ഒന്നാം സീഡായ ജോക്കോവിച്ച് മികച്ച പ്രകടനത്തിലൂടെ 4-6, 6-3, 6-4, 7-6 എന്ന സ്‌കോറിലാണ് കിരീടം ചൂടിയത്.
ഒന്നാം സീഡായ ജോക്കോവിച്ച് മികച്ച പ്രകടനത്തിലൂടെ 4-6, 6-3, 6-4, 7-6 എന്ന സ്‌കോറിലാണ് കിരീടം ചൂടിയത്.

സെന്റര്‍ കോര്‍ട്ടിലെ സൂപ്പര്‍ നൊവാക്

ഏഴാം വിംബിള്‍ഡണ്‍ നേടി സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച്. സ്വിസ് ഇതിഹാം റോജര്‍ ഫെഡററിന് തൊട്ടുപിന്നില്‍.
Updated on
3 min read

കൃത്യം ഒരു വര്‍ഷം മുമ്പാണ് തന്റെ ആറാം വിംബിള്‍ഡണ്‍ ചൂടി സെന്റര്‍ കോര്‍ട്ടില്‍ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച് വിജയപീഠമേറിയത്. ആ ജയം ജോക്കോവിച്ചിനെ എത്തിച്ചത് തന്റെ കാലഘട്ടത്തിലെ ഏറ്റവും ശക്തരായ രണ്ട് എതിരാളികളായ റോജര്‍ ഫെഡററിനും റാഫേല്‍ നദാലിനുമൊപ്പം 20 ഗ്രാന്‍ഡ്സ്ലാമെന്ന നേട്ടത്തിലേക്കു കൂടിയായിരുന്നു.

സെന്റര്‍ കോര്‍ട്ടില്‍ നിറഞ്ഞ കൈയടികള്‍ക്കിടയിലൂടെ കിരീടവുമായി മടങ്ങുമ്പോള്‍ ഏവരും ഉറപ്പിച്ചിരുന്നു, 21-ാം ഗ്രാന്‍ഡ്സ്ലാം അതേ വര്‍ഷം സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ വച്ച് സെര്‍ബിയന്‍ താരം ഏറ്റുവാങ്ങുമെന്ന്, ആധുനിക ടെന്നീസിലെ 'ഗോട്ട്' ആരാണെന്ന തര്‍ക്കത്തിനും താരം വിരാമമിടുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു.

ഇന്നലെ തന്റെ ഏഴാം വിംബിള്‍ഡണ്‍ നേടി സെന്റര്‍ കോര്‍ട്ടില്‍ നില്‍ക്കുമ്പോള്‍ ജോക്കോവിച്ചിന്റെ കണ്ണുകളില്‍ തെളിഞ്ഞത് അഭിമാനത്തേക്കാളുപരി ആശ്വാസമായിരുന്നു; പ്രതിസന്ധികളില്‍ വീഴാതെ ഈ നേട്ടത്തിലേക്കു നടന്നുകയറാന്‍ കഴിഞ്ഞതിലുള്ള ആശ്വാസം!

ഏതാനും നിമിഷങ്ങള്‍ വേണ്ടി വന്നു സെര്‍ബിയന് ഒന്നു നിറഞ്ഞു ചിരിക്കാന്‍, ഫൈനലില്‍ എതിരാളിയായിരുന്ന നിക്ക് കിര്‍ഗിയോസിനൊപ്പം തമാശ പങ്കുവയ്ക്കാന്‍, ചെയര്‍ അമ്പയറുമായി ആശയവിനിമയം നടത്താന്‍.

കഴിഞ്ഞ 12 മാസം പ്രതിസന്ധികളുടെ ഇരുട്ടിലായിരുന്നു ജോക്കോ. മരിച്ചു മരവിച്ച അവസ്ഥയിലെന്നുപോലും തോന്നിപ്പിച്ചു ചിലപ്പോള്‍.

സെന്റര്‍കോര്‍ട്ടിലെ ഓരോ പുല്‍നാമ്പിനും മനസിലാകുമായിരുന്നു ആ സമയം സെര്‍ബിയന്‍ താരത്തിന്റെ മനസിലുരുത്തിരിഞ്ഞ വികാരവിക്ഷോഭങ്ങള്‍. കഴിഞ്ഞ 12 മാസം പ്രതിസന്ധികളുടെ ഇരുട്ടിലായിരുന്നു ജോക്കോ. മരിച്ചു മരവിച്ച അവസ്ഥയിലെന്നുപോലും തോന്നിപ്പിച്ചു ചിലപ്പോള്‍.

