ഏഷ്യാ പസഫിക് മാസ്റ്റേഴ്സ് ഗെയിംസിൽ മൂന്ന് വെങ്കലം, നീന്തല്‍കുളം സ്വപ്നം കണ്ട രാജേഷ്
ഏഷ്യാ പസഫിക് മാസ്റ്റേഴ്സ് ഗെയിംസിൽ പങ്കെടുത്ത് മെഡലുകൾ വാരി കൂട്ടി താരമായി മലയാളി. തിരുവനന്തപുരം പിരപ്പൻകോട് സ്വദേശി രാജേഷ് ആർ എസ്. ദക്ഷിണകൊറിയയില്‍ നടന്ന ജെന്‍ബുക് ഏഷ്യാ പസഫിക് മാസ്റ്റേഴ്സ് ഗെയിംസിൽ നീന്തൽ വിഭാഗത്തിൽ മൂന്ന് വെങ്കല മെഡലുകളാണ് നേടിയെടുത്തത്.
ഇൻറർനാഷണൽ മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷന്റെ നേതൃത്വത്തിൽ മേയ് 12 മുതൽ 20 വരെയായിരുന്നു മത്സരങ്ങൾ. 26 കായിക ഇനങ്ങളായിരുന്നു മത്സരത്തിൽ ആകെ ഉണ്ടായിരുന്നത്. അതിൽ 50 നും 55 നുമിടയിൽ പ്രായമുള്ളവരുടെ വിഭാഗത്തില്‍ 50 മീറ്റർ ബട്ടർഫ്‌ളൈ, 100 മീറ്റർ ഫ്രീ സ്റ്റൈൽ, 200 മീറ്റർ ഫ്രീ സ്റ്റൈൽ വിഭാഗങ്ങളില്‍ വെങ്കലമണിഞ്ഞാണ് രാജേഷ് താരമായത്. ഒപ്പം 100 മീറ്റർ ബാക്ക് സ്ട്രോക്ക്, 400 മീറ്റർ ഫ്രീ സ്റ്റൈൽ തുടങ്ങിയ വിഭാഗങ്ങളിൽ നാലാം സ്ഥാനവും രാജേഷ് നേടിയിരുന്നു. 23 ഓളം രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികളായിരുന്നു രാജേഷിനൊപ്പം മത്സരിച്ചത്.
മൂന്നാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽക്കേ നീന്തല്‍ക്കുളത്തിലിറങ്ങിയ രാജേഷ് സ്‌കൂൾ കോളേജ് തലങ്ങളിൽ സംസ്ഥാന-ദേശീയ മെഡലുകള്‍ സ്വന്തമാക്കിയ താരമാണ്. 17 -ാം വയസിൽ കരസേനയിലെ എൻജിനീയർ വിഭാഗത്തിൽ ജോലിക്ക് പ്രവേശിച്ച രാജേഷ് നീന്തല്‍ പൂര്‍ണമായും ഉപേക്ഷിക്കാന്‍ തയാറായില്ല.
എട്ടു വയസുള്ളപ്പോൾ മൂന്നാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽക്കേ രാജേഷിന് നീന്തലെന്നാൽ ജീവനാണ്. അന്ന് മുതൽക്കേ സ്‌കൂൾ കോളേജ് തലങ്ങളിൽ സംസ്ഥാന-ദേശീയ മെഡലുകള്‍ സ്വന്തമാക്കിയിരുന്നു.
ഏരിയ കമ്മാൻഡേർസ് അസോസിയേഷൻ ചാമ്പ്യൻഷിപ്പിലും, ബെംഗളൂരുവില്‍ ജോലി ചെയ്യവേ കർണാടകയെ പ്രതിനിധീകരിച്ചും രാജേഷ് മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. 2004 ൽ കരസേനയിൽ നിന്ന് വിരമിച്ചു. 2018 ൽ മലേഷ്യയിൽ നടന്ന ഏഷ്യ പസഫിക് മാസ്റ്റേഴ്സ് ഗെയിംസിൽ പങ്കെടുത്ത് സ്വർണ്ണമടക്കം മൂന്നു മെഡലുകൾ രാജേഷ് നേടിയിരുന്നു. 43 വർഷമായി നീന്തൽ പരിശീലകനായും നീന്തൽ മത്സരങ്ങളിലും സജീവമാണ് രാജേഷ്.
