ഖത്തറിന്റെ വഴിയേ സൗദിയും; കായിക മേഖലയിൽ നടത്തുന്നത് വൻ നിക്ഷേപങ്ങൾ
കായിക രംഗങ്ങളിൽ വൻ നിക്ഷേപങ്ങൾ നടത്തുകയാണ് അറബ് ലോകം. ഇരുപത്തിരണ്ടാമത് ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ച ഖത്തറിന് പിന്നാലെ സൗദിയാണ് സ്പോർട്സിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്തി മുന്നോട്ട് വരുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നമായതും കടുത്ത നിയമവ്യവസ്ഥകളും നിയന്ത്രണങ്ങളും നിലനില്‍ക്കുന്നതുമായ രാജ്യങ്ങളിലൊന്നുമായ സൗദിയുടെ മുഖം മിനുക്കാൻ തന്നെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ തീരുമാനിച്ചിരിക്കുകയാണ്.
ഫുടബോൾ ലോകം അടക്കിവാണ യൂറോപ്യൻ ലീഗുകളെ മറികടന്ന് വമ്പൻ താരങ്ങൾ അറബ് ലീഗുകളിൽ എത്തുന്നതോടെ ലോകമെമ്പാടുമുള്ള ആരാധകരുടെ ശ്രദ്ധ അറബ് ലോകത്താണ്. ദിവസങ്ങൾക്ക് മുൻപാണ് സൗദി ഫുട്ബോൾ ക്ലബ് അൽ ഹിലാൽ 400 മില്യൺ ഡോളർ നൽകി ബ്രസീലിയന്‍ സൂപ്പർ താരം നെയ്മറിനെ സ്വന്തമാക്കിയത്. നേരത്തെ സൗദി ക്ലബ് അൽ-നാസർ സമാനമായി വമ്പൻ തുക മുടക്കി പോര്‍ചുഗല്‍ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയിരുന്നു. ക്രിസ്റ്റിയാനോയ്ക്കു പിന്നാലെ കരീം ബെന്‍സേമ, റോബര്‍ട്ടോ ഫിര്‍മിനോ, എന്‍ഗോളോ കാന്റെ, ഹക്കീം സിയെച്ച്, ബെര്‍നാഡോ സില്‍വ, കലിഡോ കൗലിബാലി തുടങ്ങി ഒരുപിടി സൂപ്പര്‍ താരങ്ങളാണ് സൗദിയില്‍ പറന്നിറങ്ങിയത്. ഏറ്റവും ഒടുവിലാണ് നെയ്മറിന്റെ വരവ്. ഇനിയും കൂടുതല്‍ താരങ്ങളെ എത്തിക്കാനാണ് സൗദി ക്ലബുകളുടെ നീക്കം. നേരത്തെ അര്‍ജന്റീന്‍ ഇതിഹാസം ലയണല്‍ മെസിക്കും ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയ്ക്കും വരെ വിലപറഞ്ഞ് സൗദി ക്ലബുകള്‍ രംഗത്തെത്തിയിരുന്നു. അങ്ങനെ ചൈനക്ക് പിന്നാലെ ഫുട്ബോൾ ലോകത്തെ വീണ്ടും ഏഷ്യയിലേക്ക് നയിക്കുകയാണ് സൗദി.
700 ബില്യൺ ഡോളറിലധികം ആസ്തിയുള്ള സൗദി അറേബ്യ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) 2021-ന്റെ തുടക്കം മുതൽ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുമായി ചേർന്ന് ഇത്തരം സ്‌പോർട്‌സ് ഡീലുകളിൽ 6.3 ബില്യൺ ഡോളർ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് കണക്ക്. പിഐഎഫ് നേരത്തെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മുന്‍നര ക്ലബായ ന്യൂകാസില്‍ യുണൈറ്റഡിനെ സ്വന്തമാക്കിയിരുന്നു.
