'സിന്‍'സേഷണല്‍! ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം യാന്നിക് സിന്നറിന്, ആദ്യ ഗ്രാന്‍ഡ് സ്ലാം

'സിന്‍'സേഷണല്‍! ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം യാന്നിക് സിന്നറിന്, ആദ്യ ഗ്രാന്‍ഡ് സ്ലാം

ഇത് മൂന്നാം തവണയാണ് മെദ്‍വദേവ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ പരാജയപ്പെടുന്നത്
Updated on
1 min read

ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ്‌ കിരീടം ഇറ്റാലിയന്‍ താരം യാന്നിക് സിന്നറിന്. ഫൈനലില്‍ റഷ്യയുടെ ഡാനീല്‍ മെദ്‍വദേവിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിലായിരുന്നു പരാജയപ്പെടുത്തിയത്. സ്കോർ 3-6, 3-6, 6-4, 6-4, 6-3. സിന്നറിന്റെ കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. ഇത് മൂന്നാം തവണയാണ് മെദ്‍വദേവ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ പരാജയപ്പെടുന്നത്.

ആദ്യ രണ്ട് സെറ്റുകളിലും ജോക്കോവിച്ചിന് മുകളില്‍ ആധിപത്യം സ്ഥാപിച്ച സിന്നറിനെയായിരുന്നില്ല കണ്ടത്. ഡാനീല്‍ മെദ്‍വദേവിന്റെ മികവിന് മുന്നില്‍ സിന്നർ കീഴടങ്ങി. 6-3, 6-3 എന്ന സ്കോറിലായിരുന്നു ആദ്യ രണ്ട് സെറ്റുകള്‍ മെദ്‍വദേവ് നേടിയത്.

എന്നാല്‍ മൂന്നാം സെറ്റില്‍ സിന്നർ തിരിച്ചുവരവ് നടത്തി. 4-4 എന്ന നിലയില്‍ ഒപ്പമെത്തിയതിന് ശേഷം 6-4നായിരുന്നു സിന്നർ സെറ്റ് നേടിയത്. നാലാം സെറ്റിലും സിന്നർ പോരാട്ടം ആവർത്തിച്ചു. സമാനമായി 6-4ന് നാലാം സെറ്റും പിടിച്ചെടുത്തു.

തുടരെ രണ്ട് സെറ്റ് നഷ്ടമായതോടെ ആത്മവിശ്വാസം നഷ്ടപ്പെട്ട മെദ്‍‌വദേവിനെയായിരുന്നു കോർട്ടില്‍ കണ്ടത്. 6-3ന് അഞ്ചാം സെറ്റിനൊപ്പം കിരീടവും സിന്നർ നേടി.

'സിന്‍'സേഷണല്‍! ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം യാന്നിക് സിന്നറിന്, ആദ്യ ഗ്രാന്‍ഡ് സ്ലാം
ഒന്നൊന്നര ക്ലാസ്; 43-ാം വയസില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സ് കിരീടം നേടി ബൊപ്പണ്ണ

സെമി ഫൈനലില്‍ ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ കീഴടക്കിയാണ് മെദ്‍വദേവ് ഫൈനലില്‍ കടന്നത്. സ്കോർ 5-7, 3-6, 7-6, 7-6, 6-3. മെദ്‍വദേവിന്റെ അസാമാന്യ ചെറുത്തുനില്‍പ്പിനും പോരാട്ടവീര്യത്തിനുമായിരുന്നു റോഡ് ലേവർ അറീന സാക്ഷ്യം വഹിച്ചത്. ആദ്യ രണ്ട് സെറ്റുകള്‍ സ്വരേവിന് മുന്നില്‍ അടിയറവ് പറഞ്ഞതിന് ശേഷമായിരുന്നു താരത്തിന്റെ തിരിച്ചുവരവ്.

ലോക ഒന്നാം നമ്പർ താരവും നിലവിലെ ചാമ്പ്യനുമായ നൊവാക് ജോക്കോവിച്ചിനെ കീഴടക്കിയായിരുന്നു സിന്നറിന്റെ ഫൈനല്‍ പ്രവേശനം. 6-1, 6-2, 6-7, 6-3 എന്ന സ്കോറിനായിരുന്നു വിജയം. ആദ്യ രണ്ട് സെറ്റുകള്‍ അനായാസം നേടിയ സിന്നറിനെതിരെ മൂന്നാം സെറ്റില്‍ ജോക്കോവിച്ച് തനതുരീതിയില്‍ തിരിച്ചുവന്നു. എന്നാല്‍ നാലാം സെറ്റ് സ്വന്തമാക്കിക്കൊണ്ട് 25-ാം ഗ്രാന്‍ഡ് സ്ലാം എന്ന ജോക്കോയുടെ സ്വപ്നം സിന്നർ തകർക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in