ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്; ശ്രീശങ്കറിന് വെള്ളി, ഒളിമ്പിക് യോഗ്യത

ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്; ശ്രീശങ്കറിന് വെള്ളി, ഒളിമ്പിക് യോഗ്യത

മിന്നും പ്രകടനത്തിലൂടെ അടുത്തവര്‍ഷം ഫ്രാന്‍സ് തലസ്ഥാനമായ പാരീസില്‍ നടക്കുന്ന ഒളിമ്പിക്‌സ് യോഗ്യത ഉറപ്പാക്കാനും ശ്രീശങ്കറിനായി. 8.27 മീറ്റര്‍ ദൂരമാണ് ഒളിമ്പിക്‌സ് യോഗ്യതാ മാര്‍ക്ക്.
Updated on
1 min read

തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നടക്കുന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ ലോങ്ജമ്പില്‍ മലയാളി താരം എം. ശ്രീശങ്കറിനു വെള്ളി. ഇന്നു നടന്ന ഫൈനല്‍ മത്സരത്തില്‍ 8.37 മീറ്റര്‍ താണ്ടിയാണ് ശ്രീ വെള്ളിപ്പതക്കം സ്വന്തമാക്കിയത്. 8.40 മീറ്റര്‍ ദൂരം കണ്ടെത്തിയ ചൈനീസ് തായ്‌പേയ് താരം യു താങ് ലിന്നാണ് സ്വര്‍ണം നേടിയത്.

ഇന്നത്തെ മിന്നും പ്രകടനത്തിലൂടെ അടുത്തവര്‍ഷം ഫ്രാന്‍സ് തലസ്ഥാനമായ പാരീസില്‍ നടക്കുന്ന ഒളിമ്പിക്‌സ് യോഗ്യത ഉറപ്പാക്കാനും ശ്രീശങ്കറിനായി. 8.27 മീറ്റര്‍ ദൂരമാണ് ഒളിമ്പിക്‌സ് യോഗ്യതാ മാര്‍ക്ക്. ഈ സീസണിലെ തന്റെ മികച്ച രണ്ടാമത്തെ ദൂരമാണ് ശ്രീശങ്കര്‍ ഇന്നു കുറിച്ചത്. നേരത്തെ താരം 8.41 മീറ്റര്‍ ദൂരം താണ്ടിയിരുന്നു.

ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ 12-ാം മെഡലാണ് ഇന്ന് ശ്രീശങ്കര്‍ നേടിയത്. ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ മലയാളി താരവുമായി ശ്രീശങ്കര്‍. നേരത്തെ പുരുഷന്മാരുടെ ട്രിപ്പിള്‍ ജമ്പില്‍ മലയാളി താരം അബ്ദുള്ള അബൂബക്കര്‍ സ്വര്‍ണം നേടിയിരുന്നു.

16.92 മീറ്റര്‍ കണ്ടെത്തിയാണ് കോഴിക്കോട് നാദാപുരം സ്വദേശിയായ അബ്ദുല്ല അബൂബക്കര്‍ സ്വര്‍ണമണിഞ്ഞത്. ജപ്പാന്റെ ഇകെഹാത ഹികാരു (16.73 മീ), കൊറിയയുടെ ജാങ്വൂ കിം (16.59 മീറ്റര്‍) എന്നിവരെയാണ് മറികടന്നത്. പുരുഷന്മാരുടെ 1500 മീറ്റര്‍ 3 മിനിറ്റ് 41.51 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അജയ് കുമാര്‍ സരോജ് സ്വര്‍ണം നേടിയത്. ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ താരത്തിന്റെ മൂന്നാം മെഡലാണിത്.

logo
The Fourth
www.thefourthnews.in