കളിക്കാൻ കേരളത്തിലേക്ക് വരൂ; അർജൻ്റീനയ്ക്ക് ക്ഷണക്കത്തയച്ച് കായികമന്ത്രി

കളിക്കാൻ കേരളത്തിലേക്ക് വരൂ; അർജൻ്റീനയ്ക്ക് ക്ഷണക്കത്തയച്ച് കായികമന്ത്രി

അര്‍ജന്റീന അംബാസിഡറെ നേരിട്ട് ബന്ധപ്പെടുകയും ഫുട്‌ബോള്‍ സഹകരണത്തിനുള്ള താല്പര്യം അറിയിച്ചതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു
Published on

ലോകകപ്പ് ഫുട്‌ബോള്‍ ജേതാക്കളായ അര്‍ജന്റീനയെ കേരളത്തിലേക്ക് ക്ഷണിച്ച് കായിക മന്ത്രി അബ്ദുറഹിമാന്‍. കായിക മന്ത്രി എന്ന നിലയില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെയും അവരുടെ ഫുട്‌ബോള്‍ ഫെഡറേഷനെയും അഭിനന്ദിച്ചതായും ലയണല്‍ മെസ്സിയേയും സംഘത്തേയും കേരളത്തിലേക്ക് ക്ഷണിച്ചതായും കായികമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ലോകജേതാക്കള്‍ വരാന്‍ തയ്യാറായാല്‍ അത് കാല്പന്തിന്റെ വളര്‍ച്ചയ്ക്ക് നല്‍കുന്ന വലിയ പ്രോത്സാഹനവും പ്രചോദനവുമായിരിക്കുമെന്നും അതാണ് കത്തെഴുതാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഖത്തര്‍ ലോകകപ്പ് സമയത്ത് കേരളത്തിലും വലിയ രീതിയില്‍ ഫുട്‌ബോള്‍ ആരവം ഉയര്‍ന്നിരുന്നു. തങ്ങളുടെ ഇഷ്ട ടീമുകളെ പിന്തുണച്ചുകൊണ്ടുള്ള പോസ്റ്ററുകളും കട്ടൗട്ടുകളും ആരാധകര്‍ മത്സരിച്ച് ഉയര്‍ത്തി. കേരളത്തിലെ ആരാധകരുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞുകൊണ്ട് അര്‍ജന്റീനയും ബ്രസീലുമൊക്കെ പോസ്റ്റ് ചെയ്തിരുന്നു. ''ആവേശത്തോടെ കൂടെ നിന്ന ആരാധകര്‍ക്ക് ലോകകിരീട നേട്ടത്തിന് പിന്നാലെ അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ നന്ദി പറഞ്ഞിരുന്നു, അക്കൂട്ടത്തില്‍ അവര്‍ പരാമര്‍ശിച്ച ചുരുക്കം ചില പേരുകളില്‍ ഒന്നാകാന്‍ നമ്മുടെ കേരളത്തിനും കഴിഞ്ഞു. വിവിധ രാജ്യങ്ങള്‍ക്കൊപ്പമാണ് കേരളത്തെ പരാമര്‍ശിച്ചതെന്നും എടുത്ത് പറയണം. ഫുട്‌ബോളിനെ നെഞ്ചേറ്റുന്ന ഓരോ മലയാളികളുടെയും അഭിമാനം വാനോളമുയര്‍ത്തുന്ന സന്ദര്‍ഭമാണ് അത്.'' അബ്ദുറഹിമാന്‍ പറഞ്ഞു.

അര്‍ജന്റീനയുടെ നന്ദി പ്രകടനത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ അര്‍ജന്റീന അംബാസിഡറെ സന്ദര്‍ശിക്കുകയും കേരളത്തിന്റെ ഫുട്‌ബോള്‍ വികസനത്തിനായി അര്‍ജന്റീനയുമായി സഹകരിക്കാനുള്ള താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് മെസ്സിയെയും സംഘത്തേയും കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ട് കായികമന്ത്രിയും കത്തയച്ചത്. അര്‍ജന്റീന അംബാസിഡറെ നേരിട്ട് ബന്ധപ്പെടുകയും ഫുട്‌ബോള്‍ സഹകരണത്തിനുള്ള താല്പര്യം അറിയിച്ചതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

