'40 ദിവസം റോഡിലാണ് ഉറങ്ങിയത്, എന്നിട്ടും നീതിയില്ല'; ഇനി ഗോദയിലേക്കില്ലെന്ന് ഗുസ്തി താരം സാക്ഷി മാലിക്

'40 ദിവസം റോഡിലാണ് ഉറങ്ങിയത്, എന്നിട്ടും നീതിയില്ല'; ഇനി ഗോദയിലേക്കില്ലെന്ന് ഗുസ്തി താരം സാക്ഷി മാലിക്

രാജ്യത്തെ വനിതാ താരങ്ങൾ ഇനിയും പീഡനങ്ങൾ സഹിക്കേണ്ടി വരുമെന്നതിന്റെ സൂചനയാണ് സഞ്ജയ് സിങ്ങിന്റെ ജയമെന്നും ഗുസ്തി താരങ്ങൾ പ്രതികരിച്ചു
Updated on
1 min read

ദേശീയ ഗുസ്തി ഫെഡറേഷന്റെ (ഡബ്ല്യുഎഫ്ഐ) പുതിയ മേധാവിയായി സഞ്ജയ് സിങ് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് ഒളിമ്പിക് മെഡൽ ജേതാവും പ്രമുഖ ഗുസ്തി താരവുമായ സാക്ഷി മാലിക്. തങ്ങൾ ഇത്രയൊക്കെ സമരം നടത്തിയിട്ടും വീണ്ടും ബ്രിജ് ഭൂഷന്റെ സഹായിയാണ് ഫെഡറേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് എന്നതിനാലാണ് തന്റെ വിരമിക്കലെന്ന് സാക്ഷി പറഞ്ഞു. വ്യാഴാഴ്ചയാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. രാജ്യത്തെ വനിതാ താരങ്ങൾ ഇനിയും പീഡനങ്ങൾ സഹിക്കേണ്ടി വരുമെന്നതിന്റെ സൂചനയാണ് സഞ്ജയ് സിങ്ങിന്റെ ജയമെന്നും ഗുസ്തി താരങ്ങൾ പ്രതികരിച്ചു.

ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, ബജ്‌രംഗ് പുനിയ എന്നിവർ ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ഗുസ്തി അവസാനിപ്പിക്കുന്നുവെന്ന സാക്ഷിയുടെ പ്രഖ്യാപനം. "40 ദിവസം ഞങ്ങൾ റോഡിലാണ് ഉറങ്ങിയത്. എന്നിട്ടും ബ്രിജ് ഭൂഷൺ സിങിന്റെ ബിസിനസ് പങ്കാളിയും അടുത്ത സഹായിയുമായ ഒരാളാണ് ഡബ്ല്യുഎഫ്‌ഐയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്." സാക്ഷി മാലിക്ക് പറഞ്ഞു. വികാരാധീതയായ താരം തന്റെ ബൂട്ടുകൾ അഴിച്ച് മേശയുടെ മുകളിൽ വച്ചുകൊണ്ടായിരുന്നു പ്രതികരിച്ചത്.

'40 ദിവസം റോഡിലാണ് ഉറങ്ങിയത്, എന്നിട്ടും നീതിയില്ല'; ഇനി ഗോദയിലേക്കില്ലെന്ന് ഗുസ്തി താരം സാക്ഷി മാലിക്
ഗുസ്തി ഫെഡറേഷന്റെ തലപ്പത്ത് ബ്രിജ് ഭൂഷന്റെ അനുയായി; സഞ്ജയ് സിങ്ങിന് അനായാസ വിജയം

വാർത്താസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു താരങ്ങള്‍ സംസാരിച്ചത്. തങ്ങളുടെ ഭാവി ഇരുട്ടിലാണ്. ആരെ സമീപിക്കണമെന്നോ നീതി എവിടെ ലഭ്യമാകുമെന്നോ അറിയില്ലെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു. സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ബജ്‌രംഗ്‌ പുനിയയും പറഞ്ഞു. " ഒരു പാർട്ടിയുമായും ബന്ധമില്ല, ഞങ്ങൾ ഇവിടെ വന്നത് രാഷ്ട്രീയത്തിന് വേണ്ടിയല്ല, സത്യത്തിന് വേണ്ടിയാണ്. എന്നിട്ടും ബ്രിജ് ഭൂഷന്റെ സഹായി ഇന്ന് ഡബ്ള്യുഎഫ്‌ഐ പ്രസിഡന്റായി" താരം പറഞ്ഞു.

കോമൺവെൽത്ത് ഗെയിംസ് സ്വർണ മെഡൽ ജേതാവും പ്രമുഖ ഗുസ്തി താരങ്ങളുടെ പിന്തുണയോടെയും മത്സരിച്ച അനിത ഷിയോറനെയായിരുന്നു സഞ്ജയ് സിങ് പരാജയപ്പെടുത്തിയത്. 12 വർഷമായി ഡബ്ല്യുഎഫ്‌ഐ തലവനായിരുന്ന ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനൊപ്പം ദീർഘകാലമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് സഞ്ജയ് സിങ്. ആറ് തവണ ബിജെപി എംപിയായ ബ്രിജ് ഭൂഷൺ ശരൺ സിങ് വനിതാ ഗുസ്തിക്കാരെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ആരോപണം നേരിട്ടിരുന്നു.

logo
The Fourth
www.thefourthnews.in