ചെസ് മേഖലയില്‍ ലിംഗവിവേചനവും സ്ത്രീവിരുദ്ധതയും രൂക്ഷമോ? ദിവ്യ ദേശ്‌മുഖിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ചർച്ചയാകുന്നു
"സ്ത്രീകള്‍ ചെസ് കളിക്കുമ്പോള്‍ അവരുടെ മികവിന് അർഹമായ പരിഗണന ലഭിക്കുന്നില്ല. പകരം അവരുടെ വസ്ത്രം, മുടി, സംസാരശൈലി തുടങ്ങിയ അപ്രസക്തമായ കാര്യങ്ങളിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്നത്. ഇത് തീർത്തും നിരാശ നല്‍കുന്ന ഒന്നാണ്,'' അന്താരാഷ്ട്ര ചെസ് മാസ്റ്ററും ഇന്ത്യന്‍ താരവുമായ ദിവ്യ ദേശ്‌മുഖ് കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിന്റെ ഒരു ഭാഗമാണിത്. കായിക രംഗത്ത് സ്ത്രീകളോടുള്ള മനോഭാവത്തെക്കുറിച്ച് ചൂണ്ടിക്കാണിക്കണമെന്നുള്ള ഏറെ നാളത്തെ ചിന്തയാണ് കുറിപ്പിന് പിന്നിലെന്നും ദിവ്യ വ്യക്തമാക്കിയിട്ടുണ്ട്.
പലമേഖലകളിലും താരങ്ങള്‍ നേരിടുന്ന ലിംഗവിവേചനം വലിയ തോതില്‍ ഇന്ന് ചർച്ച ചെയ്യപ്പെടുന്നുണ്ട്. പക്ഷേ, ചെസിന്റെ കാര്യത്തില്‍ വളരെ കുറവായിരുന്നു ലിംഗവിവേചനം. ആരാധകരുടേയും പുരുഷതാരങ്ങളുടേയും സ്ത്രീകളോടുള്ള മനോഭാവത്തെക്കുറിച്ചുള്ള ഒരു തുറന്ന സംഭാഷണത്തിന് ദിവ്യയുടെ പോസ്റ്റ് വഴിവെച്ചിരിക്കുകയാണെന്നാണ് ലോകത്തിലെ ആദ്യ വനിത ഗ്രാന്‍ഡ് മാസ്റ്ററായ സൂസന്‍ പോള്‍ഗാർ അന്താരാഷ്ട്ര മാധ്യമമായ ബിബിസിയോട് പറഞ്ഞത്.
തന്റെ പതിനാലാം വയസു മുതല്‍ വിദ്വേഷ കമന്റുകള്‍ നേരിടുന്നതാണെന്ന് ദിവ്യ ദേശ്‌മുഖ് ബിബിസിയോട് പറഞ്ഞു. മറ്റ് കാര്യങ്ങള്‍ക്ക് നല്‍കുന്ന ശ്രദ്ധ തന്റെ ചെസിലെ മികവിന് നല്‍കുന്നില്ല എന്നത് വിഷമിപ്പിക്കുന്ന ഒന്നാണെന്നും ദിവ്യ കൂട്ടിച്ചേർത്തു.
ഓണ്‍ലൈന്‍ ടൂർണമെന്റുകള്‍ വർധിച്ചതും മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ് ആരംഭിച്ചതിനും പിന്നാലെ പുരുഷ പ്രേഷകരില്‍ സ്ത്രീവിരുദ്ധ പരാമർശങ്ങള്‍ വർധിക്കുന്നുണ്ടെന്ന് കായിക എഴുത്തുകാരിയായ സൂസന്‍ നൈനാന്‍ പറഞ്ഞു. ഇത്തരം മനോഭാവങ്ങള്‍ ലിംഗവിവേചനത്തിന്റെ തീവ്രത വർധിപ്പിക്കുമെന്നും യുവതാരങ്ങളുടെ ആത്മവിശ്വാസം ഇല്ലാതാക്കുമെന്നും സൂസന്‍ കൂട്ടിച്ചേർത്തു.
ലിംഗ സന്തുലിതാവസ്ഥയുടെ കാര്യത്തില്‍ ചെസ് ഏറെ പിന്നിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര ചെസ് ഫെഡറേഷന്റെ കണക്കുപ്രകാരം ആഗോളതലത്തില്‍ ലൈസന്‍സുള്ള കളിക്കാരില്‍ 10 ശതമാനം മാത്രമാണ് സ്ത്രീകളുള്ളത്. ഇന്ത്യയുടെ 84 ഗ്രാന്‍ഡ് മാസ്റ്റർമാരില്‍ മൂന്ന് പേർ മാത്രമാണ് വനിതകള്‍. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മതിയായ അവസരങ്ങള്‍ ലഭിക്കുന്നില്ല എന്നാണ് ചെസ് വിദഗ്ദരും താരങ്ങളും ചൂണ്ടിക്കാണിക്കുന്ന പ്രധാന കാരണം. ചെസില്‍ കൂടുതല്‍ മികവ് പുലർത്താന്‍ കഴിയുന്നത് പുരുഷന്മാർക്കാണെന്ന് ഒരു ചിന്താഗതി സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെന്ന് സൂസനും ചൂണ്ടിക്കാണിച്ചു.
തന്റെ ചെസ് കരിയറിന് ഉയർച്ച ലഭിക്കാത്തത് മതിയായ പിന്തുണ ലഭിക്കാത്തതുകൊണ്ടായിരുന്നെന്ന് പരിശീലകകൂടിയായ നന്ദിനി സാരിപ്പള്ളി പറഞ്ഞു. പരിശീലകയെന്ന നിലയ്ക്കും തിരിച്ചടി നേരിടുന്നുണ്ടെന്നാണ് നന്ദിനി പറയുന്നത്. പ്രധാനമായും സ്ത്രീകളില്‍ മറ്റുള്ളവർക്ക് വിശ്വാസമില്ലെന്നാണ് നന്ദിനിയുടെ ആരോപണം. സ്ത്രീയായതുകൊണ്ട് തന്നെ പുരുഷതാരങ്ങള്‍ക്ക് എളുപ്പത്തില്‍ പരാജയപ്പെടുത്താനാകുമെന്ന ചിന്താഗതി നിലനില്‍ക്കുന്നതായും പലതവണ സമൂഹ മാധ്യമങ്ങളില്‍ നിന്ന് ഇത്തരം പരാമർശങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.