വിനേഷ് ഫോഗട്ട്: പോരാട്ടത്തിന്റെ പെണ്‍കരുത്ത്, കല്ലെറിഞ്ഞവർക്കും കണ്ണടച്ചവർക്കും കൈയടിക്കാൻ അർഹതയുണ്ടോ?
ഹരിയാനക്കാരിയാണ്, തോറ്റുകൊടുക്കാൻ മനസില്ലാത്ത മനോഭാവം. അവസാന സെക്കൻഡുവരെ ഗോദയില്‍ പോരാടും, അന്തിമ വിസില്‍ മുഴങ്ങും വരെ ജയത്തിനായി പരിശ്രമിക്കും. അങ്ങനെ, ചോരയും വിയർപ്പും കണ്ണീരും തെരുവിലും ഗോദയിലും വീണിട്ടും വീഴ്‌ത്തിയിട്ടും തളർത്താനായിട്ടില്ല. എതിരാളികള്‍ക്ക് മാത്രമല്ല, രാജ്യം ഭരിക്കുന്ന സർക്കാർ സംവിധാനങ്ങള്‍ക്ക് പോലും. ജീവിതം സമരമാക്കിയവളാണ്, തനിക്ക് വേണ്ടിയല്ല, കൂടെയുള്ളവർക്കായി. വലിച്ചിഴയ്ക്കപ്പെട്ട ഡല്‍ഹിയിലെ തെരുവില്‍ നിന്ന് സ്വപ്നനഗരമായ പാരീസിലേക്ക് പോഡിയത്തിലേക്കാണ് ഇനി ചുവടുവെപ്പ്, വിനേഷ് ഫോഗട്ട്.
മെഡല്‍ നേട്ടങ്ങള്‍ക്കും പരാജയങ്ങള്‍ക്കും ശേഷമുള്ള പ്രതികരണങ്ങളല്ലാതെ വിനേഷിന്റെ ഉറച്ച ശബ്ദം ലോകം അറിയുന്നത് കഴിഞ്ഞ വർഷമായിരുന്നു. രാജ്യത്തെ ഗോദ കാല്‍ക്കീഴിലാക്കിയ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങെന്ന ബിജെപി എംപിക്കെതിരായ പോരാട്ടത്തിലായിരുന്നു അത്. ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉയർന്നിട്ടും ബ്രിജ് ഭൂഷണെതിരെ നടപടിയെടുക്കാൻ തയാറാകാത്ത സർക്കാർ സംവിധാനങ്ങള്‍ക്കെതിരെ ഗുസ്തി താരങ്ങള്‍ തെരുവിലിറങ്ങിയപ്പോള്‍.
സമരഭൂമിയായ ജന്ദർ മന്ദിറിനോട് മുഖം തിരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി സർക്കാരും പാർലമെന്റ് രാജ്യത്തിന് സമർപ്പിച്ച ദിനം. പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ചുമായി ഗുസ്തിതാരങ്ങള്‍. വിനേഷിനൊപ്പം സാക്ഷി മാലിക്കും ബജ്‌രംഗ് പൂനിയയും ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര താരങ്ങള്‍. അഭിമാന മുഹൂർത്തമെന്ന് പ്രധാനമന്ത്രി വാഴ്‌ത്തിയ നിമിഷങ്ങളില്‍ ലോകത്തിന്റെ ശ്രദ്ധ പതിഞ്ഞത് കെട്ടിപ്പൊക്കിയ പാർലമെന്റ് മന്ദിരത്തിലായിരുന്നില്ല, ഡല്‍ഹിയിലെ തെരുവിലായിരുന്നു.
വിനേഷിനേയും സാക്ഷിയേയും ബജരംഗിനേയും ഡല്‍ഹി പോലീസ് തെരുവിലൂടെ വലിച്ചിഴച്ചു. അന്താരാഷ്ട്ര വേദികളില്‍ രാജ്യത്തിന്റെ യശസ് ഉയർത്തിയവർ കാക്കിക്കുപ്പായങ്ങള്‍ക്കിടയില്‍ വീർപ്പുമുട്ടി. ഇതിനായിരുന്നോ ഞങ്ങള്‍ രാജ്യത്തിനായി പോരാടി മെഡലുകള്‍ നേടിയത് എന്ന് നിറകണ്ണുകളോട് വിനേഷ് ലോകത്തോട് ചോദിച്ചു. ഒടുവില്‍ നേടിയ മെഡലുകള്‍ ഗംഗയിലൊഴുക്കി ഗുസ്തി അവസാനിപ്പിക്കാൻ പോലും അവർ ഒരുങ്ങി. പക്ഷേ, കർഷക നേതാക്കളുടെ ഇടപെടല്‍ അവരെ പിന്തിരിപ്പിക്കുകയായിരുന്നു.