പ്രതിസന്ധികളെല്ലാം സ്വയം വരുത്തിവച്ചതാണെന്നതും ശ്രദ്ധേയമാണ്. അപൂര്‍ണമായ കോവിഡ് പരിശോധാ ഫലങ്ങള്‍, അന്ധമായ വാക്‌സിന്‍ വിരോധം, കോവിഡ് പോസിറ്റീവ് ആണെന്നു വ്യക്തമായി ദിവസങ്ങള്‍ക്കുള്ളില്‍ മാസ്‌ക് ധരിക്കാതെ നടത്തിയ അഭിമുഖം... സ്വന്തം തീരുമാനങ്ങള്‍ കരിയറിനുമേല്‍ കരിനിഴല്‍ വീഴ്ത്തിയ 12 മാസങ്ങള്‍.

വാക്‌സിന്‍ വിരോധത്തെത്തുടര്‍ന്ന് ജോക്കോ ഓസ്‌ട്രേലിയന്‍ മണ്ണില്‍ നിന്ന് നാട് കടത്തപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജയിച്ച് നദാല്‍ 21-ാം ഗ്രാന്‍ഡ്സ്ലാം നേടി മുന്നില്‍ക്കയറിയത്. പിന്നീട് തന്റെ വിയര്‍പ്പ് വീണു ചുവന്ന റോളണ്ട് ഗാരോസിലെ കളിമണ്ണില്‍ നിന്ന് നദാല്‍ 22-ാം ഗ്രാന്‍സ്ലാമും കണ്ടെത്തി.

അതേസമയം തന്റെ 35-ാം പിറന്നാള്‍ ദിനത്തില്‍ ഫ്രഞ്ച് ഓപ്പണില്‍ കളി തുടങ്ങിയ ജോക്കോയ്ക്ക് നദാലിനെ തടയാനായില്ല. ക്വാര്‍ട്ടറില്‍ സ്പാനിഷ് കരുത്തറിഞ്ഞു മടങ്ങേണ്ടി വന്നു. ഇതിനിടെ മറ്റൊരു വാര്‍ത്തയും ജോക്കോയെ തേടിയെത്തി 'വാക്‌സിന്‍ എടുക്കാത്ത വിദേശ അത്‌ലറ്റുകളെ യു.എസ്. മണ്ണില്‍ പ്രവേശിപ്പിക്കില്ല'.

നിക് കിര്‍ഗിയോസിനെതിരേ(വലത്) മൂന്നു മണിക്കൂര്‍ ഒരു മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ വെറും 17 അണ്‍ഫോഴ്‌സ്ഡ് എറര്‍ മാത്രമാണ് ജോക്കോവിച്ച് വരുത്തിയത്.
നിക് കിര്‍ഗിയോസിനെതിരേ(വലത്) മൂന്നു മണിക്കൂര്‍ ഒരു മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ വെറും 17 അണ്‍ഫോഴ്‌സ്ഡ് എറര്‍ മാത്രമാണ് ജോക്കോവിച്ച് വരുത്തിയത്.

യു.എസ്. ഓപ്പണ്‍ കളിക്കാനാകില്ലെന്ന് അതോടെ ഉറപ്പായി. ഈ സാഹചര്യത്തില്‍ കലണ്ടര്‍ വര്‍ഷം ഒരു ഗ്രാന്‍ഡ് സ്ലാമെങ്കിലും നേടണമെങ്കില്‍ ഓള്‍ ഇംഗ്ലണ്ട് ക്ലബില്‍ ജയിച്ചേ തീരൂയെന്ന കടുത്ത സമ്മര്‍ദ്ദത്തിലാണ് ജോക്കോ വിംബിള്‍ഡണിനെത്തിയത്. 2008-ല്‍ തന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം നേടിയ ശേഷം വെറും മൂന്നേ മൂന്നു തവണ(2009, 2010, 2017) മാത്രമാണ് ജോക്കോ കലണ്ടര്‍ വര്‍ഷത്തില്‍ വെറുംകൈയോടെ മടങ്ങിയിട്ടുള്ളത്.

അതിനാല്‍ത്തന്നെ 18 ഇഞ്ച് ഉയരമുള്ള 'പൈനാപ്പിള്‍ ട്രോഫി'യോട് കൊതി ഏറെയായിരുന്നു ജോക്കോയ്ക്ക്. പക്ഷേ അതിലേക്കുള്ള രണ്ടാഴ്ച നീണ്ട യാത്ര കഠിനമായിരുന്നു, ഒരുപക്ഷേ ആ കരിയറിലെ തന്നെ ഏറ്റവും കഠിനം. ഒന്നാം റൗണ്ടില്‍ ഉള്‍പ്പടെ ഏഴില്‍ അഞ്ചു മത്സരങ്ങളിലും സെറ്റുകള്‍ നഷ്ടപ്പെടുത്തി. ഫോമിലല്ലെന്നും സമ്മര്‍ദ്ദത്തിലാണെന്നുമുള്ള അടക്കംപറച്ചിലുകള്‍ ഉയര്‍ന്നുകേള്‍ക്കാന്‍ തുടങ്ങി.

