'സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ സഹായിക്കുന്ന സാന്നിധ്യം';
ആർസിബി വനിതാ ടീമിന്റെ ഉപദേശകയായി സാനിയ മിർസ

'സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ സഹായിക്കുന്ന സാന്നിധ്യം'; ആർസിബി വനിതാ ടീമിന്റെ ഉപദേശകയായി സാനിയ മിർസ

വനിതാ ക്രിക്കറ്റ് താരങ്ങളെ നയിക്കാൻ സാനിയ മിർസയെക്കാൾ അനുയോജ്യയായ മറ്റൊരാളെ പറ്റിയും ചിന്തിക്കാനാകില്ലെന്ന് ആർസിബി
Updated on
1 min read

ടെന്നീസ് താരം സാനിയ മിർസയെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ വനിതാ ടീം ഉപദേശക. ആർസിബി ഔദ്യോഗിക ട്വിറ്റർ പേജിലൂടെയായിരുന്നു പ്രഖ്യാപനം. വനിതാ ക്രിക്കറ്റ് താരങ്ങളെ നയിക്കാൻ സാനിയ മിർസയെക്കാൾ അനുയോജ്യയായ മറ്റൊരാളെ പറ്റിയും ചിന്തിക്കാനാകില്ല. സമ്മർദ്ദങ്ങൾക്കിടയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ താരത്തിന്റെ സാന്നിധ്യം ടീമിനെ സഹായിക്കുമെന്നും ട്വീറ്റിൽ പറയുന്നു.

ഉപദേശകയായി ടീമിനൊപ്പം ചേരാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് സാനിയ മിർസ പ്രതികരിച്ചു. ഏറെ ആരാധകരുള്ള ഐപിഎൽ ടീമാണ് ആർസിബിയെന്ന് സാനിയ മിർസ ട്വിറ്ററിലൂടെ പ്രതികരിച്ചു. താന്‍ കരിയറിനെ സമീപിച്ച രീതിയോട് ചേർന്ന് നിൽക്കുന്ന കാഴ്ചപ്പാടാണ് ആർസിബിക്കും. വനിതാ പ്രീമിയർ ലീഗിലൂടെ ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ ഒരു വലിയ മാറ്റം ഉണ്ടായി. ഈ വിപ്ലവകരമായ മാറ്റത്തിന്റെ ഭാഗമാകാൻ കാത്തിരിക്കുകയാണ്. രാജ്യത്തെ വനിതാ കായികരംഗത്തിന് പുത്തൻ ഉണർവ്വ് നൽകാനും വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് പുതിയ വാതിലുകൾ തുറന്ന് നൽകാനും ഡബ്യുപിഎൽ സഹായകരമാകും. വിരമിക്കലിനു ശേഷവും കായിക മേഖലക്കുള്ള സംഭാവന ഇത്തരത്തിൽ നിറവേറ്റുമെന്നും സാനിയ മിർസ പറഞ്ഞു.

ഐപിഎൽ മാതൃകയിൽ നടത്തുന്ന പ്രഥമ വനിതാ പ്രീമിയർ ലീഗ് മാർച്ച് നാല് മുതൽ 26 വരെ മുംബൈയിലാണ് നടക്കുന്നത്. രണ്ട് സ്റ്റേഡിയങ്ങളിലാകും മത്സരങ്ങൾ. ഐപിഎല്ലിന് പിന്നിൽ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടി-20 ടൂർണമെന്റാണ് ഡബ്ല്യൂപിഎൽ. അഞ്ച് ഫ്രാഞ്ചൈസികളാണ് ടൂർണമെന്റിലുള്ളത്. മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, ഡൽഹി ക്യാപിറ്റൽസ് എന്നീ മൂന്ന് ഐപിഎൽ ടീം ഉടമകളെ കൂടാതെ കാപ്രി ഗ്ലോബൽ ഹോൾഡിങ്‌സ് (ലഖ്‌നൗ), അദാനി സ്‌പോർട്‌സ്ലൈൻ എന്നിവരാണ് ഫ്രാഞ്ചൈസികൾ. 4,669 കോടി രൂപയാണ് ഫ്രാഞ്ചൈസികളിൽ നിന്ന് ബിസിസിഐയ്ക്ക് ലഭിച്ചത്. ഫെബ്രുവരി 13 നായിരുന്നു താരലേലം.

3.4 കോടി രൂപയ്ക്കാണ് ആർസിബി ഇന്ത്യൻ സൂപ്പർ താരമായ സ്മൃതി മന്ദാനയെ സ്വന്തമാക്കിയത്. 1.8 കോടി രൂപയ്ക്ക് ഇന്ത്യൻ നായിക ഹർമൻപ്രീത് കൗറിനെ മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചു. വിദേശ താരങ്ങളിൽ ഏറ്റവും കൂടുതൽ നേട്ടം കൊയ്തത് ഇംഗ്ലണ്ട് താരം നാറ്റ് സ്‌കീവറും ഓസ്‌ട്രേലിയൻ താരം ആഷ്‌ലി ഗാർഡ്‌നറുമാണ്. 3.2 കോടി രൂപയ്ക്കാണ് ഇവർ വിറ്റുപോയത്. ഇതോടെ ഏറ്റവും വിലയേറിയ വിദേശ താരങ്ങൾ എന്ന ബഹുമതിയും ഇവർക്ക് ലഭിച്ചു. നാറ്റ് സ്‌കീവറിനെ മുംബൈ ഇന്ത്യൻസും ആഷ്‌ലി ഗാർഡ്‌നറിനെ ഗുജറാത്ത് ജയന്റ്‌സുമാണ് സ്വന്തമാക്കിയത്.

ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ടെന്നീസ് താരമാണ് മിർസ. മൂന്ന് ഡബിൾസും മൂന്ന് മിക്‌സഡ് ഡബിൾസ് മേജർ ടൈറ്റിലുകളും നേടിയിട്ടുണ്ട്. രോഹൻ ബൊപ്പണ്ണയ്‌ക്കൊപ്പം മിക്‌സഡ് ഡബിൾസിൽ റണ്ണേഴ്‌സ് അപ്പായി ഫിനിഷ് ചെയ്‌ത ഓസ്‌ട്രേലിയൻ ഓപ്പണിന് മുൻപ് തന്നെ സാനിയ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ദുബായിൽ നടക്കുന്ന എടിപി ഓപ്പൺ ടൂർണമാണെന്റ് ആയിരിക്കും കരിയറിലെ അവസാന മത്സരം.

logo
The Fourth
www.thefourthnews.in