യു എസ് ഓപ്പൺ : വനിതാ സിംഗിൾസ് ഫൈനലിൽ ഇഗ സ്വിയാടെക് - ഓൻസ് ജാബ്യൂർ പോരാട്ടം
യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ ഇഗ സ്വിയാടെക് ഓൻസ് ജാബ്യൂറും ഏറ്റുമുട്ടും. ഇരുവരുടെയും കന്നി യു എസ് ഓപ്പൺ ഫൈനലാണിത്. ഞായറാഴ്ച പുലർച്ചെ 1 30 ആണ് ഫൈനൽ. ഇരുവരുടെയും ഈ വർഷത്തെ രണ്ടാം ഗ്രാൻഡ്സ്ലാം ഫൈനലാണിത്.
ലോക ഒന്നാം നമ്പർ താരമായ ഇഗ സെമിയിൽ ബെലാറസിന്റെ അരിന സബലെങ്കയെ പരാജയപ്പെടുത്തി. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷമാണ് ഇഗയുടെ തിരിച്ചുവരവ്. സ്കോർ 3-6, 6-1, 6-4. ഇഗയുടെ കരിയറിലെ മൂന്നാം ഫൈനലാണ് ഇത്. യു എസ് ഓപ്പൺ വനിതാ വിഭാഗം ഫൈനലിലെത്തിയ ആദ്യ പോളണ്ട് താരവുമായി ഇതോടെ ഇഗ. 2020, 2022 ഫ്രഞ്ച് ഓപ്പൺ ജേതാവാണ് ഇഗയുടെ ക്ലേകോർട്ടിന് പുറത്തുള്ള ആദ്യ ഫൈനലാണ് ഇത്.
കരിയറിലെ രണ്ടാം ഗ്രാൻഡ് സ്ലാം ഫൈനൽ കളിക്കാൻ തയ്യാറെടുക്കുന്ന ഓൻസ് ജാബ്യൂർ സെമിയിൽ ഫ്രാൻസിന്റെ കരോളിൻ ഗാർഷ്യയെയാണ് തോൽപ്പിച്ചത്. 6-1, 6-3 എന്ന സ്കോറിനാണ് ടുണീഷ്യൻ താരത്തിന്റെ വിജയം. ഈ വർഷത്തെ വിംബിൾഡൺ റണ്ണറപ്പായ ജാബ്യൂറിന്റെ രണ്ടാം ഗ്രാൻസ്ലാം ഫൈനലാണ് ഇത്. യു എസ് ഓപ്പൺ ഫൈനലിലെത്തുന്ന ആദ്യ വടക്കേ ആഫ്രിക്കൻ, അറബ്, ടുണീഷ്യൻ താരമാണ് ഓൻസ് ജാബ്യൂർ.
ഇതിനുമുൻപ് നാല് വട്ടം ഇരുതാരങ്ങളും നേർക്കുനേർ വന്നപ്പോൾ. ഇരുവരും രണ്ട് ജയങ്ങൾ നേടി ഒപ്പത്തിനൊപ്പമാണ്. അവസാനമായി 2022ൽ ഇറ്റാലിയൻ ഓപ്പണിൽ ഏറ്റുമുട്ടിയപ്പോൾ നേരിട്ടുള്ള സെറ്റുകൾക്ക് ഇഗയ്‌ക്കൊപ്പമായിരുന്നു ജയം.