കേരളത്തിനെ കൈവിടാതെ സച്ചിന്‍; കര്‍ണാടകയ്‌ക്കെതിരെ ആദ്യദിനത്തില്‍ ആറിന് 224
രഞ്ജിട്രോഫിയില്‍ ആദ്യദിനത്തില്‍ കര്‍ണാടകത്തോട് തകര്‍ച്ചയോടെ തുടങ്ങിയെങ്കിലും സച്ചിന്‍ ബേബിയുടെ സെഞ്ചുറി പിന്തുണയുമായി കേരളം ഭേദപ്പെട്ട സ്‌കോറിലേക്ക്. തുടക്കത്തില്‍ അടി തെറ്റിയെങ്കിലും സച്ചിന്‍ ബേബിയും വത്സല്‍ ഗോവിന്ദും ജലജ് സക്‌സേനയും കേരളത്തിന്റെ കൈപിടിച്ചു. ആദ്യ ദിനം അവസാനിക്കുമ്പോള്‍ കേരളം ആറ് വിക്കറ്റ് നഷ്ടത്തില്‍ 224 എന്ന നിലയിലാണ്. 272 പന്തില്‍ 116 റണ്‍സ് എടുത്ത് സച്ചിന്‍ ബേബിയും 74 പന്തില്‍ 31 റണ്‍സുമായി ജലജ് സക്സേനയുമാണ് ക്രീസിലുള്ളത്. ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് കേരളത്തിന്റെ സ്‌കോര്‍ ബോര്‍ഡില്‍ 50 റണ്‍സ് ചേര്‍ത്തിട്ടുണ്ട്. 36 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ കൗശിക് ആയിരുന്നു ഇന്ന് ബൗളിങ്ങില്‍ കര്‍ണാടകയുടെ വജ്രായുധം.
ഹോം ഗ്രൗണ്ടില്‍ ടോസ് ജയിച്ച് ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന് തുടക്കത്തില്‍ തന്നെ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ഓപ്പണര്‍ പി രാഹുല്‍ രണ്ടാമത്തെ പന്തില്‍ തന്നെ പുറത്തായി, പിന്നാലെ ഇറങ്ങിയ രോഹന്‍ പ്രേം ഒന്‍പത് പന്തുകള്‍ നേരിട്ടെങ്കിലും റണ്‍സ് ഒന്നും കണ്ടെത്താന്‍ കഴിയാതെ കൂടാരം കേറി. മൂന്നാമത്തെ ഓവറില്‍ അഞ്ച് റണ്‍സ് മാത്രം എടുത്ത് ഓപ്പണര്‍ രോഹന്‍ കുന്നുമ്മലും മടങ്ങിയതോടെ കേരളത്തിന് അടിപതറി. രോഹന്‍ കുന്നുമ്മല്‍ പുറത്താകുമ്പോള്‍ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ആറ് റണ്‍സ് എന്ന നിലയിലായിരുന്നു. നാലാം വിക്കറ്റില്‍ സച്ചിനും വത്സല്‍ ഗോവിന്ദുമാണ് കേരളത്തിന് വേണ്ടി രക്ഷാ ദൗത്യം ഏറ്റെടുത്തത്. ആ കൂട്ടുകെട്ടില്‍ 120 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
46 റണ്‍സ് എടുത്ത് കേരളത്തിന് ആശ്വാസം പകര്‍ന്ന വത്സല്‍ ഗോവിന്ദിനെയും പിന്നാലെ ഇറങ്ങിയ സല്‍മാന്‍ നിസാറിനെയും മടക്കി കൗശിക് കേരളത്തെ വീണ്ടും സമ്മര്‍ദത്തിലാക്കി. എന്നാല്‍ ഇതൊന്നും സച്ചിനെ ബാധിച്ചില്ല. അക്ഷയ് ചന്ദ്രനുമായുള്ള കൂട്ടുകെട്ടിലൂടെ കേരളത്തെ ഭേദപ്പെട്ട റണ്‍സിലേക്കെത്തിക്കുന്നതിനിടെ സച്ചിന്‍ സെഞ്ചുറി തികച്ചു. തൊട്ടു പിന്നാലെ ശ്രേയസ് ഗോപാല്‍ അക്ഷയ് ചന്ദ്രന്റെ വിക്കറ്റും തെറുപ്പിച്ചു. ഏഴാം വിക്കറ്റില്‍ എത്തിയ സക്‌സേനയോടൊപ്പം സച്ചിന്‍ കേരളത്തിനു വേണ്ടി കളത്തില്‍ തന്നെയുണ്ട്.
സര്‍വീസസിനെതിരായ കഴിഞ്ഞ മത്സരത്തില്‍ കേരളത്തെ ജയത്തിലേക്ക് എത്തിച്ചത് സച്ചിന്റെ മികച്ച ബാറ്റിങ് പ്രകടനമായിരുന്നു. ഈ സീസണിലെ സച്ചിന്റെ മൂന്നാം സെഞ്ചുറി കൂടിയാണ് കര്‍ണാടകയ്‌ക്കെതിരെയുള്ളത്. അഞ്ച് കളികളില്‍ നിന്ന് മൂന്ന് ജയവും ഒരു തോല്‍വിയും ഒരു സമനിലയുമായി കേരളം രണ്ടാം സ്ഥാനത്താണ്. കര്‍ണാടകയാണ് ഒന്നാമത്.