Paris Olympics 2024 | വിനേഷ് ഫോഗട്ടിന് അയോഗ്യത, മെഡല്‍ നഷ്ടം; ഭാരപരിശോധനയില്‍ പരാജയപ്പെട്ടു

Paris Olympics 2024 | വിനേഷ് ഫോഗട്ടിന് അയോഗ്യത, മെഡല്‍ നഷ്ടം; ഭാരപരിശോധനയില്‍ പരാജയപ്പെട്ടു

വനിതകളുടെ ഫ്രീസ്റ്റൈല്‍ 50 കിലോഗ്രാം വിഭാഗത്തിലാണ് വിനേഷ് മത്സരിക്കുന്നത്
Updated on
1 min read

പാരീസ് ഒളിമ്പിക്‌സില്‍ വനിത ഗുസ്തിയില്‍ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിന് മെഡല്‍ നഷ്ടം. ഫൈനലിന് മത്സരിക്കുന്നതിന് മുൻപുള്ള ഭാരപരിശോധനയില്‍ വിനേഷ് പരാജയപ്പെട്ടു. ഇതേതുടർന്നാണ് താരം അയോഗ്യയാക്കപ്പെട്ടത്. വനിതകളുടെ ഫ്രീസ്റ്റൈല്‍ 50 കിലോഗ്രാം വിഭാഗത്തിലാണ് വിനേഷ് മത്സരിക്കുന്നത്.

അനുവദനീയമായ ഭാരത്തേക്കാള്‍ 100 ഗ്രാം കൂടുതലാണ് വിനേഷിനെന്ന വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമമായ ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ഔദ്യോഗിക സ്ഥിരീകരണം വൈകാതെ ഉണ്ടാകുമെന്നാണ് വിവരം.

ഇതോടെ വെള്ളിക്ക് പോലും വിനേഷിന് അർഹതയുണ്ടാകില്ല. 50 കിലോഗ്രാം വിഭാഗത്തില്‍ സ്വർണവും വെങ്കലവും മാത്രമായിരിക്കും ഉണ്ടാവുക.

മത്സരിക്കുന്നതിന് അനുവദനീയമായ ഭാരം ചൊവ്വാഴ്‌ച നിലനിർത്താൻ വിനേഷിനായിരുന്നു. എന്നാല്‍ നിയമപ്രകാരം മത്സരം നടക്കുന്ന ദിവസങ്ങളിലും ഈ ഭാരം നിലനിർത്തേണ്ടതുണ്ട്.

ചൊവ്വാഴ്‌ച രാത്രി നടന്ന പരിശോധനയില്‍ രണ്ട് കിലോഗ്രാം ഭാരം കൂടുതലായിരുന്നു വിനേഷിന്. എന്നാല്‍ രാത്രി മുഴുവൻ നടത്തിയ പരിശ്രമങ്ങള്‍ക്ക് ശേഷവും അനുവദനീയമായ ഭാരത്തിന് കീഴില്‍ എത്താനായില്ല.

ഇന്ത്യൻ സംഘം വിനേഷിന് അല്‍പ്പം സമയം കൂടി അനുവദിക്കണമെന്ന് അപേക്ഷ നല്‍കിയതായും റിപ്പോർട്ടില്‍ പറയുന്നു.

Paris Olympics 2024 | വിനേഷ് ഫോഗട്ടിന് അയോഗ്യത, മെഡല്‍ നഷ്ടം; ഭാരപരിശോധനയില്‍ പരാജയപ്പെട്ടു
സിമോണ്‍ ബൈല്‍സ്: ജിംനാസ്റ്റിക്‌സിന്റെ തിളക്കത്തിനപ്പുറമൊരു ജീവിതം, പോരാട്ടം

ഇത് ആദ്യമായല്ല വിനേഷിന് ഭാരം നിലനിർത്താനാകാതെ പോകുന്നത്. ഒളിമ്പിക്‌സ് യോഗ്യത ഘട്ടത്തിലും സമാനമായ വെല്ലുവിളി നേരിട്ടിരുന്നെങ്കിലും അതിജീവിക്കുകയായിരുന്നു. സാധാരണയായി വിനേഷ് മത്സരിക്കുന്നത് 53 കിലോഗ്രാം വിഭാഗത്തിലായിരുന്നു. എന്നാല്‍ ഇത്തവണ 50 കിലോ ഗ്രാം വിഭാഗത്തിലേക്ക് ചുവടുമാറ്റുകയായിരുന്നു.

സെമി ഫൈനലില്‍ ക്യൂബയുടെ യുസ്‌നേലിസ് ഗുസ്മാനെയാണ് വിനേഷ് കീഴടക്കിയാണ് വിനേഷ് ഫൈനലില്‍ കടന്നത്. സ്കോർ 5-0. ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതകൂടിയായിരുന്നു വിനേഷ്. അമേരിക്കയുടെ സാറ ഹില്‍ഡെബ്രാൻഡായിരുന്നു കലാശപ്പോരിലെ എതിരാളി.

ആദ്യ റൗണ്ടില്‍ നിലവിലെ ഒളിമ്പിക് ജേതാവും ലോക ചാമ്പ്യനുമായ യുയി സുസാക്കിയെയാണ് വിനേഷ് പരാജയപ്പെടുത്തിയത്. 3-2 എന്ന സ്കോറിനായിരുന്നു ജയം. അവസാന നിമഷം വരെ രണ്ട് പോയിന്റിന് പിന്നില്‍ നിന്ന ശേഷമായിരുന്നു അവിശ്വിസനീയമായ തിരിച്ചുവരവ്. അന്താരാഷ്ട്ര കരിയറിലെ സുസാക്കിയുടെ ആദ്യ തോല്‍വി കൂടിയാണിത്.

logo
The Fourth
www.thefourthnews.in