എന്നാൽ, നീന്തല്‍ കുളത്തിലെ സ്വപ്നങ്ങള്‍ സ്വന്തമാക്കുക എന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ലെന്നും രാജേഷ് പറയുന്നു. മത്സരത്തിന് വേണ്ടിയുള്ള യാത്രകളും അതുമായി ബന്ധപ്പെട്ട ചെലവുകളൂം പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. "സുഹൃത്തുക്കൾ നൽകിയ സഹായം കൊണ്ടായിരുന്നു കഴിഞ്ഞ മത്സരത്തിൽ പങ്കെടുക്കുന്നത്. മത്സരത്തിൽ വീണ്ടും പങ്കെടുക്കാനായി ഒരു ആഗ്രഹം ഉണ്ടായപ്പോൾ എസ്ബിഐയെ അറിയിക്കുകയും അവർ സ്പോൺസർഷിപ്പ് ചെയ്യാമെന്ന് പറയുകയും ചെയ്തു. എന്നാൽ അവസാന നിമിഷം എസ്ബിഐ കൈമലർത്തി. ജിഎം പെൻഷൻ ആയതിനാൽ ഫയലിൽ ഒപ്പിടാൻ സാധിച്ചില്ല എന്നതായിരുന്നു എസ്ബിഐ പറഞ്ഞത് " രാജേഷ് പറയുന്നു.
കേരളാ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ സഹായങ്ങൾ ഒന്നും കിട്ടിയിട്ടില്ലെന്ന് രാജേഷ് വ്യക്തമാക്കുന്നു.
പക്ഷെ, രാജേഷ് യാത്ര മാറ്റി വച്ചില്ല. യാത്രയും മറ്റ് ചെലവുകളുമെല്ലാം കൂടി മൊത്തം 1,15,000 നു മുകളിലായി. അതേസമയം ഇന്ത്യയിൽ നിന്നും വന്ന മറ്റു സംസ്ഥാനങ്ങളിലെ താരങ്ങൾക്ക് അവരുടെ സംസ്ഥാന സർക്കാരുകൾ ചെലവ് വഹിച്ചു. എന്നാൽ കേരളാ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ സഹായങ്ങൾ ഒന്നും കിട്ടിയിട്ടില്ലെന്നും രാജേഷ് വ്യക്തമാക്കുന്നു. " മാസ്റ്റേഴ്സ് വിഭാഗത്തിലുള്ളവർക്ക് സഹായം നൽകി കീഴ്‌വഴക്കമില്ലെന്നാണ് സർക്കാർ പറയുന്നത് " രാജേഷ് പറയുന്നു.
നിലവിൽ തിരുവനന്തപുരം എൻസിസി ഡയറക്ടറേറ്റ് ജീവനക്കാരനായ രാജേഷ്, സായി എൽഎൻസിപിഇ, നോർത്ത് ഈസ്റ്റേൺ പോലീസ് അക്കാദമി ഷില്ലോങ് എന്നിവിടങ്ങളിലും പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. പറ്റാവുന്ന കാലത്തോളം നീന്തൽ തുടരുക, കഴിയുന്ന അത്രയും മത്സരങ്ങളിൽ പങ്കെടുക്കുക എന്നതാണ് രാജേഷിന്റെ ആഗ്രഹം. ഇപ്പോൾ വെള്ളയമ്പലം ജിമ്മി ജോര്‍ജ് സ്‌പോര്‍ട്‌സ് ഹബ്ബിലെ സ്വിമ്മിങ് പൂളിലാണ് പരിശീലനം നടത്തുന്നത്. രാജേഷിനു എല്ലാ പിന്തുണയുമായി ഭാര്യയും നവജീവൻ ബഥനി വിദ്യാലയ നാലാഞ്ചിറയിലെ അധ്യാപികയുമായ ബീന കുമാരി, മക്കൾ മേഘ, അനഘ, റിട്ടയേർഡ് ടീച്ചറായ അമ്മ സരോജിനിയമ്മ എന്നിവരൊപ്പമുണ്ട്.