുടെ അച്ഛനപ്പൂപ്പന്മാരുടെ ജന്മനാടിന്റെ രാഷ്ട്രീയം ഹൃദയത്തിലേറ്റിയാണ് ഒളിമ്പിക് വേദിയിൽ രാജ്യത്തിന്റെ പ്രതിനിധിയാകാൻ ഒരുങ്ങുന്നത്. മത്സരരംഗത്തേക്ക് ഇറങ്ങാൻ അവർ കച്ചമുറുക്കിക്കഴിഞ്ഞു, പക്ഷേ അവരെ സംബന്ധിച്ച് ഈ ഒളിമ്പിക്‌സ് വെറുമൊരു മത്സരം മാത്രമല്ല, മറിച്ച് ഇസ്രയേലിന്റെ ഇരുമ്പ് ടാങ്കുകൾക്ക് കീഴിൽ ഞെരിഞ്ഞമർന്നുപോയ തങ്ങളുടെ രാജ്യക്കാർക്കു വേണ്ടിയുള്ള പോരാട്ടം കൂടിയാണ്.
അധിനിവേശ ഭീകരത അനുഭവിക്കുന്ന വെസ്റ്റ് ബാങ്കിൽ നിന്നുള്ള രണ്ടുപേരാണ് പലസ്തീൻ സംഘത്തിലുള്ളത്. ഇരുപത്തിനാലുകാരനായ നീന്തൽ താരം യാസൻ അൽ ബവാബും ഒമർ ഇസ്‌മെയ്‌ലും. യാസൻ സൗദിയിലാണ് ജനിച്ചു വളർന്നത്. ഒമറാകട്ടെ ദുബായിയിലും. ഇരുവരുടെയും നിരവധി ബന്ധുക്കൾ ഇക്കഴിഞ്ഞ മാസങ്ങൾക്കിടെ ഇസ്രയേൽ സൈനിക ക്രൂരതകൾക്ക് ഇരയായിക്കഴിഞ്ഞു. വെസ്റ്റ് ബാങ്കിൽ യാസന്റെ പിതാവിന്റെ പേരിലുള്ള കുടുംബ വീടും മറ്റ് കൃഷിയിടങ്ങളും ഇന്നുവെറും കോൺക്രീറ്റ് കൂമ്പാരം മാത്രമാണ്. പക്ഷേ അതൊന്നും യാസനെ ഇന്ന് അലട്ടുന്നില്ല. ഒളിമ്പിക് വേദിയിലെ നീന്തൽക്കുളത്തിലെ തണുത്ത വെള്ളം ഈ യുവതാരത്തെ തെല്ലും കുളിരണിയിക്കുകയുമില്ല, കാരണം ലോകത്തിനു മുന്നിൽ തന്റെ രാജ്യത്തിനു വേണ്ടി പോരാടാനുള്ള ഉൾച്ചൂടിലാണ് അവൻ.
''എനിക്ക് ലക്ഷ്യങ്ങൾ ഒന്നുമില്ല, ജയമോ തോൽവിയോ എന്നെ അലട്ടുന്നില്ല, പലസ്തീനെ ഒരു രാജ്യമായി ഫ്രാൻസ് അംഗീകരിച്ചിട്ടില്ല. പക്ഷേ, ഞാൻ ഇന്ന് ഫ്രഞ്ച് മണ്ണിലാണ്, എന്റെ രാജ്യത്തിന്റെ പതാകയുമേന്തിക്കൊണ്ട്. അതാണ് എന്റെ റോൾ''- യാസൻ പറഞ്ഞു.
ഒമറിനും മറിച്ചൊരു അഭിപ്രായമില്ല. ''ഞാൻ എന്റെ രാജ്യക്കാരുടെ വ്യക്തിത്വം ഉയർത്തിപ്പിടിക്കാനാണ് പാരീസിൽ എത്തിയിരിക്കുന്നത്. പലസ്തീനിലെ ഒരോ കുഞ്ഞുങ്ങൾക്കും മുന്നിൽ പ്രതീക്ഷയുടെ നുറുങ്ങുവെട്ടമാകാൻ ഞാൻ ആഗ്രഹിക്കുന്നു, ആഗ്രഹിച്ചാൽ ഏതു പ്രതസന്ധിയെയും തരണം ചെയ്തു മുന്നേറാൻ കഴിയുമെന്ന് അവരെ ഓർമിപ്പിക്കാൻ ആഗ്രഹിക്കുന്നു''- ഒമർ പറഞ്ഞു.