നിക് കിര്‍ഗിയോസിനെതിരായ ജയം ആഘോഷിക്കുന്ന നൊവാക് ജോക്കോവിച്ച്.
നിക് കിര്‍ഗിയോസിനെതിരായ ജയം ആഘോഷിക്കുന്ന നൊവാക് ജോക്കോവിച്ച്.

എന്നാല്‍ കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തതയാണ് ജോക്കോയില്‍ തെളിഞ്ഞുകണ്ടത്. ഇന്നലെ സെന്റര്‍ കോര്‍ട്ടില്‍ സെര്‍ബിയന്‍ താരത്തെ മികച്ച പ്രകടനം കൊണ്ട് സമ്മര്‍ദ്ദത്തിലാക്കിയ ഓസ്‌ട്രേലിയയുടെ 27-കാരന്‍ പയ്യന്‍ നിക്ക് കിര്‍ഗിയോസിന് അറിയില്ലായിരുന്നു തന്റെ ചെയ്തി തിരിച്ചടിയാകുമെന്ന്.

കാര്യം മനസിലായി വന്നപ്പോഴേക്കും സൂര്യന്‍ താഴ്ന്നിറങ്ങിയ സെന്റര്‍ കോര്‍ട്ടിലെ സ്‌കോര്‍ ബോര്‍ഡില്‍ 4-6, 6-3, 6-4, 7-6 എന്ന സ്‌കോര്‍ ലൈന്‍ തെളിഞ്ഞിരുന്നു. വെറും 31 മിനിറ്റില്‍ 6-4ന് ആദ്യ സെറ്റ് നേടുമ്പോള്‍ കിര്‍ഗിയോസിനൊപ്പം ഗ്യാലറിയും വിശ്വസിച്ചു, ഈ ദിനം ജോക്കോവിച്ചിന്റേതല്ല!

കിര്‍ഗിയോസിന്റെ സര്‍വുകളില്‍ നിന്നു വെറും അഞ്ചു പോയിന്റ് മാത്രമാണ് ആദ്യ സെറ്റില്‍ ജോക്കോയ്ക്ക് കണ്ടെത്താനായത്. അണ്‍ഫോഴ്‌സ്ഡ് എററുകള്‍, ഡബിള്‍ ഫോള്‍ട്ടുകള്‍... ഫോമിന്റെ നിഴലില്‍ എന്ന് ആരാധകര്‍ വിധിയെഴുതാന്‍ ഇതില്‍ക്കൂടുതല്‍ എന്തു വേണം?

തുടര്‍ച്ചയായ നാലാം വിംബിള്‍ഡണ്‍ കിരീടനേട്ടത്തിലൂടെ ആകെ ഗ്രാന്‍ഡ് സ്ലാം കിരീട ജയം 21 ആക്കി ഉയര്‍ത്താനും ജോക്കോവിച്ചിനായി.
തുടര്‍ച്ചയായ നാലാം വിംബിള്‍ഡണ്‍ കിരീടനേട്ടത്തിലൂടെ ആകെ ഗ്രാന്‍ഡ് സ്ലാം കിരീട ജയം 21 ആക്കി ഉയര്‍ത്താനും ജോക്കോവിച്ചിനായി.

ആക്രമണമാണ് മികച്ച പ്രതിരോധമെന്ന് ഒരു സെര്‍ബിയനെയും പറഞ്ഞു പഠിപ്പിക്കേണ്ടതില്ല. രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ ഡീപ് റിട്ടേണുകളിലൂടെ പ്രതിരോധം കുടഞ്ഞെറിഞ്ഞ ആ നിമിഷം മത്സരത്തില്‍ ജോക്കോയ്ക്കുള്ള തിരിച്ചുവരവിന്റെ പാതതെളിഞ്ഞു.

വിംബിള്‍ഡണില്‍ തുടര്‍ച്ചയായ 28-ാം ജയമായിരുന്നു ഇന്നലെ ജോക്കോവിച്ചിന്റേത്.
വിംബിള്‍ഡണില്‍ തുടര്‍ച്ചയായ 28-ാം ജയമായിരുന്നു ഇന്നലെ ജോക്കോവിച്ചിന്റേത്.

ഒടുവില്‍ കോര്‍ട്ടിനകത്തും പുറത്തുമായി കടുത്ത മനോവേദന നിറഞ്ഞ 12 മാസങ്ങള്‍ക്കു ശേഷം ജോക്കോവിച്ച് നിറഞ്ഞു ചിരിച്ചു. പൊരുതി നേടിയവന്റെ ആത്മസംതൃപ്തിയും നിറഞ്ഞ മനോഹരമായ ചിരി. ഏഴുതിത്തള്ളിയ ഗ്യാലറി കൈയടികളോടെ വിളിച്ചു... സൂപ്പര്‍ നൊവാക്, സൂപ്പര്‍...

logo
The Fourth
www.thefourthnews.in