വിംബിള്‍ഡണ്‍: ജോക്കോവിച്ചിന് 'റെക്കോഡ്' സെമിപ്രവേശനം, ഫെഡറര്‍ക്കൊപ്പം

വിംബിള്‍ഡണ്‍: ജോക്കോവിച്ചിന് 'റെക്കോഡ്' സെമിപ്രവേശനം, ഫെഡറര്‍ക്കൊപ്പം

ജയത്തോടെ കരിയറിലെ 46-ാം ഗ്രാന്‍ഡ്സ്ലാം സെമിഫൈനല്‍ ബെര്‍ത്താണ് ജോക്കോവിച്ച് ഉറപ്പാക്കിയത്.
Updated on
1 min read

വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗം സിംഗിള്‍സിന്റെ അവസാന നാലില്‍ ഇടംപിടിച്ച് നിലവിലെ ചാമ്പ്യന്‍ നൊവാക് ജോക്കോവിച്ച്. ഇന്നു പുലര്‍ച്ചെ സമാപിച്ച ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഏഴാം സീഡ് റഷ്യയുടെ ആന്ദ്രെ റൂബ്ലേവിനെയാണ് ജോക്കോവിച്ച് തുരത്തിയത്. ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്കായിരുന്നു സെര്‍ബിയന്‍ താരത്തിന്റെ ജയം. സ്‌കോര്‍ 4-6, 6-1, 6-4, 6-3.

ജയത്തോടെ കരിയറിലെ 46-ാം ഗ്രാന്‍ഡ്സ്ലാം സെമിഫൈനല്‍ ബെര്‍ത്താണ് ജോക്കോവിച്ച് ഉറപ്പാക്കിയത്. ഇതോടെ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം സെമിഫൈനലുകള്‍ കളിക്കുന്ന താരമെന്ന സ്വിസ് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററുടെ റെക്കോഡിനൊപ്പമെത്താനും ജോക്കോയ്ക്കായി. വിംബിള്‍ഡണില്‍ ജോക്കോയുടെ തുടര്‍ച്ചയായ 33-ാം ജയം കൂടിയായിരുന്നു ഇത്.

മത്സരത്തിന്റെ ആദ്യ സെറ്റ് 4-6 എന്ന സ്‌കോറില്‍ കൈവിട്ട ശേഷമായിരുന്നു ജോക്കോയുടെ ഗംഭീര തിരിച്ചുവരവ്. ഈ ചാമ്പ്യന്‍ഷിപ്പില്‍ ഇതാദ്യമായാണ് ജോക്കോവിച്ച് ഒരു മത്സരത്തില്‍ ആദ്യ സെറ്റ് കൈവിടുന്നത്.

എന്നാല്‍ പിന്നീട് സെര്‍ബിയന്‍ താരത്തിന്റെ ഗംഭീര പ്രകടനത്തിനാണ് കാണികള്‍ സാക്ഷ്യം വഹിച്ചത്. രണ്ടാം സെറ്റ് 6-1 എന്ന സ്‌കോറില്‍ വെറും 38 മിനിറ്റിനുള്ളില്‍ സ്വന്തമാക്കിയ താരം തുടര്‍ന്ന് 6-4 എന്ന സ്‌കോറിന് മൂന്നാം സെറ്റും 6-3 എന്ന സ്‌കോറിന് നാലാം സെറ്റും സ്വന്തമാക്കി സെമി ബെര്‍ത്ത് ഉറപ്പാക്കി.

മത്സരത്തില്‍ അഞ്ചു തവണയാണ് റഷ്യന്‍ താരത്തിന്റെ സര്‍വീസ് ജോക്കോവിച്ച് ഭേദിച്ചത്. സെമിയില്‍ ഇറ്റലിയുടെ എട്ടാം സീഡ് താരം യാനിക് സിന്നര്‍ ആണ് ജോക്കോവിച്ചിന്റെ എതിരാളി. ക്വാര്‍ട്ടറില്‍ റഷ്യന്‍ താരം റോമന്‍ സാഫിയ്യുലിനെയാണ് സിന്നര്‍ തോല്‍പിച്ചത്.

logo
The Fourth
www.thefourthnews.in