സഞ്ജുവും, രണ്ട് സെഞ്ചുറികളും, മലയാളികളും

സഞ്ജുവും, രണ്ട് സെഞ്ചുറികളും, മലയാളികളും

തന്റെമേല്‍ അത്രയും വിശ്വാസമര്‍പ്പിക്കുന്ന ഒരു ക്യാപ്റ്റനും കോച്ചും ഉള്ളത് സഞ്ജുവിന് സാഹചര്യങ്ങള്‍ അനുകൂലമാക്കിയേക്കും
Updated on
2 min read

സഞ്ജു സാംസണ്‍ ബാറ്റിംഗ് ചെയ്യുമ്പോഴൊക്കെ ക്രിക്കറ്റ് ഫോളോ ചെയ്യുന്ന ഒരു വിധം മലയാളികള്‍ക്കും നെഞ്ചിടിപ്പ് കൂടുതലാണ്. അവസരങ്ങള്‍ കിട്ടാതെ ഇരുന്നപ്പോഴും കിട്ടിയ അവസരങ്ങള്‍ കണ്‍വേര്‍ട്ട് ചെയ്യാന്‍ കഴിയാതെ ഇരുന്നപ്പൊഴും സഞ്ജുവിന് എങ്ങനെ ഒക്കെ നിരാശ തോന്നി കാണുമോ, അത് പോലെ നിരാശ തോന്നുകയും, കഴിഞ്ഞ രണ്ട് T20I മത്സരങ്ങളില്‍ സഞ്ജുവിന്റെ ബാറ്റിങ് കണ്ട് അത്യാനന്ദം തോന്നുകയും ചെയ്തവര്‍. അത്രമേല്‍ സഞ്ജു അവരുടെ ജീവിതത്തിലെ ഒരു ഭാഗമായി മാറി എന്നതാണ് വാസ്തവം.

T20 വേള്‍ഡ് കപ്പ് നേടിയ ടീമില്‍ ബെഞ്ചില്‍ ഇരുന്ന ശേഷം ജൂലൈയില്‍ ശ്രീലങ്കയ്ക്ക് എതിരെ തുടരെ 2 തവണ സഞ്ജു ഡക്ക് ആയപ്പോള്‍ അദ്ദേഹത്തിന്റെ ഇന്റര്‍നാഷണല്‍ കരിയര്‍ താല്‍ക്കാലികമായി എങ്കിലും പിന്നെയും ബ്രേക്ക് വരും എന്ന് കരുതാത്തവര്‍ ഉണ്ടാവില്ല. കാരണം തുടര്‍ച്ചയായി അന്ന് വരെ ഒരു ഫോര്‍മാറ്റിലും സഞ്ജുവിന് അവസരങ്ങള്‍ കിട്ടിയിട്ടില്ല. സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ ഏകദിന സെഞ്ചുറി നേടികഴിഞ്ഞ ശേഷം പോലും സഞ്ജുവിന് ആ ഫോര്‍മാറ്റില്‍ പിന്നീട് അവസരം കിട്ടിയില്ല.

ഇന്ത്യന്‍ ക്രിക്കറ്റില്‍ ടാലന്റിന്റെ അതിപ്രസരമുള്ളത് കാരണം ആരൊക്കെ വന്ന് പോയാലും ഇന്ത്യന്‍ ടീമിന് ചിലപ്പോ ഒന്നും പറ്റിയെന്ന് വരില്ല. അങ്ങനെ ഉള്ള സാഹചര്യത്തില്‍ ഒരാള് പരാജയപ്പെട്ടാല്‍ അവസരം കൊടുക്കണം എന്ന് പറയാനും ഫാന്‍സിന് വിമുഖത തോന്നിയേക്കാം. പക്ഷേ സഞ്ജു ഫാന്‍സ് സഞ്ജുവിന് പുറകില്‍ ശക്തമായി അണിനിരന്നു.

ഇന്ത്യയുടെ ടെസ്റ്റ് സീസണ്‍ ആരംഭിച്ചത് കൊണ്ട്, ടെസ്റ്റ് കളിക്കുന്ന ലിമിറ്റഡ് ഓവര്‍ കളിക്കാര്‍ ആരും തന്നെ ഇല്ലാത്ത T20 സ്‌ക്വാഡില്‍ സഞ്ജുവിന് അവസരം ലഭിച്ചേക്കും എന്ന് ഉറപ്പായിരുന്നു. ദുലീപ് ട്രോഫി നടക്കുന്ന വേളയില്‍ ഇന്ത്യന്‍ T20I ക്യാപ്റ്റനായ സൂര്യ സഞ്ജുവിനോട് പറഞ്ഞത്, ഇനി ഉള്ള രണ്ട് പരമ്പരയില്‍ ആരൊക്കെ എന്ത് പറഞ്ഞാലും സഞ്ജു ആയിരിക്കും ഓപ്പണര്‍ എന്നാണ്. 3 കളികള്‍ ബംഗ്ലാദേശിനോടും, 4 എണ്ണം സൗത്ത് ആഫ്രിക്കയോടും.

