ഷൊയ്ബ് മാലിക് അല്ല, മൊഴിചൊല്ലിയത് സാനിയ! എന്താണ് ശരീഅ നിയമത്തിലെ ഖുല്‍അ്?
കായികലോകം സന്തോഷത്തോടെ ഏറ്റെടുത്തതായിരുന്നു ടെന്നീസ് ഇതിഹാസം സാനിയ മിര്‍സയുടെയും പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിന്റെയും വിവാഹം. എന്നാല്‍ ഷൊയ്ബ് മാലികും പാകിസ്ഥാന്‍ നടി സന ജാവേദും തമ്മിലുള്ള വിവാഹം ഇന്ന് നടന്നതോടെ സാനിയയുമായി വേര്‍പിരിഞ്ഞുവെന്ന വാര്‍ത്ത സ്ഥിരീകരിക്കപ്പെടുകയാണ്. ദുബൈയില്‍ താമസമാക്കിയ ഇരുവര്‍ക്കും അഞ്ച് വയസുള്ള ഇസാന്‍ മിര്‍സ മാലിക് എന്ന മകനുമുണ്ട്.
എന്നാല്‍ ഇരുവരുടെയും വിവാഹമോചനത്തേക്കാള്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് ഖുല്‍അ് എന്ന വിവാഹമോചന രീതിയാണ്. ഖുല്‍അ്‌ലൂടെയാണ് ഇരുവരും വിവാഹമോചിതരായതെന്ന സാനിയയുടെ പിതാവ് ഇമ്രാന്റെ പ്രതികരണത്തിലൂടെയാണ് കായികതാരങ്ങളുടെ വിവാഹമോചനം കൂടുതൽ വാർത്താപ്രാധാന്യം നേടുന്നത്.
എന്താണ് ഖുല്‍അ്
ശരീയത്ത് നിയമപ്രകാരം മുസ്‌ലിം സ്ത്രീകള്‍ക്ക് ഏകപക്ഷീയമായി പങ്കാളികളെ വേര്‍പ്പെടുത്താനുള്ള അവകാശമാണ് ഖുല്‍അ്. വിവാഹസമയത്ത് വരൻ നല്‍കിയ മഹറോ മൂല്യമുള്ള വസ്തുക്കളോ തിരികെ നല്‍കിയാണ് ഖുല്‍അ് നടപ്പിലാക്കുന്നത്. കോടതി മുഖാന്തരമാണ് സ്ത്രീകള്‍ക്ക് ഖുല്‍അ് നല്‍കാൻ സാധിക്കുള്ളു. ഏകപക്ഷീയമായി സ്ത്രീകളെ വേർപ്പിരിയുന്ന തലാഖില്‍ നിന്നും വ്യത്യസ്തമായി ഇവിടെ സ്ത്രീകള്‍ക്ക് വിവാഹമോചനത്തിനായി അഭ്യർത്ഥന ആവശ്യമായി വരുന്നു. ഖുല്‍അ് പ്രകാരം കോടതി അനുരഞ്ജനത്തിന് ശ്രമിച്ചാലും അന്തിമ തീരുമാനം സ്ത്രീയുടേതായിരിക്കും.
ഈ അവകാശം ഉപയോഗിച്ചാണ് 14 വര്‍ഷം നീണ്ടുനില്‍ക്കുന്ന ദാമ്പത്യം സാനിയ ഉപേക്ഷിച്ചത്. വിവാഹമോചനത്തിന്റെ രണ്ട് ദിവസം മുമ്പ് ഇന്‍സ്റ്റാഗ്രാമിലൂടെ സാനിയ വിവാഹത്തെയും വിവാഹമോചനത്തെയും കുറിച്ച് പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു.
'വിവാഹം ബുദ്ധിമുട്ടേറിയ ഒന്നാണ്. വേര്‍പിരിയല്‍ കഠിനവും. അമിതവണ്ണം ബുദ്ധിമുട്ടേറിയ ഒന്നാണ്. ഫിറ്റായിരിക്കുക എന്നത് കഠിനവും. ആശയവിനിമയം ബുദ്ധിമുട്ടേറിയ ഒന്നാണ്, ആശയവിനിമയം ഇല്ലാതിരിക്കുക എന്നത് കഠിനവും. ജീവിതം ഒരിക്കലും എളുപ്പമുള്ള ഒന്നല്ല, എപ്പോഴും കഠിനമായിരിക്കും...വിവേകത്തോടെ വേണം തിരഞ്ഞെടുപ്പ് നടത്താന്‍,' എന്നായിരുന്നു സാനിയയുടെ പോസ്റ്റ്.
2010 ഏപ്രില്‍ 12നായിരുന്നു ഷൊയ്ബ് മാലിക്കിന്റേയും സാനിയ മിര്‍സയുടേയും വിവാഹം നടന്നത്. ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹം. പിന്നീട് പാകിസ്താനില്‍ വെച്ചും ചടങ്ങുകള്‍ നടന്നിരുന്നു. 2018 ഒക്ടോബറിലാണ് ഇരുവര്‍ക്കും ഇസാന്‍ മിര്‍സ ജനിക്കുന്നത്. 20 വര്‍ഷത്തെ കരിയറിനൊടുവില്‍ കഴിഞ്ഞ വര്‍ഷം സാനിയ ടെന്നീസ് ലോകത്ത് നിന്ന് വിരമിക്കുകയും ചെയ്തിരുന്നു.
പാകിസ്ഥാനിലെ മികച്ച നാടകങ്ങളിലെയും സിനിമകളിലെയും മികച്ച കഥാപാത്രങ്ങളാല്‍ അറിയപ്പെട്ടയാളാണ് സന. നേരത്തെ ഗായകന്‍ ഉമൈര്‍ ജയ്‌സ്വാളുമായി വിവാഹിതയായിരുന്നു സന. എന്നാല്‍ വിവാഹം കഴിഞ്ഞ മാസങ്ങള്‍ക്ക് ശേഷം തന്നെ ഇരുവരുടെയും വിവാഹമോചന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.