ആഭ്യന്തര, അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ച് ശിഖർ ധവാൻ
രാജ്യാന്തര, ആഭ്യന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ താരം ശിഖർ ധവാൻ. സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച വിഡിയോയിലൂടെയായിരുന്നു പ്രഖ്യാപനം. കരിയറിൽ ഉടനീളം നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും എല്ലാവരോടും നന്ദിയും അദ്ദേഹമറിയിച്ചു. 2022 ഡിസംബറിൽ നടന്ന ബംഗ്ലാദേശ് ഏകദിന സീരിസിലാൻ ധവാൻ അവസാനമായി ഇന്ത്യൻ കുപ്പായമണിഞ്ഞത്.
"ഇന്ത്യക്കുവേണ്ടി കളിക്കുകയെന്ന ലക്ഷ്യം എപ്പോഴും എൻ്റെ മനസിലുണ്ടായിരുന്നു. കഥ മുന്നോട്ടുവായിക്കണമെങ്കിൽ താളുകൾ മറിക്കേണ്ടതുണ്ട്. അതാണ് ഞാൻ ഇപ്പോൾ ചെയ്യുന്നത്. അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റിൽനിന്ന് ഞാൻ വിരമിക്കുന്നതായി പ്രഖ്യാപിക്കുന്നു," വീഡിയോയിൽ ശിഖർ ധവാൻ പറയുന്നു. രാജ്യത്തിനായി ഒരുപാട് കളിച്ചുവെന്നതിൽ സംതൃപ്തനാണ്. അവസരങ്ങൾ തന്നതിന് ബി സി സി ഐക്കും ഡൽഹി ക്രിക്കറ്റ് അസോസിയേഷനോടും നന്ദിയെന്നും ശിഖർ ധവാൻ പറഞ്ഞു.
ഏകദിന ഫോർമാറ്റിൽ ഇന്ത്യയുടെ മികച്ച ഓപ്പണിങ് ബാറ്റർമാരിൽ ഒരാളായിരുന്നു ശിഖർ ധവാൻ. ഡൽഹിക്കാരനായ താരം, വിശാഖപട്ടണത്ത് നടന്ന ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തിലാണ് അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുന്നത്. അന്നുപക്ഷേ നേരിട്ട രണ്ടാമത്തെ പന്തിൽ തന്നെ പുറത്തായ ധവാൻ പിന്നീട് 2013ലാണ് ടീമിൽ തിരിച്ചെത്തുന്നത്. തുടർന്നുള്ള ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ മൂന്ന് ഫോർമാറ്റുകളിലും താരം ടീമിൽ സ്ഥാനമുറപ്പിച്ചു.
2013 മാർച്ച് 16ന് ടെസ്റ്റ് അരങ്ങേറ്റത്തിൽ 85 പന്തിൽ സെഞ്ച്വറി നേടി ചരിത്രം കുറിച്ചിരുന്നു. ടെസ്റ്റ് അരങ്ങേറ്റത്തിൽ ഏറ്റവും വേഗമേറിയ സെഞ്ച്വറി എന്ന റെക്കോർഡായിരുന്നു അത്. 2013-ലും 2017-ലും ചാമ്പ്യൻസ് ട്രോഫിയുടെ ബാക്ക് ടു ബാക്ക് എഡിഷനുകളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതിനുള്ള 'ഗോൾഡൻ ബാറ്റ്' ബഹുമതിയും താരം സ്വന്തമാക്കിയിരുന്നു.
ഇന്ത്യയ്ക്കായി ഐസിസി ഏകദിന ടൂർണമെൻ്റുകളിൽ കാഴ്ചവെച്ച മികച്ച പ്രകടനങ്ങൾ 'മിസ്റ്റർ ഐസിസി' എന്ന വിളിപ്പേരും ശിഖർ ധവാന് നേടികൊടുത്തിരുന്നു. 2015 ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും വലിയ റൺ വേട്ടക്കാരനായിരുന്നു ധവൻ. 20 വർഷം നീണ്ട ക്രിക്കറ്റ് ജീവിതത്തിൽ 167 ഏകദിനങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. 6793 റൺസായിരുന്നു സമ്പാദ്യം. കൂടാതെ 68 ടി20കൾ, 34 ടെസ്റ്റ് മത്സരങ്ങൾ എന്നിവയിലും ഇന്ത്യക്കായി കുപ്പായമണിഞ്ഞിട്ടുണ്ട്.