സഞ്ജുവും, രണ്ട് സെഞ്ചുറികളും, മലയാളികളും
സഞ്ജു വീണ്ടും സെഞ്ചൂറിയന്‍; ടി20യില്‍ തുടരെ രണ്ടാം സെഞ്ചുറി, നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരം

ആദ്യം ബംഗ്ലാദേശ് പരമ്പര, ആദ്യ കളിയില്‍ 19 പന്തില്‍ 29 എന്ന ഭേദപ്പെട്ട സ്‌കോര്‍ നേടി, രണ്ടാം കളിയില്‍ മോശമായി, പിന്നെയും ചോദ്യങ്ങള്‍ ചോദിക്കാന്‍ ചിലര്‍ തലപൊക്കി തുടങ്ങി. പക്ഷേ അതിന് ശേഷം നടന്ന രണ്ട് കളികളും കൊണ്ട് സഞ്ജുവിന് ഇന്ത്യന്‍ T20I ടീമിന്റെ സ്ഥിരം ഓപ്പണര്‍ സ്ഥാനം ഏകദേശം ഉറപ്പിക്കാന്‍ പറ്റുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുകയാണ്.

ബംഗ്ലാദേശിനെതിരെ ഉള്ള 47 പന്തിലെ 111 എന്ന സെഞ്ചുറി നേട്ടം കുറച്ച് കാണുന്നവര്‍ ഉണ്ടാവാം, കാരണം ഇന്ത്യ അന്ന് നേടിയ ടീം ടോട്ടല്‍ T20I ചരിത്രത്തിലെ തന്നെ ടോപ് സ്‌കോറുകളില്‍ ഒന്നായിരുന്നു. പക്ഷെ സൗത്ത് ആഫ്രിക്കയില്‍ വെച്ച് അവര്‍ക്ക് എതിരെ ഇന്നലെ വന്ന 50 പന്തിലുള്ള 107 റണ്‍സിന് മാറ്റ് ലേശം കൂടുതലാണ്. കാരണം ആ പിച്ചില്‍ സഞ്ജുവിന് ഒപ്പം നില്‍ക്കുന്ന ബാറ്റിംഗ് പുറത്തെടുക്കാന്‍ രണ്ട് ടീമിലെയും ഒരാള്‍ക്കും കഴിഞ്ഞില്ല. T20യില്‍ പേരുകേട്ട സൂര്യ, ക്ലാസന്‍, മില്ലര്‍ ഒക്കെ വലഞ്ഞ പിച്ചില്‍ അനായാസമായാണ് സഞ്ജു ബോളുകള്‍ ടൈം ചെയ്തത്. അതിനൊപ്പം ഒരു പിടി റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കി. തുടര്‍ച്ചയായ രണ്ട് ഇന്നിങ്‌സില്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ ബാറ്റര്‍, രണ്ട് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ്കീപ്പര്‍, ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ ഇന്ത്യന്‍ ബാറ്റര്‍ അങ്ങനെ!

മാര്‍ക്രം എറിഞ്ഞ കളിയുടെ രണ്ടാം ഓവറില്‍ സഞ്ജു ആദ്യ ബൗണ്ടറി നേടുമ്പോള്‍ ചങ്ക് ഒന്ന് പാളി, കാരണം ബാറ്റിന്റെ താഴത്തെ എഡ്ജില്‍ തട്ടിയ ബോള്‍ ഫീല്‍ഡറെ മറികടന്നത് വളരെ ചെറിയ ഒരു മാര്‍ജിനില്‍ ആയിരുന്നു. 14 പന്ത് ആയപ്പോള്‍ 28 നേടിയ താരം പിന്നെ ചെറുതായി ഒന്ന് സ്ലോ ആയി സ്ട്രൈക്ക് റേറ്റ് ഡൗണ്‍ ആയി വീണ്ടും സമ്മര്‍ദ്ധത്തിലായോ എന്ന് സംശയം വന്നു എങ്കിലും എന്‍കാബ പീറ്ററിനെതിരെ തുടരെ രണ്ട് സിക്‌സ് നേടി 27 പന്തില്‍ 50 എത്താന്‍ സാധിച്ചു. സൗത്ത് ആഫ്രിക്കന്‍ ടീമില്‍ പീറ്റര്‍ പുതിയത് ആണെങ്കിലും T20 സര്‍ക്യൂട്ടില്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് പേര് നേടിയ ബൗളറാണ്. സഞ്ജുവിന്റെ സെഞ്ചുറി വരുന്നത് 47മത് പന്തിലാണ്. സ്പിന്നര്‍മാരെയും പേസര്‍മാരെയും ഒരു പോലെ ടൈമിങ്ങിലൂടെ സഞ്ജു ബൗണ്ടറിക്ക് വെളിയില്‍ എത്തിച്ചു, 10 സിക്‌സും 7 ഫോറും. അവസാന 25 പന്തില്‍ സഞ്ജു നേടിയത് 69 റണ്‍സാണ്!

ഈ 4 മത്സര പരമ്പരയില്‍ നിന്ന് 300 റണ്‍സ് എങ്കിലും നേടാന്‍ സഞ്ജുവിന് കഴിഞ്ഞാല്‍, അടുത്തൊരു T20I സ്‌ക്വാഡ് ഇടുമ്പോള്‍ അധികം ഒന്നും ചിന്തിക്കാതെ ടീം ഷീറ്റില്‍ ഓപ്പണര്‍ സ്ഥാനത്ത് സഞ്ജുവിന്റെ പേരെഴുതാന്‍ സെലക്ടേഴ്‌സ് നിര്‍ബന്ധിതരാവും. അതിന് അദ്ദേഹത്തിന് കഴിയും എന്ന് പ്രത്യാശിക്കാം. പിന്നെ തന്റെമേല്‍ അത്രയും വിശ്വാസമര്‍പ്പിക്കുന്ന ഒരു ക്യാപ്റ്റനും കോച്ചും ഉള്ളത് സഞ്ജുവിന് സാഹചര്യങ്ങള്‍ അനുകൂലമാക്കിയേക്കും.

logo
The Fourth
www.thefourthnews.in