നാലു ലോക കിരീടങ്ങള്‍, 53 ജയങ്ങള്‍; ഒടുവില്‍ വെറ്റല്‍ 'ഡ്രൈവിങ്' നിര്‍ത്തുന്നു

നാലു ലോക കിരീടങ്ങള്‍, 53 ജയങ്ങള്‍; ഒടുവില്‍ വെറ്റല്‍ 'ഡ്രൈവിങ്' നിര്‍ത്തുന്നു

ഈ സീസണ്‍ അവസാനത്തോടെ റേസ് ട്രാക്കിനോടു വിടപറയുമെന്നു വെളിപ്പെടുത്തല്‍.
Updated on
2 min read

അതി'വേഗതയില്‍' പാഞ്ഞുപോയ ഒന്നര പതിറ്റാണ്ടുകള്‍. 15 വര്‍ഷത്തെ കരിയറിനിടയില്‍ നാലു ലോക കിരീടങ്ങള്‍, 53 ജയങ്ങള്‍... ഒടുവില്‍ ഡ്രൈവിങ് സീറ്റില്‍ നിന്നിറങ്ങാന്‍ തീരുമാനമെടുത്തു സെബാസ്റ്റിയന്‍ വെറ്റല്‍. ഈ സീസണ്‍ അവസാനത്തോടെ റേസ് കോര്‍ട്ടിനോടു വിടപറയുമെന്ന് ബ്രിട്ടീഷ് ടീം ആസ്റ്റണ്‍ മാര്‍ട്ടിന്റെ സൂപ്പര്‍ താരം വ്യക്തമാക്കി.

53 ഗ്രാൻഡ്പ്രീ വിജയവും, 57 പോൾ പൊസിഷനും സ്വന്തം പേരിൽ ഇതിനോടകം വെറ്റൽ ചേര്‍ത്ത്‌ കഴിഞ്ഞു. കൂടുതൽ വിജയങ്ങളുടെ എണ്ണത്തിൽ ഹാമിൽട്ടണും, ഷൂമാക്കറിനും പിന്നിലാണ് വെറ്റലിന്റെ സ്ഥാനം. ഇൻസ്റ്റാഗ്രാം വഴിയാണ് വെറ്റൽ വിരമിക്കൽ പ്രഖ്യാപിച്ചത്. ഇത് വരെ സാമൂഹ്യമാധ്യമങ്ങളിൽ ഇല്ലാതിരുന്ന വെറ്റലിന്റെ ആദ്യ പോസ്റ്റ് തന്നെ വിരമിക്കല്‍ പ്രഖ്യാപനമായെന്നതും യാദൃശ്ചികമായി.

2006ൽ ബി എം ഡബ്ല്യൂവിന്റെ മൂന്നാം ഡ്രൈവറായാണ് വെറ്റലിന്റെ എഫ് വൺ പ്രവേനം. 2007ൽ അമേരിക്കൻ ഗ്രാൻഡ്പ്രീയിലാണ് അരങ്ങേറ്റം. ടീമിന്റെ പ്രധാന ഡ്രൈവർമാരിലൊരാളായ റോബർട്ട് ക്യുബികയ്ക്ക്‌ പരിക്കേറ്റതോടെയാണ് ട്രാക്കിലിറങ്ങാൻ അവസരം കിട്ടിയത്.

സീസൺ അവസാനത്തോടെ കൂട് മാറിയ വെറ്റൽ ഒരു വർഷക്കാലം റോസ്സോയ്ക്ക് വേണ്ടി മത്സരിച്ചു. ജപ്പാൻ ഗ്രാൻഡ്പ്രീയിൽ മൂന്നാമതെത്തിയതോടെ തന്റെയും ടീമിന്റെയും ആദ്യ പോഡിയം ഫിനിഷ്‌ കുറിച്ചു. ആ സീസണില്‍ ഇറ്റാലിയൻ ഗ്രാൻഡ്പ്രീയിൽ ഒന്നാമതെത്തിയതോടെ ഫോർമുല വണ്ണിലെ ആദ്യ ജയം നേടി. അതോടെ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ച പറ്റിയ വെറ്റലിന് ജർമൻ മാധ്യമങ്ങൾ 'കുഞ്ഞു ഷുമി' എന്ന ഓമനപ്പേര് കൊടുത്തു.

