ഫെഡറര്‍ കുടുംബത്തോടൊപ്പം
ഫെഡറര്‍ കുടുംബത്തോടൊപ്പം

ആ വാര്‍ത്ത പുറത്തുവിട്ടത് കുടുംബത്തോടൊപ്പം; ഈ യാത്ര ഇത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന് ആര് കരുതി: ഫെഡറര്‍

അടുത്തയാഴ്ച ആരംഭിക്കുന്ന ലേവര്‍ കപ്പ് എടിപി ചാമ്പ്യന്‍ഷിപ്പാകും ഫെഡററുടെ അവസാന ഔദ്യോഗിക ടൂർണമെന്റ്
Updated on
2 min read

ലോക കായിക പ്രേമികളെ നിരാശയിലാക്കിയ ഫെഡററുടെ വിരമിക്കൽ പ്രഖ്യാപനം വന്നത് കഴിഞ്ഞ ദിവസമാണ്. ടെന്നീസ് വേദിയിൽ ആരാധകരെ ആവേശം കൊള്ളിച്ച റാക്കറ്റ് താഴെവെയ്ക്കുന്ന വാർത്ത ഫെഡറര്‍ ലോകത്തെ അറിയിക്കുമ്പോൾ കുടുംബവും ഒപ്പമുണ്ടായിരുന്നു. താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

"അച്ഛന്റെയും അമ്മയുടെയും മിർക്കയുടെയും ഒപ്പം ആ വാർത്ത പുറത്തു വിടാനായത് മനോഹരമായിരുന്നു. ഈ യാത്ര ഇത്ര നാൾ നീണ്ട് നിൽക്കുമെന്ന് ആര് കരുതി, അവിശ്വസനീയം" -എന്നാണ് ഫെഡറർ ട്വിറ്ററിൽ കുറിച്ചത്.

ടെന്നീസിൽ ഫെഡറര്‍ക്ക് കരുത്ത് എന്നും കുടുംബം തന്നെയായിരുന്നു. കുഞ്ഞുനാളില്‍ തന്നെ ടെന്നീസിലെ കഴിവ് തിരിച്ചറിഞ്ഞ മാതാപിതാക്കളാണ് ഫെഡററുടെ കൈയില്‍ റാക്കറ്റ് വെച്ചുകൊടുത്തത്. കളിയിലെ തെറ്റും ശരിയും മാന്യതയുമൊക്കെ ഫെഡറര്‍ പഠിച്ചതും മാതാപിതാക്കളില്‍ നിന്നായിരുന്നു. 13ാം വയസിൽ പരിശീലനത്തിനിടെ തെറ്റ് ആവർത്തിച്ചതിന് പിതാവ് ശിക്ഷിച്ചതിനെ കുറിച്ച് ഫെഡറർ തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

വിവാഹ ജീവിതത്തിനും നിമിത്തമായത് ടെന്നീസ് കോര്‍ട്ടാണ്. മിറോസ്ലാവ എന്ന മിർക്കയെ ഫെഡറർ ആദ്യം കാണുന്നത് ടെന്നീസ് കോർട്ടിൽ വച്ചാണ്. സഹതാരങ്ങളായി മാറിയ ഇരുവരുടെയും ബന്ധം പിന്നീട് പ്രണയമായി. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2009ല്‍ ഇരുവരും വിവാഹിതരായി. 2002ൽ ടെന്നീസിൽ നിന്ന് വിരമിച്ചതിനുശേഷം ഫെഡററുടെ മത്സരങ്ങളിലെല്ലാം ഉപദേശകയും പബ്ലിക് റിലേഷൻസ് മാനേജരുമായി മിർക്കയും ഒപ്പമുണ്ടായിരുന്നു. കുട്ടികളായ ശേഷം അവരെയും കൂട്ടിയാണ് മിർക്ക ഫെഡററിന്റെ മത്സരങ്ങളിൽ എത്താറുള്ളത്. രണ്ട് ജോഡി ഇരട്ടക്കുട്ടികളാണ് ഇരുവർക്കും.

ഫെഡറര്‍ കുടുംബത്തോടൊപ്പം
ഇതിഹാസം കളമൊഴിയുന്നു; വിരമിക്കല്‍ പ്രഖ്യാപിച്ച് റോജര്‍ ഫെഡറര്‍

1500ലധികം മത്സരങ്ങൾ കളിച്ച ഫെഡററെ കരിയറിന്റെ അവസാനം പരുക്ക് വലച്ചിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിൽ താരത്തിന് കളത്തിലിറങ്ങാനായത് ചുരുക്കം അവസരങ്ങളിലാണ്. ശരീരത്തിന്റെ പരിമിതികൾ മനസിലാക്കിയാണ് നിര്‍ണായക തീരുമാനം എടുക്കുന്നതെന്ന് വിരമിക്കൽ പ്രഖ്യാപനത്തിൽ താരം വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. അടുത്താഴ്ച ആരംഭിക്കുന്ന ലേവര്‍ കപ്പ് എടിപി ചാമ്പ്യന്‍ഷിപ്പാകും അദ്ദേഹത്തിന്റെ അവസാന ഔദ്യോഗിക ടൂർണമെന്റ്. റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച്, സ്റ്റെഫാനോസ് സിറ്റ്സിപാസ്, കാസ്പർ റൂഡ്, ആൻഡി മറെ എന്നിവരും ഫെഡറര്‍ക്കൊപ്പം ടീം യൂറോപ്പിനുവേണ്ടി കളത്തിലിറങ്ങും.

logo
The Fourth
www.thefourthnews.in