സർക്കാർ സംവിധാനങ്ങള്‍ അപമാനിച്ച ഡല്‍ഹിയിലെ തെരുവില്‍ നിന്നാണ് വിനേഷ് തന്റെ ആദ്യ ഒളിമ്പിക്‌സ് മെഡലിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. ഭാരം കുറച്ച് 50 കിലോഗ്രാം വിഭാഗത്തിലേക്ക് ചുവടുമാറ്റം. പാരീസിലെ ഗോദയിലേക്ക് ആദ്യമെത്തിയ നിമിഷം വിനേഷിനെ കണ്ടവർ ഒന്ന് അത്ഭുതപ്പെട്ടിട്ടുണ്ടാകണം. താണ്ടിയ പ്രതിസന്ധികളുടേയും വിട്ടുവീഴ്‌ചകളുടേയും അടയാളമായിരുന്നു ആ ശരീരം.
ആദ്യ എതിരാളിയായി മുന്നിലെത്തിയത് ഒളിമ്പിക് ചാമ്പ്യനും ലോക ഒന്നാം നമ്പർ താരവുമായ ജപ്പാന്റെ യുയി സുസാക്കിയായിരുന്നു. അന്താരാഷ്ട്ര വേദികളില്‍ ഇതുവരെ തോല്‍വിയറിയാത്ത താരം. മത്സരം അവസാനിക്കാൻ 15 നിമിഷം ബാക്കി നില്‍ക്കെ വരെ സുസാക്കിയായിരുന്നു മുന്നില്‍ 2-0ന്. ആദ് ഘട്ടത്തിലെ തോല്‍വിയോടെയുള്ള മടക്കമായിരുന്നില്ല വിനേഷ് ആഗ്രഹിച്ചത്. സുസാക്കിയെ നിഷ്പ്രഭമമാക്കിക്കൊണ്ടായിരുന്നു പിന്നീടുള്ള നീക്കങ്ങള്‍.
ചടുലതയിലും വേഗതയിലും മെയ്‌വഴക്കത്തിലും ബഹുദൂരം മുന്നിലുള്ള ജപ്പാൻ താരം ഗോദയുടെ പുറത്തേക്ക് പതിക്കുന്നതായിരുന്നു പിന്നീട് കണ്ടത്. ഒളിമ്പിക്‌സ് ചരിത്രത്തില്‍ ഗോദ കണ്ട ഏറ്റവും വലിയ അട്ടിമറിയോടെയായിരുന്നു വിനേഷ് ക്വാർട്ടറിലേക്ക്. യുക്രെയ്‌ന്റെ ഒക്സാന ലിവാച്ചിനെ പരാജയപ്പെടുത്തി അവസാന നാലില്‍. സെമി ഫൈനലില്‍ ക്യൂബയുടെ യുസ്‌നേലിസ് ഗുസ്മാനെ മലർത്തിയടിച്ച് മെഡലറുപ്പിച്ചാണ് പാരീസിലെ ഗോദയില്‍ നിന്ന് വിനേഷ് താല്‍ക്കാലികമായി വിടപറഞ്ഞത്.
വിനേഷ് മെഡലുറപ്പിച്ചു കഴിഞ്ഞു, ഒളിമ്പിക്‌സിന്റെ ചരിത്രത്തില്‍ ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിത താരമെന്ന ഖ്യാതിയും ഒപ്പമുണ്ടാകും. ഒറ്റദിവസം കൊണ്ട് നിലവിലേയും മുൻ ലോകചാമ്പ്യനേയും കീഴടക്കിയെങ്കിലും സ്വന്തം രാജ്യത്തെ സർക്കാർ സംവിധാനങ്ങള്‍ക്ക് മുന്നില്‍ യാചിച്ചിട്ടും നീതി നിഷേധിക്കപ്പെട്ടുപോയവളാണ്.
ഇനി അവർ ഓടിയെത്തും, വിനേഷിന്റെ നേട്ടത്തിന്റെ പങ്കുപറ്റാൻ, രാജ്യത്തിന്റെ മകളായി വാഴ്‌ത്താൻ. അതില്‍ പ്രധാനമന്ത്രി മുതല്‍ തെരുവില്‍ വലിച്ചിഴയ്ക്കപ്പെട്ടപ്പോള്‍ പരിഹസിച്ചവരും കാണിയായി മാത്രം നോക്കിനിന്നവരുമുണ്ടാകും. കൊത്തിപ്പറിച്ച കഴുകന്മാർക്ക് അടുക്കാനാകാത്ത പ്രഭയോടെ വിനേഷിന് തിരിച്ചത്താനാകട്ടെ, ഗോ ഫോർ ഗോള്‍ഡ്.