സെബാസ്റ്റ്യൻ വെറ്റലും മൈക്കിൾ ഷൂമാക്കറും
സെബാസ്റ്റ്യൻ വെറ്റലും മൈക്കിൾ ഷൂമാക്കറും
സെബാസ്റ്റ്യൻ വെറ്റൽ
സെബാസ്റ്റ്യൻ വെറ്റൽ

കുഞ്ഞുന്നാളിൽ ഗായകനാകാൻ ആഗ്രഹിച്ച വെറ്റലിനെ റേസിംഗ് ട്രാക്കിലേക്ക് എത്തിച്ച ആരാധനാപാത്രമായിരുന്നു മൈക്കിൾ ഷൂമാക്കര്‍. 2009ൽ റെഡ്ബുൾ റേസിങ് ടീമിന് വേണ്ടി മത്സരിക്കാനിറങ്ങിയ വെറ്റലിന്റെ സുവർണ കാലഘട്ടമായിരുന്നു അടുത്ത അഞ്ച് വർഷകാലം. ആദ്യ സീസണിൽ ചൈനയിൽ ജയിച്ച തുടങ്ങിയ വെറ്റൽ ജപ്പാനിലും, ബ്രിട്ടനിലും, അബുദാബിയിലും വിജയം ആവർത്തിച്ചു. 2010ൽ പതിനഞ്ച് പോയിന്റ് വ്യത്യാസത്തിൽ ചാമ്പ്യന്‍ഷിപ്പ്‌ നേടി. 2011 സീസണിൽ ഏറ്റവും കൂടുതൽ പോള്‍ പൊസിഷന്‍(15) നേടി. അതിൽ പതിനൊന്ന് വിജയവും സ്വന്തമാക്കി അക്കൊല്ലവും ചാമ്പ്യന്‍ഷിപ്പ്‌ സ്വന്തമാക്കി. അടുത്ത കൊല്ലാതെ ചാമ്പ്യന്‍ഷിപ്പ്‌ നേട്ടത്തോടെ മൂന്ന് വട്ടം ലോകചാമ്പ്യൻ ആകുന്ന പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡും വെറ്റൽ നേടി. 2013ൽ റെഡ്ബുള്ളിലെ തന്റെ അവസാന സീസണിൽ ഒൻപത് തുടർജയങ്ങളുടെ അകമ്പടിയോടെയാണ് ആ കൊല്ലവും ചാമ്പ്യനായത്. തുടർച്ചയായി നാലാം തവണ ആയിരുന്നു വെറ്റൽ ലോകചാമ്പ്യൻ പട്ടം നേടുന്നത്.

സെബാസ്റ്റ്യൻ വെറ്റൽ തന്റെ കാറിനെ വണങ്ങുന്നു
സെബാസ്റ്റ്യൻ വെറ്റൽ തന്റെ കാറിനെ വണങ്ങുന്നു

ഫെരാരിയെ നഷ്ടപ്രതാപത്തിലേക്ക് തിരികെ കൊണ്ട് വരുക എന്ന ലക്ഷ്യത്തോടെയാണ് വെറ്റലിനെ 2014ൽ അവരുടെ കൂടാരത്തിലെത്തിക്കുന്നത്. സീസണിലെ രണ്ടാമത്തെ റേസിൽ തന്നെ ഒന്നാമതെത്തി രണ്ടു വർഷത്തെ ഫെരാരിയുടെ വിജയ വരൾച്ചയ്ക്ക് വിരാമമിട്ടതോടെ പ്രതീക്ഷകൾ സജീവമായി. എന്നാൽ തുടർന്നുള്ള റേസുകളിൽ മികവ് നിലനിർത്താനാകാതെ മൂന്നാം സ്ഥാനത്തേക്ക് വീണു. 2015ൽ ഏഴ് തവണ മാത്രമാണ് വെറ്റലിന് പോഡിയം ഫിനിഷ് നേടാൻ സാധിച്ചത്. 2016ൽ ഒരു വിജയം പോലും ആകാതെ സീസൺ അവസാനിപ്പിച്ച വെറ്റൽ 2017ൽ മികച്ച രീതിയിൽ തിരിച്ചു വന്നെങ്കിലും ചാമ്പ്യൻഷിപ് കിരീടം വെട്ടലിൽ നിന്ന് അകന്ന് നിന്നു.

2018 ൽ തന്റെ കരിയറിലെ അമ്പതാമത്തെ വിജയം കാനഡയിൽ വെറ്റൽ സ്വന്തമാക്കി. ഹാമിൽട്ടണുമായുള്ള മത്സരത്തിനൊടുവിൽ വെറ്റൽ ആ വർഷവും കിരീടം കൈവിട്ടു. 2019-20 ലെ നിരാശാൻജനകമായ സീസണോടെ ഫെരാരി വിട്ട വെറ്റൽ 2021ലാണ് ആസ്റ്റൺ മാർട്ടിനിൽ എത്തിയത്. എന്നാൽ ആ സീസൺ പന്ത്രണ്ടാമനായാണ് വെറ്റൽ അവസാനിപ്പിച്ചത്. ഈ സീസണിന്റെ ആദ്യ രണ്ട് മത്സരങ്ങളും കോവിഡ് മൂലം നഷ്ട്ടമായ വെറ്റൽ ഇനിയുള്ള മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത്‌ ട്രാക്കിനോട് വിട പറയാനാകും ശ്രമിക്കുന്നത്.

logo
The Fourth
www.thefourthnews.in