അര്‍ജന്റീന ഇന്ത്യയില്‍ വന്ന് കളിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടും ആ അവസരം നിഷേധിച്ച എഐഎഫ് തീരുമാനത്തെയും അദ്ദേഹം വിമര്‍ശിച്ചു. മത്സരത്തിനുള്ള ചെലവ് താങ്ങാന്‍ കഴിയില്ലെന്നാണ് അര്‍ജന്റീനയുമായുള്ള മത്സരം ഒഴിവാക്കുന്നതിന് കാരണം പറഞ്ഞത്. റാങ്കിങ്ങില്‍ പിന്നിലുള്ള ഇന്ത്യ അര്‍ജന്റീനയോട് കളിച്ചാല്‍ ഫലം ദയനീയമാകുമോ എന്ന ആശങ്കയും എഐഎഫ് പങ്കുവച്ചതായി അദ്ദേഹം പറഞ്ഞു.

അര്‍ജന്റീനയെ പോലൊരു ടീമുമായുള്ള മത്സരത്തിന് പണം കണ്ടെത്തുന്നതിന് പ്രയാസം ഉണ്ടാകുമായിരുന്നില്ല, മെസ്സിയും കൂട്ടരും വരുമെന്ന് അറിഞ്ഞാല്‍ സ്‌പോണ്‍സര്‍മാരുടെ വലിയ ക്യൂ തന്നെ ഉണ്ടായേനെ

അര്‍ജന്റീനയെ പോലൊരു ടീമുമായുള്ള മത്സരത്തിന് പണം കണ്ടെത്തുന്നതിന് പ്രയാസം ഉണ്ടാകുമായിരുന്നില്ല, മെസ്സിയും കൂട്ടരും വരുമെന്ന് അറിഞ്ഞാല്‍ സ്‌പോണ്‍സര്‍മാരുടെ വലിയ ക്യൂ തന്നെ ഉണ്ടായേനെയെന്നും അദ്ദേഹം പറഞ്ഞു. ''പണത്തിനും അപ്പുറം നമ്മുടെ ഗുണഫലം ആരും കാണാന്‍ തയ്യാറായില്ല. ഇന്ന് ഫിഫ റാങ്കിങ്ങില്‍ 101 ആണ് ഇന്ത്യയുടെ സ്ഥാനം, ഫുട്‌ബോള്‍ ഏറെ പ്രൊഫഷണലായി മാറുന്ന കാലമാണിത്. അതിനൊപ്പം നില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നോട്ട് പോക്കായിരിക്കും ഫലം'' അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ലോകത്തെ മുന്‍നിര രാജ്യങ്ങള്‍ പോലും കൊതിക്കുന്ന ഓഫറാണ് ഇന്ത്യ തള്ളിക്കളഞ്ഞതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ''തങ്ങള്‍ക്ക് ലഭിച്ച അതിഗംഭീര പിന്തുണയ്ക്ക് പകരം മെസിയും സംഘവും നല്‍കുന്ന സമ്മാനമായിരുന്നു സൗഹൃദ മത്സരം. ഇന്ത്യന്‍ ഫുട്‌ബോളിന് അത് പകരുന്ന ഉത്തേജനത്തിന്റെ തോത് അളക്കാന്‍ പോലും കഴിയുമായിരുന്നില്ല. അത്തരത്തിലൊരു സുവര്‍ണാവസരമാണ് തട്ടിക്കളഞ്ഞത്'' അബ്ദുറഹ്മാന്‍ ചൂണ്ടിക്കാട്ടി. ഐഎസ്എല്‍ പോലൊരു ശരാശരി ലീഗും അണ്ടര്‍ 17 ലോകകപ്പും കേരളത്തിന് നല്‍കിയ ആവേശം വലുതാണെന്നും അപ്പോള്‍ ലോകത്തെ ഒന്നാം നമ്പര്‍ ടീമായ അര്‍ജന്റീനയുടെ സാന്നിധ്യം ഇന്ത്യന്‍ താരങ്ങളുടെ നിലവാരമുയര്‍ത്തിയേനെ എന്നും മന്ത്രി പറഞ്ഞു.

logo
The Fourth
www.thefourthnews.in