ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനെതിരായ പീഡനാരോപണം; അന്വേഷണത്തിന് ഏഴംഗ സമിതി
ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ്ങിനും പരിശീലകര്‍ക്കുമെതിരായ പീഡനാരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഏഴംഗ സമിതിക്ക് രൂപം നല്‍കി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍. വെള്ളിയാഴ്ച വൈകി നടന്ന ഐഒഎയുടെ അടിയന്തര എക്‌സിക്യൂട്ടീവ് യോഗത്തിലാണ് എം സി മേരി കോമും യോഗേശ്വര്‍ ദത്തും ഉള്‍പ്പടെയുള്ള ഏഴംഗ കമ്മിറ്റിയെ തീരുമാനിച്ചത്. ഇവരെക്കൂടാതെ അമ്പെയ്ത്ത് താരം ഡോല ബാനര്‍ജി, ഭാരോദ്വഹന ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് സഹദേവ് യാദവ് എന്നിവരും അന്വേഷണ സമിതിയിലുണ്ട്. അഭിനവ് ബിന്ദ്ര, യോഗേശ്വര്‍, ഐഒഎ പ്രസിഡന്റ് പി ടി ഉഷ, ജോയിന്റ് സെക്രട്ടറി കല്യാണ്‍ ചൗബേ എന്നിവര്‍ പങ്കെടുത്ത ഐഒഎയുടെ അടിയന്തര എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.
അമ്പെയ്ത്ത് താരം ഡോല ബാനര്‍ജി, ഭാരോദ്വഹന ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് സഹദേവ് യാദവ് എന്നിവരും അന്വേഷണ സമിതിയിലുണ്ട്.
ഇന്ത്യന്‍ ക്യാമ്പിലുള്ള വനിതാ ഗുസ്തി താരങ്ങളെ ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷനും പരിശീലകരും വര്‍ഷങ്ങളായി ലൈംഗികമായി ഉപദ്രവിച്ചുവെന്നും ഇന്ത്യന്‍ റെസ്ലിങ് ഫെഡറേഷന്‍ ഇതിന് കൂട്ടുനിന്നുവെന്നും തനിക്കു നേരേ വധഭീഷണി മുഴക്കിയെന്നും ഗുസ്തി താരം വിനേഷ് ഫോഗാട്ടാണ് ആരോപിച്ചത്. ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ മറ്റ് ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തിയാണ് താരം ആരോപണം ഉന്നയിച്ചത്. പിന്നാലെ, പ്രതിഷേധം ശക്തമാകുകയായിരുന്നു.
അതിനിടെ, കായിക താരങ്ങള്‍ ഇന്ന് വീണ്ടും കായിക മന്ത്രി അനുരാഗ് താക്കൂറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ രണ്ടാം റൗണ്ട് ചര്‍ച്ചയും വിജയകരമായില്ല. ശരണ്‍ സിങ്ങിനെതിരെ ഒന്നിലധികം പരാതികള്‍ നല്‍കുമെന്ന് താരങ്ങള്‍ അറിയിച്ചിരുന്നു. സിങ്ങിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സമിതി രൂപീകരിക്കണമെന്ന ആവശ്യവുമായി പ്രതിഷേധക്കാര്‍ ഐഒഎയെ സമീപിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് അന്വേഷണ സമിതി രൂപീകരിച്ചത്.
വിനേഷ് ഫോഗട്ട്, ബജറംഗ് പൂനിയ, സാക്ഷി മാലിക്, രവി ദാഹിയ, ദീപക് പൂനിയ എന്നിവരുള്‍പ്പടെയുള്ള പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്താനും ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള തെളിവുകള്‍ പരിശോധിക്കാനും സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിക്രമത്തിന് ഇരയായവരുടെ പേരുകള്‍ സമിതിയോട് രഹസ്യമായി വെളിപ്പെടുത്തിയാല്‍ അവരെ കാണാനും അംഗങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, സമിതി റിപ്പോര്‍ട്ട് ഐഒഎയ്ക്ക് സമര്‍പ്പിക്കാനുള്ള സമയപരിധി നിശ്ചയിച്ചിട്ടില്ല. വിഷയത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ പ്രതിഷേധം അവസാനിപ്പിക്കാന്‍ ഗുസ്തിക്കാരെ ബോധ്യപ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ നടത്തും.
സമിതി റിപ്പോര്‍ട്ട് ഐഒഎയ്ക്ക് സമര്‍പ്പിക്കാനുള്ള സമയപരിധി നിശ്ചയിച്ചിട്ടില്ല
പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത് പ്രകാരം ഗുസ്തി ഫെഡറേഷന്‍ പിരിച്ചുവിടാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്നും അത് ഗ്ലോബല്‍ ഗവേണിങ് ബോഡിയായ യുണൈറ്റഡ് വേള്‍ഡ് റെസലിങ്ങിന് മാത്രമേ സാധിക്കൂ എന്നും ഐഒഎ ചൂണ്ടിക്കാട്ടി. കായികമന്ത്രാലയം, ഐഒഎ, സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയുമായി ചര്‍ച്ച ചെയ്യുന്നതിന് മുന്‍പേ ഗുസ്തി താരങ്ങള്‍ അവരുടെ പരാതി പരസ്യമായി അറിയിച്ചതില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അതൃപ്തിയും പ്രകടിപ്പിച്ചു.
എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരത്തില്‍ നിന്നും പിന്മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് താരങ്ങള്‍. പരാതിക്ക് പിന്നാലെ ജീവന് ഭീഷണി ഉയരുന്നുണ്ടെന്നും താരങ്ങള്‍ പറഞ്ഞു. ജന്തർ മന്തറില്‍ പ്രതിഷേധം വെള്ളിയാഴ്ച മൂന്നാം ദിവസം പിന്നിട്ടു. അതേസമയം, ജനുവരി 22ന് നടക്കുന്ന ഗുസ്തി ഫെഡറേഷന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ശരണ്‍ സിങ് ആരോപണങ്ങള്‍ക്ക് മറുപടി പറയുമെന്ന് അറിയിച്ചിട്ടുണ്ട്.