ബിസിസിഐ തലപ്പത്തെ സൗരവിന്റെ പിന്‍ഗാമി; ആരാണ് റോജര്‍ ബിന്നി

ബിസിസിഐ തലപ്പത്തെ സൗരവിന്റെ പിന്‍ഗാമി; ആരാണ് റോജര്‍ ബിന്നി

1983ലെ ലോകകപ്പ് വിജയത്തില്‍ നിർണായക പങ്ക് വഹിച്ചു
Updated on
2 min read

ബിസിസിഐയുടെ തലപ്പത്ത് നിന്ന് സൗരവ് ഗാംഗുലി പടിയിറങ്ങുകയാണ്. വീണ്ടും മത്സരരംഗത്തേയ്ക്ക് ദാദ ഉണ്ടാകില്ലെന്ന് ഉറപ്പായതോടെ ഏറ്റവും കൂടുതല്‍ സാധ്യത റോജര്‍ ബിന്നിയ്ക്കാണ്. പുതുതലമുറയ്ക്ക് പരിചിതനല്ലെങ്കിലും ഇന്ത്യൻ ക്രിക്കറ്റിന്റെ ലോകകപ്പ് ഹീറോയാണ് റോജര്‍ ബിന്നി.

ആരാണ് റോജര്‍ ബിന്നി ?

ഇന്ത്യയുടെ 1983ലെ ലോകകപ്പ് ക്രിക്കറ്റ് ഹീറോയാണ് റോജര്‍ ബിന്നി. ബിന്നിയുടെ ഓള്‍ ഓള്‍റൗണ്ട് പ്രകടനത്തിലാണ് ഇന്ത്യ ആദ്യത്തെ ഐസിസി ലോകകപ്പ് കിരീടം നേടുന്നതും. 8 മത്സരങ്ങളി‍ല്‍ നിന്ന് 18 വിക്കറ്റുകളാണ് അദ്ദേഹം തേടിയത്. 1985ല്‍ ഓസ്ട്രേലിയയില്‍ നടന്ന വേള്‍ഡ് സീരീസ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിലും 17 വിക്കറ്റുകളെടുത്ത് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതും റോജർ ബിന്നിയായിരുന്നു.


 റോജര്‍ ബിന്നിയും 
സൗരവ് ഗാംഗുലിയും
റോജര്‍ ബിന്നിയും സൗരവ് ഗാംഗുലിയും

1979ല്‍ ബാംഗ്ലൂരിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പാകിസ്താനെതിരായ ആദ്യ ടെസ്റ്റിലായിരുന്നു ബിന്നിയുടെ അരങ്ങേറ്റം. ഇമ്രാന്‍ ഖാനടക്കമുള്ള ബൗളിംഗ് നിരയെ നേരിട്ട ബിന്നി 46 റണ്‍സ് നേടി ആദ്യമത്സരത്തില്‍ തന്നെ മികച്ച പ്രകടനം കാഴ്ച വെച്ചു. അന്നത്തെ ഇന്ത്യന്‍ ടീമിലെ സ്വിങ്ങ് ബോളര്‍മാരില്‍ ഒരാളും മികച്ച ഫീല്‍ഡറുമായിരുന്നു ബിന്നി. ഇന്ത്യക്കായി 27 ടെസ്റ്റ് ക്രിക്കറ്റുകളില്‍ 47 വിക്കറ്റുകളെടുത്തു. 72 ഏകദിനങ്ങളില്‍ നിന്ന് 77 വിക്കറ്റുകളും നേടിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയെ പ്രതിനിധീകരിച്ചാണ് ബിന്നി കളിച്ചത്. ഇന്ത്യക്കായി കളിച്ച ആദ്യ ആംഗ്ലോ ഇന്ത്യന്‍ കൂടിയാണ് ബിന്നി.

നല്ല കളിക്കാരനെന്നതിനോടൊപ്പം മികച്ച ക്രിക്കറ്റ് പരിശീലകന്‍ കൂടിയാണ് റോജര്‍. 2000-ൽ അണ്ടര്‍ 19 ലോകകപ്പ് വിജയത്തിലേക്ക് ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിച്ചത് റോജറായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ മിന്നും താരങ്ങളായ യുവരാജ് സിങ്ങും മുഹമ്മദ് കൈഫും ആ ടീമിലുണ്ടായിരുന്നെന്നുള്ളതും ശ്രദ്ദേയമാണ്. ബംഗാള്‍ രഞ്ജി ട്രോഫി ടീമിനെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.

അപ്രതീക്ഷിതം ബിന്നിയുടെ വരവ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ മികച്ച പ്രതിച്ഛായയുള്ള വ്യക്തിയാണ് റോജര്‍ ബിന്നി. കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധിയായി അദ്ദേഹത്തെ തിരഞ്ഞെടുത്തതോടെ ഏതെങ്കിലും സ്ഥാനങ്ങള്‍ തീർച്ചയായും ലഭിക്കുമെന്നാണ് സൂചനകളുണ്ടായിരുന്നു. എന്നാല്‍ ബിസിസിഐയുടെ പ്രസിഡന്റ്‌ സ്ഥാനത്തേയ്ക്ക് സൗരവ് ഗാംഗുലിയുടെ പകരക്കാരനായി എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. മികച്ച കളിക്കാരനും നല്ല പരിശീലകനുമായിരുന്ന റോജറിന് പക്ഷെ ക്രിക്കറ്റ് സംഘടനയെ നയിച്ചുള്ള പരിചയം കുറവാണ്.

റോജര്‍ ബിന്നി ബിസിസിഐയുടെ തലപ്പത്തേയ്ക്ക് വരുബോള്‍

ബിസിസിഐയുടെ പുനഃസംഘടന, 2023 ഐപിഎല്‍ മത്സരം സംഘടിപ്പിക്കുക തുടങ്ങിയവയാണ് പ്രധാന വെല്ലുവിളി. ജയ് ഷാ സെക്രട്ടറിയായിരിക്കുന്ന കാലത്തോളം പിന്നില്‍ വലിയ ചരടുവലികള്‍ നടക്കുന്നതിനാല്‍ വലിയ മാറ്റങ്ങളൊന്നും ഭരണസമിതിയിൽ വരുമെന്ന് പ്രതീക്ഷിക്കുന്നില്ല.

logo
The Fourth
www.thefourthnews.in