2010 ലാണ് ഇരുപത്തിരണ്ടാമത് ഫിഫ ലോകകപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കുമെന്ന് തീരുമാനം ഉണ്ടാകുന്നത്. ഫുട്ബോൾ ആസ്വദിക്കാൻ ലോകത്തെ മുഴുവൻ സ്വാഗതം ചെയ്യത്തക്ക വിധമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ അന്ന് ഖത്തിറിനില്ലായിരുന്നു.എന്നാൽ പിന്നീട് ഖത്തറിന്റെ വളർച്ച അതിവേഗമായിരുന്നു. പല സംസ്കാരങ്ങളിൽ ഉള്ളവരെ ഉൾക്കൊണ്ട് ഫുട്ബോൾ മാമാങ്കത്തെ വരവേൽക്കാൻ 2022 ആയപ്പോഴേക്കും ഖത്തർ പൂർണമായി സജ്ജമായി. ഒടുവില്‍ ഫിഫയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ലോകകപ്പിനാണ് അവര്‍ ആതിഥ്യമരുളിയത്. അതിനേക്കാൾ വേഗത്തിലാണ് സൗദിയുടെ വളർച്ച. കായിക രംഗങ്ങളിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്തുകയും രാജ്യത്തിന്റെ മുഖം മാറ്റാനായി നിരവധി പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നത് അതിവേഗത്തിലാണ്.
കായിക വിനോദങ്ങളുടെ പ്രോത്സാഹനത്തോടൊപ്പം അറബ് ലോകത്ത് വന്ന സാമൂഹിക മാറ്റങ്ങളും കാണാതെ പോവേണ്ടതല്ല. സ്ത്രീകളുടെ അവകാശങ്ങൾക്ക് വിലങ് തടിയാകുന്ന രൂപത്തിൽ അറബ് രാജ്യങ്ങളിൽ നിലനിന്ന് പോന്ന നിയമങ്ങളിൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾ കൊണ്ട് നിരവധി മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഭാഗമായി സൗദിയിൽ ജിമ്മുകൾ തുറക്കുകയും പെൺകുട്ടികൾക്കായി കായിക വിനോദങ്ങൾ വിപുലീകരിക്കുകയും ചെയ്തിരുന്നു. വിവാഹം കഴിക്കാതെ സ്ത്രീക്കും പുരുഷനും ഒരുമിച്ച് ജീവിക്കാൻ പാടില്ല എന്ന് നിയമമുള്ള സൗദിയിൽ റൊണാൾഡോയും പങ്കാളിയും എത്തിയതോടെ അൽപ്പം അയവ് വന്നു. മദ്യ ഉപഭോഗത്തിലും ഈ സ്വാധീനം നമുക്ക് കാണാം. ഇത്തരത്തിൽ ശക്തമായ നിയമങ്ങളിൽ അയവ് വരുന്നതും നമുക്ക് കാണാം.
പരമ്പരാഗതമായി രാജ്യത്ത് നിലനിന്നുപോരുന്ന കർശന നിയമങ്ങളിൽ അയവ് വരുത്തി, വൻ തോതിലുള്ള നിക്ഷേപണങ്ങൾ നടത്തി ഇത്തരമൊരു നീക്കം സൗദി നടത്തുന്നതിന് പിന്നിലുള്ള യഥാർത്ഥ ഉദ്ധേശമെന്താണ് ? അത് രാജ്യത്ത് കായിക മേഖലയുടെ സ്വാധീനം വളർത്തുക എന്നതിലുപരി രാജ്യത്തിന്റെ ഭാവി കൂടി മുന്നിൽ കണ്ടുള്ള നീക്കമാണ്. ഭാവിയിൽ രാജ്യത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായ ഓയിൽ വ്യാപാരത്തിൽ ഇടിവ് വരുകയും ലോകം ഹൈഡ്രോകാർബണിലേക്ക് മാറുകയും ചെയ്യുന്ന ഭാവിയെ രക്ഷിക്കുക എന്നതും മുന്നില്‍ക്കണ്ടാണ് അവരുടെ നീക്കം. 'സ്‌പോര്‍ട്‌സ് ടൂറിസം' വളർത്തിയെടുത്ത് ഒരു ഹബ്ബ് ആവുക എന്നതാണ് ലക്ഷ്യം. രാജ്യത്തിന്റെ ബദൽ സാമ്പത്തിക സ്രോതസായി സ്പോർട്സ് ടൂറിസത്തെ വളർത്തുക. വരാനിരിക്കുന്ന പ്രതിസന്ധികളെ കൃത്യമായി മുന്നിൽ കണ്ട് സൗദി തയ്യാറാക്കിയ പദ്ധതി കൂടിയാണ് ഇപ്പോൾ നടക്കുന്ന നിക്ഷേപണങ്ങളിൽ ഭൂരിഭാഗവും.