'തെറ്റുപറ്റി, അവസ്ഥയിൽ വിഷമമുണ്ട്'; സർഫറാസ് ഖാന്റെ റൺ ഔട്ട് തന്റെ പിഴവെന്ന് രവീന്ദ്ര ജഡേജ
ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിൽ മൂന്നാമത്തെ ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ദിനത്തിൽ ബാറ്റിങ്ങിനിടെ സർഫറാസ് ഖാൻ തന്റെ അശ്രദ്ധ മൂലം പുറത്തായതിൽ ക്ഷമ ചോദിച്ച് രവീന്ദ്ര ജഡേജ. ആദ്യദിവസത്തെ പോരാട്ടത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മണിക്കൂറിൽ തന്നെ മൂന്ന് വിക്കറ്റുകൾ വീണെങ്കിലും നാലും അഞ്ചും വിക്കറ്റുകളിലെ കൂട്ടുകെട്ട് ഇന്ത്യയെ ശക്തമായ നിലയിലേക്ക് എത്തിക്കുകയായിരുന്നു.
അരങ്ങേറ്റ മത്സരത്തിനിറങ്ങിയ സർഫറാസ് ഖാന്റെ തനതുശൈലിയിലുള്ള ബാറ്റിങ്ങിയിരുന്നു കാഴ്ചവച്ചത്. ഇംഗ്ലണ്ട് സ്പിന്നർമാരെയും പേസർമാരെയും കണക്കിന് പ്രഹരിച്ച സർഫറാസ് 48 പന്തിൽ അർധസെഞ്ചുറി നേടി. അരങ്ങേറ്റ മത്സരത്തിൽ വേഗമേറിയ അർധ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാകാനും സർഫറാസിന് കഴിഞ്ഞു.
എന്നാൽ ഇതിനിടെയാണ് നിർഭാഗ്യവശാൽ സർഫറാസ് പുറത്താകുന്നത്. എൺപത്തിരണ്ടാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു സർഫറാസ് റൺ ഔട്ട് ആയത്. മിഡ് ഓൺ ഷോട്ട് കളിച്ച ജഡേജ, സിംഗിളിനായി സർഫറാസിനെ വിളിച്ചെങ്കിലും മാർക് വുഡ് പെട്ടെന്ന് പന്ത് കൈക്കലാക്കിയ ജഡേജ ക്രീസിലേക്ക് തിരിച്ചുകയറി. എന്നാൽ പകുതിയോളം ഓടിയെത്തിയയ സർഫറാസിന് തിരികെ നോൺ സ്‌ട്രൈക്കിങ് ക്രീസിലേക്ക് എത്താൻ സാധിച്ചില്ല. വുഡ്ഡെറിഞ്ഞ ഡയറക്റ്റ് ഹിറ്റിൽ സർഫറാസ് പുറത്താക്കുകയായിരുന്നു.
മികച്ച ഫോമിലുണ്ടായിരുന്ന സർഫറാസിന്റെ പുറത്താകലിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ ഉൾപ്പെടെ വലിയ നിരാശ പ്രകടിപ്പിച്ചിരുന്നു. ഡ്രസിങ് റൂമിലിരുന്ന് കളി വീക്ഷിക്കുകയായിരുന്നു രോഹിത്, ക്ഷുഭിതനായി തന്റെ ക്യാപ് വലിച്ചെറിയുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സെഞ്ചുറിയോട് അടുത്തുനിൽക്കുകയായിരുന്ന ജഡേജയുടെ സ്വാർത്ഥതയാണ് സർഫറാസിന്റെ പുറത്താകലിന് വഴിവച്ചതെന്ന തരത്തിൽ താരത്തിനെതിരെ വലിയ വിമർശനങ്ങളും സാമൂഹ്യമാമാധ്യമങ്ങളിൽ ഉയർന്നിരുന്നു.
ഇതിനുപിന്നാലെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ജഡേജ ക്ഷമാപനവുമായി രംഗത്തെത്തിയത്. 'സർഫറാസിന്റെ അവസ്ഥയിൽ വിഷമം തോന്നുന്നു. അതെന്റെ റോങ്ങ് കാൾ ആയിരുന്നു. മികച്ച കളി പുറത്തെടുത്തു' ജഡേജ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ സർഫറാസിനെ മെൻഷൻ ചെയ്തുകൊണ്ട് കുറിച്ചു.
ആദ്യ ദിനം അവസാനിക്കുമ്പോൾ 326ന് അഞ്ച് എന്ന നിലയിലാണ് ഇന്ത്യ. ജഡേജക്ക് പുറമെ പത്ത് പന്തിൽ ഒരു റണ്ണുമായി കുൽദീപ് യാദവാണ് ക്രീസിൽ. ജഡേജയ്ക്ക് പുറമെ രോഹിത് ശർമയും സെഞ്ചുറി നേടിയിരുന്നു. 157 പന്തിൽ നിന്നായിരുന്നു രോഹിത്ത് 100 കടന്നത്.