അല്‍കാരസിനെ വീഴ്ത്തി; ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍

അല്‍കാരസിനെ വീഴ്ത്തി; ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍

മൂന്നു മണിക്കൂറും 40 മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് അല്‍കാരസ് കീഴടങ്ങിയത്. സ്‌കോര്‍ 6-3, 5-7, 6-1, 6-1
Updated on
1 min read

ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയ താരമെന്ന റെക്കോഡ് നേട്ടത്തിലേക്ക് സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച് ഒരു മത്സരദൂരം കൂടി. ഞായറാഴ്ച വൈകിട്ട് റോളണ്ട് ഗാരോസിലെ കളിമണ്‍ കോര്‍ട്ടില്‍ സെര്‍ബിയന്‍ താരം ആ നേട്ടം കൊയ്‌തേക്കും.

ഇന്നു ലോക ഒന്നാം നമ്പര്‍ താരം സ്‌പെയിന്റെ കാര്‍ലോസ് അല്‍ക്കാരസിനെ തോല്‍പിച്ച് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലില്‍ കടന്നു. ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്കായിരുന്നു ജോക്കോവിച്ചിന്റെ ജയം. സ്‌കോര്‍ 6-3, 5-7, 6-1, 6-1. മൂന്നു മണിക്കൂറും 40 മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് അല്‍കാരസ് കീഴടങ്ങിയത്.

മികച്ച തുടക്കമായിരുന്നു ജോക്കോവിച്ചിന്റേത്. ആദ്യ സെറ്റ് അനായാസം സ്വന്തമാക്കാന്‍ താരത്തിനായി. എന്നാല്‍ രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ കൈക്കുഴയ്‌ക്കേറ്റ പരുക്ക് സെര്‍ബിയന്‍ താരത്തിന് തിരിച്ചടിയായി. മെഡിക്കല്‍ ടൈം ഔട്ട് എടുത്ത് ചികിത്സ തേടിയ ശേഷമാണ് പിന്നീട് ജോക്കോവിച്ച് മത്സരം പുനഃരാരംഭിച്ചത്.

കൈയ്‌ക്കേറ്റ പരുക്ക് രണ്ടാം സെറ്റില്‍ ജോക്കോവിച്ചിന്റെ പ്രകടനത്തെയും ബാധിച്ചു. എന്നാല്‍ സ്പാനിഷ് യുവതാരത്തോടു പൊരുതിനിന്ന ജോക്കോവിച്ച് 5-7 എന്ന സ്‌കോറില്‍ ടൈബ്രേക്കറിലാണ് രണ്ടാം സെറ്റ് കൈവിട്ടത്. പിന്നീട് തന്റെ പരിചയസമ്പത്ത് മുഴുവന്‍ പുറത്തെടുത്തുള്ള മിന്നുന്ന പ്രകടനമാണ് സെര്‍ബിയന്‍ താരം പുറത്തെടുത്തത്.

മൂന്നും നാലും സെറ്റുകളില്‍ അല്‍കാരസിന് യാതൊരവസരവും നല്‍കാന്‍ ജോക്കോവരിച്ച് കൂട്ടാക്കിയില്ല. 6-1 എന്ന സ്‌കോറില്‍ മൂന്നും നാലും സെറ്റുകള്‍ സ്വന്തമാക്കിയ താരം തന്റെ ഏഴാം ഫ്രഞ്ച് ഓപ്പണ്‍ ഫൈനല്‍ ബെര്‍ത്ത് സ്വന്തമാക്കുകയും ചെയ്തു.

ഇന്നു നടക്കുന്ന രണ്ടാം സെമിഫൈനലില്‍ അലക്‌സാണ്ടര്‍ സെവ്‌രെവ്-കാസ്പര്‍ റൂഡ് പോരാട്ടത്തിലെ വിജയിയെയാണ് ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ജോക്കോവിച്ച് നേരിടുക. ഫൈനല്‍ ജയിക്കാനായാല്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്‌സ്‌ളാം നേടിയ താരമെന്ന റെക്കോഡും ജോക്കോവിച്ചിനു സ്വന്തമാകും. നിലവില്‍ 22 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുമായി ജോക്കോവിച്ചും സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാലും ഒപ്പത്തിനൊപ്പമാണ്.

logo
The Fourth
www.thefourthnews.in