പാരാലിമ്പിക്‌സ് ട്രാക്കില്‍ ചരിത്രം കുറിച്ച് പ്രീതി; ഇന്ത്യക്ക് നാലാം മെഡല്‍ സമ്മാനിച്ച് മനീഷ്
പാരാലിമ്പിക്‌സ് ചരിത്രത്തില്‍ ഇതാദ്യമായി ട്രാക്കിനത്തില്‍ മെഡല്‍ നേടി ഇന്ത്യ. വനിതകളുടെ 100 മീറ്റര്‍ ടി35 ഇനത്തില്‍ വെങ്കലം നേടിയ പ്രീതി പാല്‍ ആണ് ചരിത്രം കുറിച്ചത്. 14.21 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് പ്രീതി പാരാലിമ്പിക്‌സ് ട്രാക്ക് ഇനത്തില്‍ മെഡലണിയുന്ന ആദ്യ ഇന്ത്യന്‍ താരമായത്.
തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സമയമാണ് ഇന്ന് പ്രീതി കുറിച്ചത്. 13.58 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കിയ ചൈനയുടെ സോഹു സിയ സ്വര്‍ണമണിഞ്ഞപ്പോള്‍ 13.74 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ചൈനയുടെ തന്നെ കിയാന്‍കിയാന്‍ ഗ്യുവിനാണ് വെള്ളി. പേശി സംബന്ധമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ മത്സരിക്കുന്ന നൂറ് മീറ്റര്‍ മത്സരമാണ് ടി35.
പാരാലിമ്പിക്‌സ് മത്സരങ്ങള്‍ ആരംഭിച്ച ആദ്യദിനമായ ഇന്ന് ഇതുവരെ നാലു മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ വെള്ളി നേടിയ മനീഷ് നര്‍വാലാണ് നാലാം മെഡല്‍ സമ്മാനിച്ചത്. 234.9 പോയിന്റ് നേടിയാണ് നര്‍വാല്‍ വെള്ളളിയണിഞ്ഞത്. കഴിഞ്ഞ തവണ ടോക്യോയില്‍ 50 മീ പിസ്റ്റള്‍ വിഭാഗത്തില്‍ നര്‍വാല്‍ സ്വര്‍ണം നേടിയിരുന്നു. ആ പ്രകടനം പക്ഷേ ഇക്കുറി പാരീസില്‍ ആവര്‍ത്തിക്കാനായില്ല.
ഇന്ന് നേരത്തെ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ അവനി ലെഖ്രയും മോനാ അഗര്‍വാളുമാണ് മറ്റു രണ്ടു മെഡലുകള്‍ സമ്മാനിച്ചത്. നിലവിലെ പാരാലിമ്പിക് ചാമ്പ്യന്‍ കൂടിയായ അവനി 249.7 പോയിന്റുമായി റെക്കോഡോടെസ്വര്‍ണം നേടിയപ്പോള്‍ വെങ്കലമാണ് മോനയെ തേടിയെത്തിയത്.
അവസാന റൗണ്ട് വരെ രണ്ടാം സ്ഥാനത്തായിരുന്ന അവനി അവസാന ഷോട്ടില്‍ 6.8 പോയിന്റ് നേടിയാണ് സ്വര്‍ണം ഉറപ്പാക്കിയത്. അവനിയുടെ തുടര്‍ച്ചയായ രണ്ടാം പാരാലിമ്പിക് മെഡലാണിത്. കഴിഞ്ഞ തവണ ടോക്യോയില്‍ നടത്തിയ പ്രകടനത്തെ മികച്ചതായിരുന്നു ഇത്തവണ അവനിയുടേത്. അന്ന് സ്വര്‍ണമണിഞ്ഞപ്പോള്‍ നേടിയ 249.6 എന്ന പോയിന്റ് മറികടക്കാനും അവനിക്കായി.
228.7 പോയിന്റ് നേടിയാണ് മോന അഗര്‍വാള്‍ വെങ്കലമെഡല്‍ ഉറപ്പാക്കിയത്. അവസാന എലിമിനേഷന്‍ റൗണ്ട് വരെ ഒന്നാം സ്ഥാനത്തായിരുന്നു മോന. എന്നാല്‍ അവസാന ഷോട്ടില്‍ 10 പോയിന്റ് മാത്രമാണ് മോനയ്ക്ക് നേടാനായത്. ദക്ഷിണകൊറിയയുടെ യുന്റി ലീയ്ക്കാണ് വെള്ളി.