ചരിത്രമെഴുതി ശ്രീശങ്കര്‍; വെള്ളിത്തിളക്കത്തില്‍ കേരളം

ചരിത്രമെഴുതി ശ്രീശങ്കര്‍; വെള്ളിത്തിളക്കത്തില്‍ കേരളം

വാശിയേറിയ പോരാട്ടത്തില്‍ തന്റെ അഞ്ചാം ശ്രമത്തില്‍ 8.08 മീറ്റര്‍ താണ്ടിയാണ് ശ്രീശങ്കര്‍ മെഡലണിഞ്ഞത്‌
Updated on
1 min read

ബിര്‍മിങ്ഹാമിലെ കോമണ്‍വെല്‍ത്ത് അത്‌ലറ്റിക്‌സ് വേദിയില്‍ മലയാളിയുടെ വെള്ളിത്തിളക്കം. പ്രതീക്ഷകള്‍ കാത്ത് ഇന്നു പുലര്‍ച്ചെ നടന്ന പുരുഷന്മാരുടെ ലോങ്ജമ്പില്‍ മലയാളി താരം എം. ശ്രീശങ്കര്‍ 8.08 മീറ്റര്‍ താണ്ടി വെള്ളി മെഡലിലേക്കു ചാടിവീണു.

വാശിയേറിയ പോരാട്ടത്തില്‍ തന്റെ അഞ്ചാം ശ്രമത്തിലാണ് ശ്രീശങ്കര്‍ മെഡല്‍പ്പട്ടികയില്‍ ഇടംപിടിച്ചത്. ശ്രീയുടെ അതേ ദൂരം തന്നെ താണ്ടിയ ബഹമാസ് താരം ലക്വാന്‍ നെയ്ന്‍ ശ്രമങ്ങളുടെ ആനുകൂല്യത്തില്‍ സ്വര്‍ണം നേടിയപ്പോള്‍ 8.06 മീറ്റര്‍ കണ്ടെത്തിയ യൊവാന്‍ വാന്‍ വ്യൂറന്‍ വെങ്കലം സ്വന്തമാക്കി.

ആദ്യ ശ്രമത്തില്‍ 7.60 മീറ്റര്‍ താണ്ടിയാണ് ശ്രീശങ്കര്‍ തുടങ്ങിയത്. രണ്ടും മൂന്നും ശ്രമത്തില്‍ ബോര്‍ഡില്‍ കയറാതെ തന്നെ 7.84 മീറ്റര്‍ കണ്ടെത്തിയ ശ്രീയ്ക്കു പക്ഷേ നാലാം ശ്രമം പിഴച്ചു, നേരിയ വ്യത്യാസത്തില്‍ ഫൗള്‍.

എന്നാല്‍ അഞ്ചാം ശ്രമത്തില്‍ അവിശ്വസനീയ പ്രകടനം കാഴ്ചവച്ച ശ്രീശങ്കര്‍ താണ്ടിയത് 8.08 മീറ്റര്‍. ഇതോടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നെങ്കിലും അവസാന ശ്രമം ഫൗളില്‍ കലാശിച്ചതോടെ വെള്ളി മെഡല്‍ കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു.

മേജര്‍ രാജ്യാന്തര മത്സരത്തില്‍ ശ്രീശങ്കര്‍ നേടുന്ന ആദ്യ വലിയ നേട്ടമാണിത്. തന്റെ കരിയറിലെ മികച്ച പ്രകടനമായ 8.36 മീറ്ററിന് അടുത്തെത്താന്‍ കഴിഞ്ഞില്ലെങ്കിലും രാജ്യത്തിന്റെ പ്രതീക്ഷയത്രയും സഫലമാക്കാന്‍ ശ്രീശങ്കറിനായി.

കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ വിഭാഗം ലോങ് ജമ്പില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും ഇതോടെ ശ്രീശങ്കറിന്റെ പേരിലായി. ഇതിനു മുമ്പ് 1978-ല്‍ എം. സുരേഷ് ബാബു വെങ്കല മെഡല്‍ നേടിയിരുന്നു.

2010-ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനു ശേഷം കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ പട്ടികയില്‍ ഇടംപിടിക്കുന്ന ആദ്യ മലയാളി താരം കൂടിയായി ശ്രീശങ്കര്‍.

യോഗ്യതാ റൗണ്ടില്‍ തന്റെ ആദ്യ ശ്രമത്തില്‍ തന്നെ 8.05 മീറ്റര്‍ കണ്ടെത്തിയാണ് ശ്രീശങ്കര്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഇതിനു മുമ്പ് 2018-ല്‍ നടന്ന ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയതാണ് രാജ്യാന്തര തലത്തില്‍ ശ്രീശങ്കറിന്റെ ഏറ്റവും മികച്ച പ്രകടനം.

ഇന്ത്യന്‍ മുന്‍ ട്രിപ്പിള്‍ ജമ്പ് താരം എസ്. മുരളിയുടെയും മുന്‍ അത്‌ലറ്റ് കെ.എസ്. ബിജിമോളുടെയും മകനാണ് ശ്രീശങ്കര്‍ പാലക്കാണ് വിക്‌ടോറിയ കോളജിലെ ബിരുദ വിദ്യാര്‍ഥിയാണ്. ഹെപ്റ്റാത്തലണ്‍ താരമായ സഹോദരി ശ്രീപാര്‍വതിയും കായിക മേഖലയില്‍ത്തന്നെയാണ്.

logo
The Fourth
www.thefourthnews.in