ഇവർക്കു പുറമേ നീന്തൽ താരം വലേരി തരാസി, ബോക്‌സിങ് താരവും ഇരുപതുകാരനുമായ വസീം അബു സാൽ, ജൂഡോ താരം ഫാരിസ് ബദാവി, ഷൂട്ടിങ് താരം ഹോർഗെ അന്റോണിയോ സാൽഹെ എന്നിവരാണ് പലസ്തീൻ ടീമിലെ മറ്റു താരങ്ങൾ. സ്വരാജ്യത്ത് ഒന്നു പരിശീലിക്കാൻ പോലും കഴിയാതെയാണ് അവർ ഒളിമ്പിക് വേദിയിൽ ഇറങ്ങുന്നത്. കഴിഞ്ഞ ഒക്ടോബർ ഏഴിന് ഹമാസിനു തിരിച്ചടിയെന്ന പേരിൽ ഇസ്രയേലിന്റെ ഗാസ അധിനിവേശം ആരംഭിച്ചശേഷം ഇന്നുവരെ ഏകദേശം 920 കായികതാരങ്ങളാണ് കൊല്ലപ്പെട്ടത്. അതിൽത്തന്നെ 110 പേർ പതിനെട്ട് വയസ് തികയാത്തവർ.
യുദ്ധവും അഭയാർഥി ജീവിതവും തുടർക്കഥയായ നാട്ടിൽ കുട്ടികളും ചെറുപ്പക്കാരും ദുരിതജീവിതത്തിന്റെ വേദനമറക്കാൻ കളിക്കളങ്ങളെയായിരുന്നു ആശ്രയിച്ചിരുന്നത്. ഗാസ മുനമ്പിന്റെ ഹൃദയഭാഗത്ത് മാത്രം എട്ടുമാസം മുമ്പ് പത്തോളം സ്റ്റേഡിയങ്ങളും സ്പോർട്സ് സെന്ററുകളും ഉണ്ടായിരുന്നു. ഇന്ന് അതിന്റെയൊക്കെ സ്ഥാനത്ത് വെറും കോൺക്രീറ്റ് കൂമ്പാരം മാത്രമാണ് അവശേഷിക്കുന്നത്. ''ഞങ്ങളുടെ താരങ്ങൾ മരിച്ചു വീഴുകയാണ്. സ്റ്റേഡിയങ്ങളും ക്ലബുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും അവർ ഒന്നൊന്നായി ബോംബിട്ട് നശിപ്പിക്കുന്നു. ഞങ്ങളുടെ താരങ്ങളെയും അവരുടെ കരിയറിനെയും സംരക്ഷിക്കാൻ ഞങ്ങളാലാകും വിധം പരിശ്രമിക്കുന്നുണ്ട്. പക്ഷേ നിർഭാഗ്യവശാൽ അവയൊന്നും ഫലവത്താകുന്നില്ല. അധിനിവേശം തുടരുമെന്നാണ് അവർ പറയുന്നത്. അതിനർഥം ഗാസയുടെയും ഗാസയിലെ കായികരംഗത്തിന്റെയും സമ്പൂർണ നാശമായിരിക്കും,'' പലസ്തീൻ ഒളിമ്പിക് കമ്മിറ്റി അംഗം നാദർ അൽ ജയൂഷിയുടെ വാക്കുകളാണിത്.
ഈ ആശങ്ക ഏറെക്കുറെ സത്യമാണ്. അടുത്ത രണ്ടു-മൂന്നു പതിറ്റാണ്ട് കൊണ്ടുപോലും ഗാസയെ പുനർനിർമിക്കാനാകില്ല. ഗാസയിൽ ഇനിയൊന്നും പഴയതുപോലെയാകില്ലെന്ന് ഉറപ്പാണെങ്കിലും ലോകത്തിനു മുന്നിൽ ആ രാജ്യം ഈ ആറുപേരിലൂടെ തലയുയർത്തിത്തന്നെ നിൽക്കും. കൈയടിക്കാം അവരുടെ നിശ്ചയദാർഡ്യത്തിനു മുന്നിൽ, അവരുടെ പോരാട്ട വീര്യത്തിനു മുന്നിൽ...