ദേശീയ ഗുസ്തി ഫെഡറേഷന്‍ പരിശീലകര്‍ക്കെതിരായ ലൈംഗികാരോപണം; വിശദീകരണം തേടി ദേശീയ കായിക മന്ത്രാലയം
ദേശീയ ഗുസ്തി ഫെഡറേഷനെയും ദേശീയ പരിശീലകരെയും പ്രതിക്കൂട്ടിലാക്കിയുള്ള ലൈംഗികാരോപണത്തില്‍ വിശദീകരണം തേടി കായിക മന്ത്രാലയം. 72 മണിക്കൂറിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. മറുപടി നല്‍കിയില്ലെങ്കില്‍ നടപടിയിലേയ്ക്ക് നീങ്ങുമെന്ന് മുന്നറിയിപ്പും നല്‍കി. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ ഡബ്ല്യുഎഫ്ഐ പ്രതികരിച്ചില്ലെങ്കില്‍, 2011 ലെ ദേശീയ കായിക വികസന നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് ഫെഡറേഷനെതിരെ നടപടിയെടുക്കുമെന്നും ദേശീയ കായിക മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
അതേസമയം വനിതാ ഗുസ്തിക്കാര്‍ക്കായി നടത്താനിരുന്ന ഗുസ്തി ക്യാമ്പും മന്ത്രാലയം റദ്ദാക്കി. 2023 ജനുവരി 18 മുതല്‍ 41 ഗുസ്തിക്കാരും 13 പരിശീലകരും സപ്പോര്‍ട്ട് സ്റ്റാഫുമായി ലഖ്നൗവിലെ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നാഷണല്‍ സെന്റര്‍ ഓഫ് എക്സലന്‍സില്‍ ആരംഭിക്കാനിരുന്ന വനിതാ ദേശീയ ഗുസ്തി കോച്ചിങ് ക്യാമ്പാണ് റദ്ദാക്കിയത്.
ഇന്ത്യന്‍ ക്യാമ്പിലുള്ള വനിതാ ഗുസ്തി താരങ്ങളെ പരിശീലകര്‍ വര്‍ഷങ്ങളായി ലൈംഗികമായി ഉപദ്രവിച്ചുവെന്നും ഇന്ത്യന്‍ റെസ്ലിങ് ഫെഡറേഷന്‍ ഇതിന് കൂട്ടുനിന്നുവെന്നുമാണ് ഗുസ്തി താരം വിനേഷ് ഫോഗാട്ട് ആരോപിച്ചത്. ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ മറ്റ് ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തിയാണ് താരം ആരോപണം ഉന്നയിച്ചത്. കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരമാണ് വിനേഷ് ഫോഗാട്ട്.
കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച ഇന്ത്യന്‍ റെസ്ലിങ് ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെ സ്ഥാനത്ത് നിന്ന് നീക്കാതെ തങ്ങള്‍ ഒരു മത്സരത്തിനും ഇറങ്ങില്ലെന്നായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ബജ്രംഗ് പൂനിയയും പറഞ്ഞിരുന്നത്. പുരുഷവിഭാഗം ഗുസ്തിയില്‍ ഒളിമ്പിക് മെഡല്‍ ജേതാവാണ് ബജ്രംഗ്. ലഖ്നൗവിലെ ദേശീയ പരിശീലന ക്യാമ്പില്‍ വച്ച് വനിതാ താരങ്ങളെ നിരവധി ദേശീയ പരിശീലകര്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് താരങ്ങളുടെ പ്രധാന ആരോപണം. സംഭവത്തെക്കുറിച്ച് പരാതിപ്പെട്ട താരങ്ങള്‍ക്ക് ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ്ബൂഷന്റെ ഭാഗത്ത് നിന്ന് വധഭീഷണി നേരിട്ടുവെന്നും താരങ്ങള്‍ ആരോപിച്ചിരുന്നു.
ലൈംഗികാരോപണം ഉന്നയിച്ചത് ആര്‍ക്കെതിരെയാണെന്നകാര്യം പുറത്തുവിട്ടിരുന്നില്ല. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും നേരിട്ട് പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ തയാറായാല്‍ തീര്‍ച്ചയായും പേരുകള്‍ പുറത്തുവിടുമെന്നായിരുന്നു പറഞ്ഞിരുന്നത്. അതേസമയം സംഭവം നിഷേധിച്ചുകൊണ്ട് ഇന്ത്യന്‍ റെസ്ലിങ് ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണ്‍ രംഗത്തുവന്നിരുന്നു. ഫെഡറേഷന്റെ ഭാഗത്തുനിന്ന് ലൈംഗികാതിക്രമമോ മറ്റ് അതിക്രമമങ്ങളോ ഭീഷണിയോ നേരിട്ടുവെന്ന് പറയുന്ന ആരുടെയും പേരുകള്‍ കാണാനേയില്ല. ഇതൊരു തട്ടിപ്പാകാനാണ് സാധ്യതയെന്നായിരുന്ന് ബ്രിജ്ഭൂഷണ്‍ ആരോപിച്ചത്.