പാരീസ് പാരാലിമ്പിക്‌സില്‍ ഹൈജമ്പില്‍ ഇന്ത്യയുടെ പ്രവീണ്‍ കുമാറിന് സ്വര്‍ണം; നേട്ടം ഏഷ്യന്‍ റെക്കോഡോടെ

പാരീസ് പാരാലിമ്പിക്‌സില്‍ ഹൈജമ്പില്‍ ഇന്ത്യയുടെ പ്രവീണ്‍ കുമാറിന് സ്വര്‍ണം; നേട്ടം ഏഷ്യന്‍ റെക്കോഡോടെ

അമേരിക്കയുടെ ഡെറക് ലോക്കിഡന്റ് 2.06 മീറ്റര്‍ ചാടി വെള്ളി നേടിയപ്പോള്‍ ഉസ്‌ബെക്കിസ്ഥാന്റെ ടെമുര്‍ബെക് ഗിയസോവ് 2.03 മീറ്റര്‍ ചാടി വെങ്കലം നേടി
Updated on
1 min read

2024 പാരീസ് പാരാലിമ്പിക്സില്‍ പുരുഷന്മാരുടെ ഹൈജമ്പ് ടി64 ഇനത്തില്‍ ഇന്ത്യയുടെ പ്രവീണ്‍ കുമാറിന് സ്വര്‍ണം. 2021 ടോക്കിയോ പാരാലിമ്പിക്സില്‍ വ്യക്തിഗത മികച്ച 2.07 മീറ്ററോടെ വെള്ളി നേടിയ അദ്ദേഹം തുടര്‍ച്ചയായ രണ്ടാം പാരാലിമ്പിക്സ് മെഡല്‍ ഉറപ്പാക്കാന്‍ 2.08 മീറ്ററാണ് ക്ലിയര്‍ ചെയ്തത്. ഇത് ഏഷ്യന്‍ റെക്കോഡാണ്.

ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്നുള്ള 21 കാരനായ അത്ലറ്റ് മാരിയപ്പന്‍ തങ്കവേലുവിന് ശേഷം പാരാലിമ്പിക്സ് ഹൈജമ്പ് മത്സരങ്ങളില്‍ സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് പ്രവീണ്‍ കുമാര്‍. അമേരിക്കയുടെ ഡെറക് ലോക്കിഡന്റ് 2.06 മീറ്റര്‍ ചാടി വെള്ളി നേടിയപ്പോള്‍ ഉസ്‌ബെക്കിസ്ഥാന്റെ ടെമുര്‍ബെക് ഗിയസോവ് 2.03 മീറ്റര്‍ ചാടി വെങ്കലം നേടി.

ഈ നേട്ടത്തോടെ പാരീസില്‍ മെഡല്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ഹൈജമ്പറായി പ്രവീണ്‍ മാറി. വെള്ളി നേടിയ ശരദ് കുമാറിനും പുരുഷന്മാരുടെ ഹൈജംപ് ടി 63 ഇനത്തില്‍ വെങ്കലം നേടിയ മാരിയപ്പന്‍ തങ്കവേലുവിനും പിന്നാലെയാണ് പ്രവീണിന്റെ നേട്ടം. ആറ് സ്വര്‍ണവും ഒമ്പത് വെള്ളിയും 11 വെങ്കലവുമടക്കം 26 മെഡലുകളാണ് പാരീസ് പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ ഇതുവരെയുള്ള നേട്ടം.

logo
The Fourth
www.thefourthnews.in